Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ കുരങ്ങിന് ആര് കുരുക്ക് കെട്ടും ?

കാട്ടുകുരങ്ങ്

ന്യൂഡൽഹി ∙ നഗരത്തിലെ കുരങ്ങുശല്യം ദിവസംതോറും വഷളാകുന്നതായി ഹൈക്കോടതി. കുരങ്ങുകളുടെ എണ്ണം വർധിച്ചുവരുന്നുവെന്നും ഇതു ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും നിരീക്ഷിച്ച കോടതി വിഷയത്തിനു പരിഹാരം കാണാൻ കേന്ദ്രത്തിനു മുന്നിൽ പദ്ധതി സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.

ഡൽഹി സർക്കാർ സമർപ്പിക്കുന്ന പദ്ധതി ഗൗരവത്തോടെ കാണാനും ആവശ്യമായ തുക അനുവദിക്കാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും നിർദേശം നൽകി. നഗരത്തിലെ ഇരുപത്തയ്യായിരത്തോളം കുരങ്ങുകളെ വന്ധ്യംകരിക്കാനായി 23.5 കോടി രൂപ ആവശ്യമാണെന്നു സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഇതു പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു സമർപ്പിച്ചിരുന്നുവെന്നും എന്നാൽ തുകയുടെ കാര്യം പുനഃപരിശോധിക്കാനാണ് നിർദേശിച്ചതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കോടതി നിർദേശത്തെ തുടർന്ന് ആദ്യഘട്ട തുക ഉടൻ അനുവദിക്കുമെന്നു കേന്ദ്രം അറിയിച്ചു.

ഇതോടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നു സംസ്ഥാന സർക്കാരും കോടതിയിൽ വ്യക്തമാക്കി. കുരങ്ങ് പെരുകുന്നതിനു പരിഹാരം കാണാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കണമെന്നു കോടതി നിർദേശിച്ചു. അഭിഭാഷകയായ മീര ഭാട്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

related stories