Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അപകട ‘വാല്‍സല്യ’ത്തിന് പിടിവീണു; പിതാവിന്‍റെ ലൈസന്‍സ് റദ്ദാക്കി

scooter-ride-5-year-old അഞ്ചു വയസ്സുകാരിയെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിക്കുന്ന കുടുംബം.

കൊച്ചി∙ ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്കു സ്കൂട്ടര്‍ ഒാടിക്കാന്‍ അവസരം നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ആര്‍ടിഒയുടെ നടപടി. ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്കു നിയന്ത്രിക്കാനായി കൈമാറിയത്. ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പിന്നീട് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ്, വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അതു ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു. തുടര്‍ന്നു മട്ടാഞ്ചേരി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

നേരത്തയും സമാനമായ സംഭവം കൊച്ചിയിൽ അരങ്ങേറിയിട്ടുണ്ട്. അന്നു കുട്ടിയെക്കൊണ്ടു വാഹനമോടിപ്പിച്ച ‍ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ക്രിമിനൽ കേസെടുക്കുകയും ചെയ്തിരുന്നു. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ബൈക്കിനു മുന്നിലിരുത്തി യാത്ര ചെയ്യരുതെന്നാണ് നിയമം.