Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്തു വീണ്ടും മഴ, വെള്ളപ്പൊക്ക ഭീഷണി; ആലപ്പുഴയിൽ ഗതാഗതതടസ്സം

Flood-Idukki എഴിക്കാട് കോളനിയിലെ മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിലൂടെ ശുദ്ധജലം ശേഖരിക്കാൻ പാത്രവുമായി നീങ്ങുന്ന യുവാവ്. ചിത്രം: അരവിന്ദ് വേണുഗോപാൽ

കോട്ടയം∙ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയർത്തി കോട്ടയത്തു മഴ. ഉച്ചയോടെയാണ് വെള്ളക്കെട്ടിലായ കോട്ടയത്തെ താഴ്ന്നപ്രദേശങ്ങളെ ആശങ്കയിലാക്കി വീണ്ടും  മഴയെത്തിയത്. ഇന്നലെ മുതൽ മഴ പെയ്യാത്തതിനെ തുടർന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങുന്നതിനിടെയാണു വീണ്ടും മഴപെയ്തത്. ഇതോടെ വെള്ളം വീണ്ടും ഉയരുമെന്ന ഭയത്തിലാണു പ്രദേശവാസികൾ. അതിനിടെ, ജലനിരപ്പ് ഉയർന്നതിനെതുടർന്ന് തെന്മല പരപ്പാർ ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നു കൊല്ലം ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു. ഡാമിൽ ജലനിരപ്പ് 114.56 അടിയായതോടെയാണ് ഷട്ടറുകൾ മൂന്നിഞ്ച് വീതം ഉയർത്തിയത്. ഡാമിന്റെ ശേഷി 115.82 മീറ്ററാണ്.

തുടർച്ചയായ അഞ്ചാം ദിവസവും എസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടാം ദിവസമാണ് പൂർണമായും ഗതാഗതം മുടങ്ങുന്നത്. ഇന്നു രാവിലെ എസി റോഡിലൂടെ സർവീസ് നടത്താൻ കെഎസ്ആർടിസി ശ്രമിച്ചെങ്കിലും തുടക്കത്തിൽത്തന്നെ വെള്ളം കയറിക്കിടക്കുന്നതിനാൽ സർവീസ് വേണ്ടെന്നു വച്ചു. കളർകോട് പക്കി ജംക്‌ഷൻ മുതൽ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങൾ എസി റോഡിൽ പ്രവേശിക്കാതിരിക്കാൻ തുടക്കത്തിൽത്തന്നെ പൊലീസ് ബാരിക്കേഡ് വച്ചിട്ടുണ്ട്.

നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി പ്രദേശങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്. എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു 10 ഷെഡ്യൂളുകൾ റദ്ദാക്കി. യാത്രക്കാരുടെ ആവശ്യം അനുസരിച്ചു കോട്ടയത്തേക്കു പോകുന്നവർക്കായി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

LIVE UPDATES
SHOW MORE
related stories