Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തകർ ചേരിതിരിഞ്ഞടിച്ചു; ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ കോൺഗ്രസ് നേതാവ്

congress-activists-fight മധ്യപ്രദേശിൽ പാർട്ടി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ തല്ലിയപ്പോൾ.

ഭോപ്പാൽ∙ ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ പാർട്ടി പ്രവർത്തകരെ ഉപദേശിച്ച മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ദീപക് ബാബരിയ വിവാദക്കുരുക്കിൽ. ഒരു പാർട്ടി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽത്തല്ലുന്നതു കണ്ട് മനസ്സു മടുത്താണ്, ‘ആർഎസ്എസിനെ നോക്കി അച്ചടക്കം പഠിക്കാ’ൻ ബാബരിയ സ്വന്തം പാർട്ടിക്കാരെ ഉപദേശിച്ചത്. മധ്യപ്രദേശിൽ കോൺഗ്രസിന്റെ ചുമതലയുള്ള നേതാവാണ് ബാബരിയ.

പാർട്ടിയുടെ ഒരു യോഗത്തിനിടെ കരേസരയ്ക്കായി ആരംഭിച്ച പിടിവലിയാണു പിന്നീട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള വൻ സംഘട്ടനമായി മാറിയത്. പരസ്പരം പോർവിളി മുഴക്കിയ പ്രവർത്തകരെ ശാന്തരാക്കാൻ ബാബരിയ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും പ്രവർത്തകർ ചെവിക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ്, അച്ചടക്കത്തിന്റെ കാര്യത്തിൽ ആർഎസ്എസ്സിനെ കണ്ടു പഠിക്കാൻ നേതാവ് അണികളെ ഉപദേശിച്ചത്.

സംഭവം വിവാദമായതോടെ ബാബരിയ വിശദീകരണവുമായി രംഗത്തെത്തി. ആർഎസ്എസ്സിന്റെ ഉദാഹരണം താൻ കോൺഗ്രസ് യോഗത്തിൽ പറഞ്ഞതിൽ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നന്മ എവിടെയുണ്ടെങ്കിലും അതേക്കുറിച്ചു പറയാൻ മടി കാട്ടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തകർക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹര്യത്തിലാണു സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുള്ള ബാബരിയ ജില്ലാ നേതാക്കളുടെ യോഗം വിളിച്ചത്. എല്ലാവർക്കും ഹാളിൽ കസേര തയാറാക്കിയിരുന്നെങ്കിലും രാജകുടുംബാംഗവും വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന നേതാവുമായ സിന്ധു വിക്രം സിങ്ങിനു കസേര ലഭിച്ചില്ല. ഇതേച്ചൊല്ലി ഉടലെടുത്ത ചെറിയ തർക്കാണു പിന്നീടു കൂട്ടത്തല്ലിനു വഴിമാറിയത്.