Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ബിജെപിയെ നയിക്കാൻ ശ്രീധരൻ പിള്ള; കുമ്മനം തിരിച്ചെത്തും

BJP പി.എസ്. ശ്രീധരൻ പിള്ള

ന്യൂഡൽഹി∙ പി.എസ്. ശ്രീധരൻ പിള്ള ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനാകും. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണ് ആർഎസ്എസ് നിലപാട്. വി. മുരളീധരന് ആന്ധ്രയുടെ അധിക ചുമതല നൽകാനും തീരുമാനമായി. അധ്യക്ഷ പദവി തന്നെ തേടിയെത്തിയതാണെന്ന് ശ്രീധരൻ‌ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾക്കാണു മുൻഗണന. വെല്ലുവിളികൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളി. ഇതോടെയാണു ശ്രീധരൻ പിള്ളയ്ക്കു നറുക്ക് വീണത്. ശ്രീധരൻ പിള്ള ഡൽഹിയിൽ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ചർച്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. കുമ്മനത്തെ എൻഡിഎ അധ്യക്ഷനാക്കാനാണ് സാധ്യത. നിലവില്‍ മിസോറം ഗവർണറുടെ ചുമതല വഹിക്കുകയാണ് കുമ്മനം രാജശേഖരൻ. കുമ്മനത്തെ തിരികെക്കൊണ്ടുവന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കണമെന്ന ആവശ്യം ആർഎസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തൽ.

മാത്രമല്ല, ഗ്രൂപ്പുകള്‍ക്കതീതനായ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു ചുമതല നല്‍കുന്നതില്‍ ആര്‍എസ്എസിനും അനുകൂല നിലപാടാണ്. കെ. സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം.ടി. രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാടു കടുപ്പിച്ചതോടെയാണ് അധ്യക്ഷപദത്തിലെ അന്തിമ തീരുമാനം അനിശ്ചിതത്വത്തിലായിരുന്നത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്എസും എതിര്‍പ്പറിയിച്ചിരുന്നു. എം.ടി. രമേശിനെ അധ്യക്ഷനായി തീരുമാനിച്ചാല്‍ സഹകരിക്കില്ലെന്നു മറുപക്ഷവും നിലപാടെടുത്തിരുന്നു. സമവായ നീക്കവുമായി അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ പാർട്ടി ദേശീയ നേതൃത്വത്തിനു കഴിയാതിരുന്നതു വൻ വിമർശനമുണ്ടാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങേണ്ടതിനാൽ‌ അടിയന്തരമായി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കണമെന്നായിരുന്നു ബിജെപിയുടെ കേരള ഘടകത്തിന്റെ ആവശ്യം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു ശ്രീധരൻ പിള്ള.

related stories