Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിതുമ്പൽ നാടകം, ഹൈക്കമാൻഡിന്റെ ഇടപെടൽ; കുമാരസ്വാമിക്കു ചാഞ്ചാട്ടം?

സി.കെ. ശിവാനന്ദൻ
kumaraswamy-cried-siddaramiah കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി വിതുമ്പിയപ്പോൾ; മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

സമ്മർദ്ദങ്ങൾക്കു വഴങ്ങി താൻ മുഖ്യമന്ത്രി ആകരുതായിരുന്നെന്നു കർണാടക മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറയുമ്പോൾ കർണാടക വീണ്ടും രാഷ്ട്രീയ മാറ്റങ്ങൾക്കു വേദിയാകുമോ എന്ന പ്രതീതിയുണ്ടായി. പൊതുചടങ്ങിനിടെ കുമാരസ്വാമി വിതുമ്പിക്കൊണ്ടു പറഞ്ഞ വാക്കുകൾ ദേശീയ ശ്രദ്ധ നേടി. കോൺഗ്രസിനോടു സഖ്യമുണ്ടാക്കി മുഖ്യമന്ത്രിപദത്തിൽ എത്തിയപ്പോൾ താൻ തികഞ്ഞ സന്തോഷത്തിലായിരിക്കുമെന്നാണു നിങ്ങൾ കരുതുന്നതെന്ന് അണികളോടു പറഞ്ഞാണ് അവരുടെ കുമാരണ്ണൻ വിതുമ്പിയത്. മുഖ്യമന്ത്രിപദം മുൾക്കിരീടമാണെന്ന സൂചനയാണു നേതാവ് അണികൾക്കു നൽകിയത്. വിഷം വിഴുങ്ങിയ പരമേശ്വരന്റെ അവസ്ഥയെന്നാണു സ്വയം വിശേഷിപ്പിച്ചത്.

എന്നാൽ വികാരത്തിനടിമപ്പെട്ടു താൻ അങ്ങനെ പറയരുതായിരുന്നെന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി വ്യക്തമാക്കി. ഇപ്പോൾ അതിൽ ഖേദം തോന്നുന്നുണ്ടെന്നും. കർണാടകയിൽവച്ചുണ്ടായ വിതുമ്പൽ നാടകം തിരുത്തുന്നതിനു ഡൽഹി വേദിയായെന്നതാണു ശ്രദ്ധേയം. ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയെ കാണാൻ കോൺഗ്രസ് ഹൈക്കമാൻഡ്തന്നെ പ്രതിനിധിയെ അയച്ചു. എന്തു വന്നാലും ഭരണം മുന്നോട്ടു കൊണ്ടുപോകണമെന്ന ഹൈക്കമാൻഡ് നിർദേശം വന്നതോടെയാകണം കുമാരസ്വാമിയുടെ നിലപാടിൽ മയം വന്നത്.

കടുത്ത സമ്മർദത്തിൽ

കുമാരസ്വാമിക്കു കർണാടകയിലെ കോൺഗ്രസ് നേതാക്കളിൽ ചിലർതന്നെ തലവേദന സൃഷ്ടിക്കുന്നതായി കോൺഗ്രസ് നേതാവ് കെ.ബി. കോളിവാഡ് കഴിഞ്ഞദിവസം വ്യക്തമാക്കി. നേതാവിന്റെ പേരു പറയാതെ അദ്ദേഹം ഉന്നയിച്ച ഒളിയമ്പ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾക്കെതിരെ ആയിരുന്നു. മുഖ്യമന്ത്രിക്കു സുഗമമായ ഭരണത്തിന് അവസരം നൽകുന്നില്ല ഈ നേതാക്കളെന്ന നിലപാടാണു കോളിവാഡിന്റേത്.

ഉടക്ക് ധനകാര്യത്തിൽ

കഴിഞ്ഞ മേയിൽ സഖ്യ മന്ത്രിസഭയുണ്ടാക്കിയ ശേഷം വകുപ്പു നിർണയത്തിൽ ധനവകുപ്പു ലഭിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ കുമാരസ്വാമി അതിനു വഴങ്ങിയില്ല. ധനവകുപ്പു കയ്യാളുന്ന മുഖ്യമന്ത്രി ഈ മാസമാദ്യം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനു നീക്കിവച്ച തുക ആരുടെയും കണ്ണു തള്ളിക്കുന്നതായിരുന്നു. 34,000 കോടി രൂപ. ഇതിനു പുറമെ ഈ ആവശ്യത്തിലേക്കു സഹകരണ സ്ഥാപനങ്ങളിൽനിന്നു 10,700 കോടി രൂപ ലഭ്യമാക്കുമെന്നുകൂടി ബജറ്റിൽ മുഖ്യമന്ത്രി പറഞ്ഞുവച്ചു. കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നു കർഷകരുടെ പാർട്ടിയെന്നവകാശപ്പെടുന്ന ജനതാദളിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. എന്നാൽ ഇത്രയും വലിയൊരു സാമ്പത്തിക ഭാരം സംസ്ഥാന ഖജനാവിനു മേൽ ഏൽപിക്കുന്നതിനോടു സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കു പ്രകടമായ എതിർപ്പുണ്ട്. ഇതടക്കമുള്ള ഭരണകാര്യങ്ങളിൽ കോൺഗ്രസ് തനിക്കുമേൽ കടുത്ത സമ്മർദം ചെലുത്തുന്നതായി കുമാരസ്വാമി കരുതുന്നു. ഇതിനാലാണു ജനതാദൾ പ്രവർത്തകർക്കു മുന്നിൽ മുഖ്യമന്ത്രിപദത്തിന്റെ ഭാരത്തെക്കുറിച്ചു പറഞ്ഞു കുമാരസ്വാമി വിതുമ്പിയതും.

മാനം തെളിഞ്ഞു, തൽക്കാലത്തേക്ക്

മഴമേഘങ്ങൾ നീങ്ങിയ അവസ്ഥയാണിപ്പോൾ കർണാടക ഭരണ സഖ്യത്തിൽ തൽക്കാലത്തേക്കെങ്കിലും. എത്ര നാൾ ഇതു നീളുമെന്നതു വ്യക്തവുമല്ല. കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടി നിലമുഴുന്നതുപോലെയെന്നു രാഷ്ട്രീയ നിരീക്ഷകർ പരിഹസിക്കുന്ന ജനതാദൾ–കോൺഗ്രസ് സഖ്യത്തിനു പക്ഷേ, പ്രശ്നങ്ങളില്ലാതെ കൂടുതൽ മുന്നോട്ടു പോകാനാകുമെന്നു മിക്കവരും കരുതുന്നില്ല. ആശയപരമായ ഐക്യമില്ലായ്മതന്നെയാണു പ്രധാന കാരണം. ഒരുതരം നീക്കുപോക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമാകും കുറച്ചുകാലത്തേക്കെങ്കിലും ഭരണമെന്നു ചുരുക്കം.

സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തിനു വലിയ വില കൽപിക്കാതെ കോൺഗ്രസ് ഹൈക്കമാൻഡ് കുമാരസ്വാമിയുമായി അനുരഞ്ജനത്തിനു പോകുന്നതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയെന്നതാണത്. എന്തിനു വേണ്ടിയാണോ സഖ്യമുണ്ടാക്കിയത്, ആ നില തുടരണമെന്ന ആഗ്രഹം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാൽതന്നെ വിട്ടുവീഴ്ചകൾക്കു തയാറാകണമെന്നാണു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡ് നൽകുന്ന സന്ദേശം. ഇതു തൽക്കാലത്തേക്കെങ്കിലും കുമാരസ്വാമിക്ക് അനുഗ്രഹവുമാകും.

ദേവെഗൗഡയുടെ പങ്ക്

കഴിഞ്ഞ ദിവസം ‍ഡൽഹിയിൽ കൗതുകകരമായ ഒരു കാര്യമുണ്ടായി.. എച്ച്.ഡി. ദേവെഗൗഡയെന്ന മുൻ പ്രധാനമന്ത്രിയും ഭാര്യ ചന്നമ്മയും ചരിത്രത്തിലാദ്യമായി കർണാടക ഭവനിലെത്തി. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമെല്ലാമായിരുന്നിട്ടും ദേവെഗൗഡ ഡൽഹിയിലെ കർണാടക ഭവനിൽ കാലുകുത്തിയിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണതു സംഭവിച്ചത്. മകൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഈ വൃദ്ധ ദമ്പതികൾ കർണാടക ഭവനിലെത്തി. കുമാരസ്വാമിയുടെ വിതുമ്പലും ദേവെഗൗഡ മകനോടൊപ്പം ഡൽഹിയിലെത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കു ദേവെഗൗഡ നൽകിയ ഉറപ്പാണു ബിജെപിയെ ഭരണത്തിൽനിന്നകറ്റാനായി ജനതാദൾ–കോൺഗ്രസ് സഖ്യത്തിലെത്തിയത്. അതു തകരാതിരിക്കാനുള്ള ഉത്തരവാദിത്തം തീർച്ചയായും തന്റേതു കൂടിയാണെന്നു ദേവെഗൗഡ കരുതുന്നുണ്ടാകും.

കുമാരസ്വാമി 2006ൽ ബിജെപിക്കൊപ്പം പോയി സഖ്യമുണ്ടാക്കിയ സംഭവം മതേതാരവാദിയായ ദേവെഗൗഡയ്ക്കുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. അതാവർത്തിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുമെന്ന വിശ്വാസം കോൺഗ്രസിനുമുണ്ടാകും.

കുമാരസ്വാമിക്കു ചാഞ്ചാട്ടം

കുമാരസ്വാമി പ്രായോഗിക രാഷ്ട്രീയക്കാരനാണ്. ഭരണത്തിൽ തുടരാനും നീക്കുപോക്കുകൾക്കും കൂടുതൽ സുഖം ബിജെപി, പ്രത്യേകിച്ചു ബി.എസ്. യെഡിയൂരപ്പയാണെന്ന തോന്നൽ അദ്ദേഹത്തിനുണ്ടാകും. മുൻപ് 20 മാസം യെഡിയൂരപ്പയ്ക്കൊപ്പം ഭരണം പങ്കിട്ടതിന്റെ പരിചയസമ്പത്തും അതിനു കാരണമാകും. എന്തുവന്നാലും അധികാരത്തിലെത്തണമെന്ന ആഗ്രഹവുമായി യെഡിയൂരപ്പ നിൽക്കുന്നതും കുമാരസ്വാമി എന്നെങ്കിലും തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൊണ്ടുകൂടിയാകും. ഇതു കോൺഗ്രസ് ഹൈക്കമാൻഡിനും നന്നായറിയാം. അതിനാലാണവർ ദേവെഗൗഡയുടെ പിന്തുണ ഉറപ്പാക്കുന്നത്. എന്നെങ്കി്ലും കോൺഗ്രസുമായി പിണങ്ങുന്ന സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും ബിജെപി–കുമാരസ്വാമി സഖ്യഭരണമുണ്ടായിക്കൂടെന്നുമില്ല.

ഭാഗ്യം തേടി യെഡിയൂരപ്പ

ഭാഗ്യം തേടി യെഡിയൂരപ്പ കഴിഞ്ഞ ദിവസം എത്തിയതു പാലക്കാട് ചെർപ്പുളശേരി ചളവറ എന്ന സ്ഥലത്താണ്. അവിടെ ഭാവി സുരക്ഷിതമാക്കാനുള്ള മാർഗങ്ങളുപദേശിക്കുന്ന തിൽ വൈദഗ്ധ്യമുണ്ടെന്നവകാശപ്പെടുന്ന ഒരാളെ തേടിയാണ് അദ്ദേഹം എത്തിയത്. ബിജെപി നേതാവ് ശോഭ കരന്തലാജെ എംപിയും ഒപ്പമുണ്ടായിരുന്നു. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ് അടക്കം ഒട്ടേറെപേർ ഇദ്ദേഹത്തെ കാണാൻ മുൻപ് എത്തിയിട്ടുണ്ട്. ആ വഴിക്കാണു യെഡിയൂരപ്പയും ചെർപ്പുളശ്ശേരിയിലെത്തിയത്. അതായതു, തന്റെ കാലം വരാൻ യെഡിയൂരപ്പ കണക്കുകൾ കൂട്ടിയിരിപ്പാണെന്നതു വ്യക്തം. കുമാരസ്വാമി കോൺഗ്രസുമായി ശരിക്കും പിണങ്ങിയാൽ, ആ സന്ദർഭം പാഴാക്കില്ല യെഡിയൂരപ്പ.