Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ഏറ്റുമുട്ടൽ കേസ്; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

Supreme Court

ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യത്തിലെ ഒരു വിഭാഗവും അസം റൈഫിൾ സംഘവും മണിപ്പൂരിൽ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ പ്രതികളുടെ അറസ്റ്റിൽ വീഴ്ച വരുത്തിയ സിബിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു കോടതി അനുവദിച്ച സമയം ഈ മാസം 27–ന് അവസാനിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലുകളെ സംബന്ധിച്ചു കോടതി പരിഗണിക്കുന്ന 1,528 കേസുകളിൽ നാലു കേസുകളുടെ കുറ്റപത്രം സമർപ്പിക്കാനാണ് ജസ്റ്റിസ്മാരായ മദൻ ബി ലൊക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നത്.

രണ്ടു കേസുകളുടെ കുറ്റപത്രം നേരത്തെ സമർപ്പിച്ചിട്ടുണ്ടെന്നും ഓഗസ്റ്റിൽ അഞ്ച് എണ്ണം കൂടി സമർപ്പിക്കുമെന്നും സിബിഐ ഡയറക്ടർ  അലോക് കുമാർ വർമ്മ കോടതിയെ അറിയിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. കുറ്റപത്രം സമർപ്പിക്കാതിരുന്നതിൽ വിശദീകരണം നൽകണമെന്നു കോടതി ആവശ്യപ്പെട്ടു.

14 ആളുകളെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാൽ മരിച്ച രണ്ടു പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. സിബിഐയുടെ ഈ നടപടി അവിശ്വസനീയമാണെന്നു കോടതി പറഞ്ഞു. നീണ്ട നടപടിക്രമങ്ങളാണ് കാലതാമസത്തിനു കാരണമെന്നും നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനു മറുപടിയായി സിബിഐ അറിയിച്ചു. കേസ് സുപ്രീം കോടതി അടുത്ത മാസം 20–നു വീണ്ടും പരിഗണിക്കും.