Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദയകുമാര്‍ ഉരുട്ടിക്കൊല: പൊലീസുകാർ പ്രതികളായ കേസിൽ വിധി നാളെ

174197278

തിരുവനന്തപുരം ∙ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. ആറു പൊലീസുകാരാണു കേസിലെ പ്രതികള്‍. 2005 സെപ്റ്റംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന പേരിൽ പിടികൂടി കൊണ്ടുവന്ന ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നതായാണു കേസ്.

കേസിൽ സിബിഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കസ്‌റ്റഡിയിലായ ഉദയകുമാർ മരിച്ചതു തുടയിലെ രക്‌തധമനി പൊട്ടിയാണെന്നാണു പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. മോഷണക്കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമത്തിനിടെയാണു മരണം സംഭവിച്ചതെന്നാണു സിബിഐ നിഗമനം.

കേസിലെ 55 സാക്ഷികളിൽ 34 പേരെ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിസ്‌തരിച്ച ശേഷമാണു കേസ് തുടരന്വേഷണത്തിനായി പുതിയ ഏജൻസിയെ ഏൽപ്പിച്ചത്. കേരളത്തിന്റെ കുറ്റന്വേഷണ ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ച ആദ്യ കേസും ഇതാണ്. ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾമാരായിരുന്ന തിരുവനന്തപുരം മലയിൻകീഴ് കമലാലയത്തിൽ കെ.ജിതകുമാർ (44), നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ എസ്വി ബിൽഡിങ്ങിൽ എസ്.വി.ശ്രീകുമാർ (35), കിളിമാനൂർ തൊടുവിഴയിൽ കെ.സോമൻ (48) എന്നിവർക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

2005 ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായ സെപ്‌റ്റംബർ 27 നാണു മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാർക്കിൽനിന്നു കസ്‌റ്റഡിയിലെടുത്തത്. പല കേസുകളിലും പ്രതിയായ സുരേഷ്‌കുമാറിനെ പാർക്കിൽ കണ്ടതിലുള്ള സംശയമാണ് കസ്‌റ്റഡിയിലെടുക്കാൻ പൊലീസിനു പ്രേരണയായത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നു 4,020 രൂപ ലഭിച്ചതോടെ സംശയം ബലപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.