Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിൽ 2 ലക്ഷം പേർ; 15,710 കുട്ടികൾ

Alappuzha - Rain ആലപ്പുഴയിൽ വെള്ളം കയറിയ വീടുകളിലൊന്ന്.

ആലപ്പുഴ ∙ വെള്ളപ്പൊക്കം ദുരിതം സൃഷ്ടിക്കുന്ന ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിലും താൽക്കാലിക ക്യാംപുകളിലുമായി അഭയം തേടിയതു രണ്ടുലക്ഷം പേർ. അരലക്ഷത്തിലധികം കുടുംബങ്ങളിൽ നിന്നാണ് ഇത്രയും പേർ ക്യാംപുകളിൽ കഴിയുന്നതും സർക്കാരിന്റെ ഭക്ഷണവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതും. 764 കേന്ദ്രങ്ങളിലായാണു ദുരിതാശ്വാസ ക്യാംപുകളും താൽക്കാലിക ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.

കുട്ടനാട് പൂർണമായി ക്യാംപുകളിൽ

2011 ലെ സെൻസസ് അനുസരിച്ച് കുട്ടനാട്ടിൽ 1,93,007 ആണു ജനസംഖ്യ. വെള്ളപ്പൊക്കം ബാധിച്ചതോടെ 1,10,463 പേരാണു താമസത്തിനും ഭക്ഷണത്തിനുമായി സർക്കാർ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. വെള്ളപ്പൊക്കം തുടങ്ങിയ ശേഷം കുട്ടനാട്ടിൽ‌നിന്നു സുരക്ഷിത സ്ഥാനങ്ങളിലെ ബന്ധുവീടുകളിലേക്കും മറ്റും അഭയംതേടി പോയവരുടെ എണ്ണം ഇതിൽപ്പെടുന്നില്ല. ഇതുകൂടി ഉൾപ്പെടുത്തിയാൽ ഒന്നര ലക്ഷത്തിലധികം വരും.

കുട്ടനാട്ടിൽ 13 ദുരിതാശ്വാസ ക്യാംപുകളാണു തുറന്നത്. ഇവിടെ 183 കുടുംബങ്ങളിലെ 748 പേർ കഴിയുന്നുണ്ട്. ഇതിനു പുറമെ, താൽക്കാലിക ക്യാംപുകളായും ഭക്ഷണവിതരണത്തിനായും 459 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇവിടെ 27,823 കുടുംബങ്ങളിലെ 1,10,463 പേരാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിക്കുന്ന ആകെ ജനങ്ങളുടെ പകുതിയിലധ‍ികവും കുട്ടനാട്ടുകാരാണ്.

അഭയാർഥികൾ രണ്ടു ലക്ഷം

ജില്ലയിൽ വെള്ളപ്പൊക്കവും കടലാക്രമണവും കാരണം ദുരിതാശ്വാസ  ക്യാംപുകളെ ആശ്രയിക്കുന്നവരുടെ ആകെ എണ്ണം 2,04,064 ആണ്. 50,693 കുടുംബങ്ങളിൽ നിന്നാണ് ഇത്രയധികം പേർ ദുരിതമനുഭവിക്കുന്നത്. ജില്ലയിൽ 271 ദുരിതാശ്വാസ ക്യാംപുകളും  493 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ഉൾപ്പെടെ 764 കേന്ദ്രങ്ങളാണു സഹായത്തിനായി സർക്കാർ തുറന്നിട്ടുള്ളത്.

അമ്പലപ്പുഴയിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ– 130 എണ്ണം. കാർത്തികപ്പള്ളി (76), ചേർത്തല (10), മാവേലിക്കര (13), ചെങ്ങന്നൂർ (29), കുട്ടനാട് (13 എന്നീ താലൂക്കുകളിലും ക്യാംപുകളുണ്ട്. കുട്ടനാട്ടിലെ 463 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾക്കു പുറമെ ചെങ്ങന്നൂരിൽ 30 കേന്ദ്രങ്ങൾ കൂടി തുറന്നിട്ടുണ്ട്. ജില്ലയിൽ ആകെ 271 ദുരിതാശ്വാസ  ക്യാംപുകളിലായി 20,576 കുടുംബങ്ങളിലെ 84,618 പേരാണു കഴിയുന്നത്. ഇതിൽ 15,710 പേർ കുട്ടികളാണ്.

related stories