Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ ലഹരിമരുന്നു നൽകി റഷ്യൻ യുവതിയെ പീഡിപ്പിച്ചു; ആറുപേർ അറസ്റ്റിൽ

google-search-rape-victims

ചെന്നൈ ∙ തിരുവണ്ണാമലയിൽ വിനോദസഞ്ചാരത്തിന് എത്തിയ റഷ്യൻ യുവതിയെ ലഹരിമരുന്നു നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിൽ. വിദേശ യുവതി താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്റിലാണു പീഡനം നടന്നതെന്നു പൊലീസ് പറഞ്ഞു. അപ്പാർട്ട്മെന്റ് മാനേജർ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ഒരാൾ തിങ്കളാഴ്ച ഇവരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള അഞ്ചുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തതെന്നും തിരുവണ്ണാമല ടൗൺ പൊലീസ് പറഞ്ഞു. ഇവരെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്. പൊലീസ് പറയുന്നത്: ഇരുപത്തിയൊന്നുകാരിയായ റഷ്യൻ യുവതി ഒരാഴ്ച മുൻപാണു തിരുവണ്ണാമലയിൽ എത്തിയത്. ഹോട്ടലിൽ താമസിച്ചിരുന്ന അവർ തിരുവണ്ണാമലയിൽ പലയിടത്തും സഞ്ചരിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഒരാൾ ഇവരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇവർ ലഹരിമരുന്നു കഴിച്ചിരുന്നതായും പീഡനം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ശനിയാഴ്ച മുതൽ ഇവർക്കൊപ്പം ഉണ്ടായിരുന്നെന്നും തിരുവണ്ണാമലയിലെ ആശ്രമത്തിൽ യുവതിക്കൊപ്പം പോയിരുന്നെന്നും, ഇവർ ക്ഷണിച്ചതിനെ തുടർന്നാണു മുറിയിലെത്തിയതെന്നുമാണ് ആശുപത്രിയിൽ എത്തിച്ചയാൾ നൽകിയ മൊഴിയെന്നു പൊലീസ് പറഞ്ഞു. പിറ്റേന്നു മുറിയിൽ തിരികെയെത്തിയപ്പോൾ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

യുവതി അബോധാവസ്ഥയിലായിരുന്ന സമയത്തു മറ്റുള്ളവർ മാനഭംഗപ്പെടുത്തിയോ എന്ന കാര്യമാണു പൊലീസ് അന്വേഷിക്കുന്നത്. ലഹരിമരുന്നിന്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്നിന്റെ സാംപിളുകൾ കണ്ടെത്തിയിരുന്നു. ഇവ ഏതുതരം ലഹരിമരുന്നാണെന്ന് അറിയാൻ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. യുവതി തിരുവണ്ണാമല മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇവർക്കു ബോധം തെളിഞ്ഞെങ്കിലും സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും പരാതി നൽകാൻ താൽപര്യം കാണിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

വിദേശ വനിത ഉൾപ്പെട്ട സംഭവമായതിനാൽ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചാണു പൊലീസ് അന്വേഷണവുമായി മുന്നോട്ടു പോവുന്നത്. യുവതി അന്വേഷണത്തോടു കാര്യമായി സഹകരിക്കാത്തതു പൊലീസിനെ കുഴക്കുന്നുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം അടുത്ത നടപടികൾ തീരുമാനിക്കുമെന്ന് തിരുവണ്ണാമല എസ്പി ആർ.പൊന്നി പറഞ്ഞു. ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റ് അധികൃതർ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചു. ഇവരുടെ വീസ കാലാവധി ഓഗസ്റ്റ് എട്ടിന് അവസാനിക്കുമെന്നു കോൺസുലേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. 

വിദേശികളുടെ വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം 

സംഭവത്തെ തുടർന്നു തിരുവണ്ണാമലയിലും പരിസരങ്ങളിലും താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ സമർപ്പിക്കാൻ പ്രിൻസിപ്പൽ ജില്ലാ മജിസ്ട്രേട്ട് ജി.മകിഴേന്തി പൊലീസിനു നിർദേശം നൽകി. യുവതിയെ ആശുപത്രിയിൽ സന്ദർശിച്ച മജിസ്ട്രേട്ട് ഇവർക്ക് അടിയന്തര ധനസഹായം നൽകണമെന്നും നിർദേശം നൽകി. വീസ കാലാവധി കഴിഞ്ഞ വിദേശികൾ പ്രദേശത്തു തങ്ങുന്നതായി കണ്ടെത്തിയാൽ അവരെ മടക്കി അയയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മകിഴേന്തി നിർദേശിച്ചു. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഒട്ടേറെ ലോഡ്ജുകളും ഗെസ്റ്റ് ഹൗസുകളും സർവീസ് അപ്പാർട്ട്മെന്റുകളും തിരുവണ്ണാമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നു ജല്ലാ ലീഗൽ സർവീസ് അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

related stories