Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് എന്ന പേരിൽ വ്യാജസന്ദേശം; നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ

fake-news-army ആർമി റിക്രൂട്ട്മെന്റിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ

കണ്ണൂർ ∙ ടെറിട്ടോറിയൽ ആർമിയിലേക്ക് ഓഗസ്റ്റ് ഒന്നിന് റിക്രൂട്ട്മെന്റ് നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം. സ്ഥലവും സമയവും അന്വേഷിച്ച് നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ. കണ്ണൂർ ആസ്ഥാനമായുള്ള 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി (മദ്രാസ് റജിമെന്റ്) പ്രാദേശിക സേനയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചത്.

എഴുത്തു പരീക്ഷയില്ല, ഫിസിക്കൽ ഫിറ്റ്നസ് മാത്രം മതിയെന്നും 18നും 42നും ഇടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാമെന്നും സർട്ടിഫിക്കറ്റുകളുടെ അഞ്ചു പകർപ്പുകൾ സഹിതം എത്തണമെന്നും പറയുന്ന സന്ദേശമാണ് ഉദ്യോഗാർഥികൾക്കു പ്രതീക്ഷ നൽകിയത്. കണ്ണൂർ വിശേഷം എന്ന ഫെയ്സ്ബുക്ക് പേജിന്റെ പേരിലുള്ള സന്ദേശത്തിൽ ഓഗസ്റ്റ് ഒന്നിന് റിക്രൂട്ട്മെന്റ് നടക്കും എന്നു മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലവും സമയവും ഉണ്ടായിരുന്നില്ല.  ഇതോടെ ഇക്കാര്യം അന്വേഷിച്ച് ടെറിട്ടോറിയൽ ആർമിയുടെ ഓഫിസിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും തുടരെത്തുടരെ ഫോൺവിളി വന്നു.  

തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ചില  ഉദ്യോഗാർഥികൾ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് നേരിട്ടെത്തി അന്വേഷിച്ചതോടെയാണ് സന്ദേശത്തിന്റെ ഉറവിടം സമൂഹമാധ്യമമാണെന്നു വ്യക്തമായത്. വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്ക് എതിരെ പരാതി നൽകുമെന്ന് ടെറിട്ടോറിയൽ ആർമി അധികൃതർ അറിയിച്ചു. 2017 ഓഗസ്റ്റ് ഒന്നിന് ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് റിക്രൂട്ട്മെന്റ് നടന്നിരുന്നു. ആ സമയത്ത് പോസ്റ്റ് ചെയ്ത സന്ദേശം ഇപ്പോൾ ചിലർ തെറ്റിദ്ധാരണ പരത്താൻ മനഃപൂർവം പ്രചരിപ്പിച്ചതാണെന്ന് കണ്ണൂർ വിശേഷം പേജിന്റെ അഡ്മിൻ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ‍ പഴയ മെസേജ് ഷെയർ ചെയ്യരുതെന്ന അറിയിപ്പ് പേജിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇവർ പറഞ്ഞു.