Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയ്ഡിൽ കലങ്ങി അണ്ണാ ഡിഎംകെ; നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ ഒപിഎസ്

PTI8_28_2017_000116B

ചെന്നൈ ∙ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയുമായി അടുത്ത ബന്ധമുള്ള റോഡ് കരാർ കമ്പനി എസ്പികെ ഗ്രൂപ്പിന്റെ ഓഫിസുകളിൽ നടന്ന ആദായനികുതി റെയ്ഡ് അണ്ണാഡിഎംകെയിലെ സമവാക്യങ്ങൾ മാറ്റിമറിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കിയതോടെ കരുത്തനായി മാറിയ എടപ്പാടിയെ റെയ്ഡ് പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതേസമയം, എടപ്പാടിക്കു കീഴിൽ രണ്ടാം സ്ഥാനക്കാരനായി മാറിയ ഒ. പനീർസെൽവം നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള അവസരമായും ഇതുപയോഗപ്പെടുത്താം. അണ്ണാഡിഎംകെയിൽ നേതൃമാറ്റത്തിനു കളമൊരുക്കാൻ ബിജെപി കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥയാണ് റെയ്ഡെന്ന വികാരവും എടപ്പാടിയുടെ വിശ്വസ്തർക്കിടയിലുണ്ട്. 

എസ്പികെ ഗ്രൂപ്പ് ഉടമ സെയ്യാദുരൈ നാഗരാജിന്റെ കമ്പനികളിൽ നടന്ന റെയ്ഡിൽ ഇതുവരെ 174 കോടി രൂപയും 105 കിലോ സ്വർണവും പിടിച്ചെടുത്തതായാണു സൂചന. കമ്പനിയുടെ പാർട്ണർമാരിലൊരാൾ എടപ്പാടിയുടെ അടുത്ത ബന്ധുവാണ്. ഇയാളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതായി സൂചനകളുണ്ടായിന്നെങ്കിലും അണ്ണാഡിഎംകെ ഇതു നിഷേധിച്ചു.

ആരോപണ വിധേയരിൽ ബന്ധുക്കളുണ്ടെന്നതു മാത്രമല്ല എടപ്പാടിയെ പ്രതിക്കൂട്ടിലാക്കുന്നത്. ഏഴു വർഷമായി പൊതുമരാമത്തു വകുപ്പ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. അതിനാൽ, കരാറുകളിലെ ക്രമക്കേടിന് ഉത്തരം പറയേണ്ട ബാധ്യതയുണ്ട്. 

നഷ്ടപ്രതാപം  തിരിച്ചു പിടിക്കാൻ ഒപിഎസ്

∙ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായ എടപ്പാടി പാർട്ടിയിലും സർക്കാരിലും സ്വന്തം പിടിമുറുക്കുന്നതിനിടെയാണ് റെയ്ഡിന്റെ രൂപത്തിൽ വെല്ലുവിളിയെത്തുന്നത്. കേന്ദ്ര സർക്കാരിനും ബിജെപി നേതൃത്വത്തിനും എടപ്പാടിയേക്കാൾ താൽപര്യം പനീർസെൽവത്തോടാണെന്നതു പരസ്യമായ രഹസ്യമാണ്. പുതിയ സാഹചര്യത്തിൽ പനീർസെൽവം നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കരുക്കൾ നീക്കിയേക്കും. 

ഒരു വർഷം മുൻപു നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ 15 അംഗ സ്റ്റിയറിങ് കമ്മിറ്റിക്കു രൂപം നൽകാൻ തീരുമാനിച്ചിരുന്നു. ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇതുവരെ കമ്മിറ്റി രൂപീകരിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല നേതൃയോഗത്തിൽ പനീർസെൽവം ഇതിനെ പരസ്യമായി ചോദ്യം ചെയ്തത് എടപ്പാടി വിഭാഗത്തെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി നിയമസഭാകക്ഷിയിൽ എടപ്പാടിക്കു നിർണായക ഭൂരിപക്ഷമുള്ളതിനാൽ പനീർസെൽവം ഉടൻ പരസ്യനിലപാടിനു തയാറായേക്കില്ലെന്നാണു വിലയിരുത്തൽ.

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

∙ എസ്പികെ ഗ്രൂപ്പ് കമ്പനികളിലെ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം അഴിമതി വിരുദ്ധ വിഭാഗത്തെ ഏൽപിക്കണമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്നും എടപ്പാടിയെ ചോദ്യം ചെയ്യണമെന്നും പിഎംകെ നേതാവ് രാംദാസ് ആവശ്യപ്പെട്ടു.  

കൊഴിഞ്ഞത് 60 ലക്ഷം അംഗങ്ങൾ

∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിൽനിന്നു കൊഴിഞ്ഞു പോയത് 60 ലക്ഷം അംഗങ്ങൾ. പാർട്ടിയുടെ അംഗത്വ വിതരണം കഴിഞ്ഞ മാസം പൂർത്തിയായപ്പോൾ പുതുക്കിയതു 90 ലക്ഷം പേരാണ്. നേരത്തേ ഇതു ഒന്നരക്കോടിയായിരുന്നു. കൊഴിഞ്ഞുപോയവരിൽ നല്ലൊരു വിഭാഗം ടി.ടി.വി. ദിനകരനൊപ്പമാണെന്നാണ് അണ്ണാഡിഎംകെയുടെ കണക്കുകൂട്ടൽ. ‌

174 കോടി കോടി രൂപ, 105 കിലോ സ്വർണം

∙ സർക്കാർ കോൺട്രാക്ടറായ എസ്പികെ ഗ്രൂപ്പ് ഉടമ സെയ്യാദുരെ നാഗരാജിന്റെ മകന്റെ മാനേജർ ഭൂമിനാഥന്റെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 28 കോടി രൂപ കണ്ടെത്തി. മൈലാപ്പൂരുള്ള ഭൂമിനാഥന്റെ വീട്ടിൽ നിന്നാണു പണം കണ്ടെത്തിയത്. 25 സഞ്ചികളിലായാണ് പണം നിറച്ചുവച്ചിരുന്നത്.

ഇതുവരെ നടന്ന പരിശോധനയിൽ 174 കോടി രൂപയും 105 കിലോ സ്വർണവും കണ്ടെത്തിയിട്ടുണ്ട്. സെയ്യാദുരെയുടെ ചെന്നൈയിലും മധുരയിലുമുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വിരുദുനഗർ ജില്ലയിലെ അർപ്പുക്കോട്ടയിലുള്ള വസതിയിൽ സെയ്യാദുരെയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.