Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണ കുടുംബം, വാദം തനിയെ; വെല്ലുവിളിച്ച് പേടിപ്പിച്ച് തീവെട്ടി ബാബു

സിബി നിലമ്പൂര്‍
theevetti-babu തീവെട്ടി ബാബു

മലപ്പുറം∙ കോടതിയിലേക്കു കൊണ്ടുപോകുംവഴി പൊലീസുകാരനെ അസഭ്യം പറയുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത മോഷ്ടാവ് തീവെട്ടി ബാബുവിന്റെയും ക്ഷമയോടെ എല്ലാം സഹിച്ചിരിക്കുന്ന അകമ്പടി പൊലീസുകാരന്റെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ബസില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ചവരില്‍ ഒരാള്‍ പകര്‍ത്തിയതായിരുന്നു ദൃശ്യങ്ങൾ‍. ഒരു മാസം മുമ്പാണു വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ വച്ച് ഉറങ്ങിപ്പോയി ഇയാള്‍ പൊലീസ് പിടിയിലായത്. മോഷണം നടത്തി പിടിയിലായാല്‍ വീട്ടുകാരെ കൊല്ലുമെന്നും പിന്നെ കണ്ടോളാമെന്നും വിരട്ടി രക്ഷപ്പെടുന്നതാണു ബാബുവിന്റെ രീതി. കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദുഭവനില്‍ ബാബു(56)വിന്റെ ഇത്തരം രക്ഷപ്പെടൽ തന്ത്രം മലപ്പുറത്തുകാരുടെ അടുത്തു വിലപ്പോയില്ലെന്നു മാത്രമല്ല, പിടിയിലായതിനു പിന്നാലെ നാട്ടുകാരുടെ വക തല്ലുസേവയും ലഭിച്ചു. പിന്നീടാണു പൊലീസിനെ ഏല്‍പിച്ചത്.

വക്കീല്‍ ഗുമസ്തന്‍ കള്ളനായി, സ്വന്തം വക്കീലുമായി

30 വര്‍ഷം മുമ്പ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ വക്കീല്‍ ഗുമസ്തനായിരുന്നു ഇപ്പോൾ നൂറിലേറെ കേസുകളിൽ പ്രതിയായ ബാബു. നീണ്ട കാലത്തെ വക്കീല്‍ ഗുമസ്തപ്പണി ലോപോയിന്റുകളേറെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ കേസുകളെല്ലാം സ്വന്തം നിലയ്ക്കു വാദിക്കുകയാണു ബാബു എന്ന കള്ളന്റെ രീതി. മോഷണക്കുറ്റം ഒരു സ്‌റ്റേഷനിലും സമ്മതിക്കില്ല. പിന്നെ അറിയാവുന്ന ലോ പോയിന്റുകളെല്ലാം പറഞ്ഞ് പൊലീസുകാരെ വിരട്ടും. പോരാത്തതിനു വധഭീഷണിയും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയും നിന്നെ ഞാനെടുത്തോളാമെന്നു പറഞ്ഞു വിരട്ടുന്നത് വിഡിയോയിൽ കാണാം. കോടതിയില്‍ ചെന്നാല്‍ പൊലീസുകാര്‍ ഉപദ്രവിച്ചെന്നു പരാതി പറയും. കയ്യില്‍ എന്തുകിട്ടിയാലും എടുത്തു സ്വയം ശരീരത്ത് മുറിവേല്‍പ്പിക്കും. കയ്യില്‍ കരുതുന്ന സൂചി മുതല്‍ എന്തും ഇതിന് ആയുധമാക്കും. ഒരിക്കല്‍ പിടിയിലായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍നിന്നു കിട്ടിയ കൊതുകുതിരി സ്റ്റാൻഡ് ഉപയോഗിച്ച് ശരീരം മുഴുവന്‍ വരഞ്ഞ് ചോരയില്‍ കുളിച്ചു. ഗതികെട്ട് ആശുപത്രിയിലെത്തിച്ച് കേസിടുകയല്ലാതെ പൊലീസ് എന്തു ചെയ്യാന്‍. 

ജഡ്ജിക്ക് എതിരെ വരെ മനുഷ്യാവകാശ പരാതി

ജയിലില്‍നിന്നു പുറത്തു വന്നാല്‍ അടുത്ത മോഷണ പദ്ധതി തയാറാക്കും മുമ്പേ കുറെ പരാതികള്‍ തയാറാക്കാലാണു തീവെട്ടി ബാബുവിന്റെ രീതി. തന്നെ പിടികൂടിയ വീട്ടുകാര്‍, നാട്ടുകാര്‍, പൊലീസുകാര്‍ തുടങ്ങി ശിക്ഷ വിധിച്ച ജഡ്ജിക്കും വിചാരണ ചെയ്ത വക്കീലിനും എതിരെ വരെ പരാതി പറഞ്ഞു മനുഷ്യാവകാശകമ്മിഷനു പരാതി അയയ്ക്കും. പിന്നെ അതിന്റെ പിന്നാലെ പായണം പൊലീസ്. അങ്ങനെ സ്വന്തം കാര്യം ന്യായീകരിക്കാന്‍ ഏതു തന്ത്രവും മെനഞ്ഞു നടപ്പാക്കും തീവെട്ടി ബാബു‍. തനിക്കു വിരുദ്ധമാകുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണു ബാബുവിന്. 

തീവെട്ടി എന്ന പേരു വന്ന വഴി

കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാർഗത്തിൽ തുടങ്ങി ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിലായി ബാബുവിന്റെ നോട്ടം. എഴുന്നള്ളിപ്പുകളില്‍ എണ്ണ ഒഴിച്ചു കത്തിക്കുന്ന വിളക്കിന്റെ കാല്‍ ഉപയോഗിച്ചാണു കാണിക്ക വഞ്ചി കുത്തിത്തുറക്കുക. ഇതോടെയാണു തീവെട്ടി ബാബു എന്ന വിളിപ്പേര് പൊലീസുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ബാബുവിനു വീഴുന്നത്.

ഇരിട്ടിക്കാരന്റെ ആധാര്‍, പറഞ്ഞ വിലാസവും തെറ്റ്

ഒരു വിധത്തിലും പൊലീസിനു പിടികൊടുക്കാത്ത തീവെട്ടി ബാബുവിനെ നിരീക്ഷണ വൈദഗ്ധ്യം കൊണ്ട് ഇത്തവണ വീഴ്ത്തിയത് കൊല്ലം ഷാഡോ ടീമിലെ എഎസ്‌ഐ ഷാജഹാനാണ്. മലപ്പുറം വാഴക്കാട് പൊലീസ് ഇദ്ദേഹത്തെ പിടികൂടുമ്പോള്‍ കയ്യിലുള്ളത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഒരാളുടെ ആധാര്‍ കാര്‍ഡ്. ഈ അഡ്രസാണ് പൊലീസിനു നല്‍കിയതും. പക്ഷെ ഇയാളുടെ തന്ത്രത്തില്‍ സംശയം തോന്നിയ ക്രൈം സ്‌ക്വാഡ് എഎസ്‌ഐ അസീസ് മോഷ്ടാവിന്റെ ചിത്രം പൊലീസ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ഷാജഹാന്‍ ഇതു തീവെട്ടി ബാബുവാണെന്ന് അറിയിച്ചതോടെയാണ് കുരുക്കു മുറുകിയത്. 

തിരവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരുന്നു ഈ കാലയളവില്‍ ബാബുവിന്റെ വിഹാര കേന്ദ്രം. ഇതിനകം നൂറിലധികം മോഷണക്കേസുകളില്‍ പിടിയിലായി. അതുകൊണ്ടുതന്നെ തെക്കന്‍ ജില്ലകളിലെ സ്റ്റേഷനുകളിലെല്ലാം ബാബു പരിചിതനാണ്. തനിക്കെതിരെ പൊലീസിന്റെ കണ്ണുകളുണ്ടെന്നു മനസിലാക്കിയതാണ് മോഷണ കേന്ദ്രം മാറ്റിപ്പിടിക്കാന്‍ ബാബുവിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണു മലപ്പുറം ജില്ലയില്‍ മോഷണത്തിനെത്തുന്നതും പൊലീസ് പിടിയിലാകുന്നതും.

വാഴക്കാട് പൊലീസ് പിടിച്ച പുലിവാല്‍

വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മോഷണത്തിനെത്തുമ്പോള്‍ വീട്ടുകാര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അവരുറങ്ങിയിട്ടാകാം മോഷണം എന്നു കരുതി കള്ളനൊന്നു മയങ്ങി. പിന്നെ ഉണര്‍ന്നു മോഷണം നടത്തി കതകു തുറക്കുമ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു. നാട്ടുകാരെല്ലാംകൂടി കള്ളനെ പിടിച്ചു കാര്യമായി കൈകാര്യം ചെയ്തു. കസ്റ്റഡി മര്‍ദനങ്ങളും കൊലക്കേസുകളും ഓര്‍മയുള്ളതുകൊണ്ട് ഒഴിവാക്കാനായി പൊലീസ് ശ്രമം. ബാബുവിന്റെ ഭീഷണിയില്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു പൊലീസിന്. നാട്ടുകാര്‍ക്കെതിരെ മര്‍ദനത്തിനു കേസും. ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്. 

കസ്റ്റഡിയിലെടുക്കുമ്പോഴൊന്നും ഇതു തീവെട്ടി ബാബുവാണെന്നും നൂറിലേറെ മോഷണക്കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിഞ്ഞില്ല. ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതോടെ ഇയാളെ നിരീക്ഷിക്കാറുള്ള ഷാഡോ പൊലീസ് ഷാജഹാനാണു കള്ളനെ തിരിച്ചറിഞ്ഞത്. ഇതോടെ ലോക്കപ്പിലേക്കുള്ള വഴി തീവെട്ടിക്കു മുന്നില്‍ തുറന്നു വന്നു. 

ബാലകൃഷ്ണപിള്ളയുടെ വീട്ടിലെ മോഷണം

മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണു ബാബു. പൊലീസിനെ ഏറെ വട്ടം കറക്കിയ കേസില്‍ രണ്ടു പേരായിരുന്നു പ്രതികള്‍. ഒരു സഹായിയെ കൂടെ കൂട്ടിയതാണു ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ മോഷണത്തില്‍ ഇയാളെ കുടുക്കിയത്. വീടു കുത്തിത്തുറന്നു മോഷണം നടത്തിയതിന് അന്ന് ആദ്യം അറസ്റ്റിലായത് സഹായി ആയിരുന്നു. പോര്‍ച്ചിലെ കാറിനടിയില്‍ ഒളിച്ച സഹായിയെ അടുത്ത കടയിലെ സെക്യൂരിറ്റിയുടെ സഹായത്തോടെയാണു പൊലീസ് പിടികൂടിയത്. പക്ഷേ, ഒപ്പം മോഷ്ടിക്കാനെത്തിയത് ആരെന്നു മാത്രം സഹായിക്കറിയില്ല. കാരണം പേരു പോലും വെളിപ്പെടുത്താതെയാണു മോഷണത്തിനു സഹായിയെ കൂടെ കൂട്ടിയത്. ഒടുവില്‍ പൊലീസ് കാണിച്ചുകൊടുത്ത നിരവധി ഫൊട്ടോകളില്‍നിന്നാണു കള്ളനെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. 

ചക്കിക്കൊത്ത ചങ്കരന്‍

തീവെട്ടി ബാബുവിന്റെ മോഷണത്തിനെല്ലാം സഹായി ഭാര്യയും മകനുമാണ്. ഭര്‍ത്താവു മോഷ്ടിക്കുന്ന മുതല്‍ ഭാര്യ തന്ത്രത്തില്‍ വിറ്റു കാശാക്കും. പിന്നെ ധൂര്‍ത്ത് ഭാര്യയുടെയും മകന്റെയും വക. ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല ബാബു. പകരം മോഷണം കഴിയുന്ന പിന്നാലെ വഴിയില്‍ കാണുന്ന ഒരാളുടെ ഫോണ്‍ കടം വാങ്ങി ഭാര്യയെ വിളിക്കും. പറയുന്നിടത്ത് എത്താന്‍ പറയും. അങ്ങനെ മോഷണ മുതല്‍ കൈമാറും. ഇതു വിറ്റ് കാശാക്കുന്ന ജോലി ഭാര്യയുടേത്. 

മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ചതിന‌ു ഭാര്യയെ ഒരിക്കല്‍ റാന്നി സ്‌റ്റേഷനില്‍ പൊലീസ് പിടികൂടി. സ്റ്റേഷനിലെ മേശയില്‍നിന്ന് അടിച്ചു മാറ്റിയ ഒരുപിടി മൊട്ടുസൂചി വായിലിട്ടു ചവച്ച് സ്വയം മുറിവേല്‍പിച്ചു രക്തം തുപ്പി. ഇതുകണ്ടു പൊലീസും വിരണ്ടു. പിന്നെ ആശുപത്രിയില്‍ കാവലിരിക്കലായി പൊലീസിന്റെ ജോലി. 

മകന്‍ നന്ദു (25) നിരവധി പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്. പിതാവിന്റെ വഴിയില്‍ മകന്‍ സ്വന്തമാക്കിയത് ഇതിനകം പത്തിലധികം കേസുകള്‍. ജാമ്യത്തിലിറങ്ങിയ പുറകെ കഴിഞ്ഞ ദിവസം വീണ്ടും നന്ദു പൊലീസ് പിടിയിലായി. പിടിച്ചു പറി കേസിലല്ലെന്നു മാത്രം. പതിമൂന്നു കിലോ കഞ്ചാവ് കൈവശം വച്ചതിനാണ് അറസ്റ്റ്. മോഷണത്തില്‍നിന്നൊന്ന് മാറ്റിപ്പിടിച്ചു നോക്കാമെന്നു കരുതിയ നന്ദു ഇപ്പോള്‍ മയക്കു മരുന്നു കേസില്‍ തടവിലാണ്.