Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ മെക്കാനിക് വിമാനം റാഞ്ചി; പറന്നകലും മുൻപെ തകർന്നുവീണു

Alaska-Airlines Representative Image

സിയാറ്റിൽ (വാഷിങ്ടൻ) ∙ അമേരിക്കയിലെ സിയാറ്റിൽ- ടകോമ (സീ ടാക്) രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വിമാന മെക്കാനിക് യാത്രാവിമാനം റാഞ്ചി. പറക്കലിനിടെ തകർന്നുവീണ് കൊല്ലപ്പെടുകയും ചെയ്തു. സംഭവം ഭീകരാക്രമണമല്ലെന്നും 29 കാരനായ മെക്കാനിക് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് എട്ടിന് യാത്രക്കാർ കയറുന്നതിനു തൊട്ടുമുൻപാണു മെക്കാനിക് വിമാനവുമായി പറന്നുയർ‌ന്നത്. പറന്നുയരുന്നതിനു മുമ്പുള്ള സുരക്ഷാ പരിശോധനകള്‍ കൂടാതെയും അനുമതി വാങ്ങാതെയും വിമാനം ഉയർന്നതോടെ അധികൃതർ പരിഭ്രാന്തരായി.

അലാസ്ക എയർലൈൻസിന്റെ ഹൊറൈസൺ എയർ ക്യു400 ആണ് തട്ടിയെടുക്കപ്പെട്ടത്. അപകടഭീഷണി ഉയർന്നതോടെ രണ്ട് എഫ്–15 എസ് സൈനിക വിമാനങ്ങള്‍ ഇതിനെ പിന്തുടർന്നു. പക്ഷേ കുറച്ചു സമയം പറന്ന ശേഷം വിമാനം തകർന്നുവീഴുകയായിരുന്നു. യുവാവിന് വിമാനത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി അറിയാതിരുന്നതാണ് കാരണമെന്നു കരുതുന്നു. അതേസമയം, ഇയാൾ ജീവനൊടുക്കുകയായിരുന്നെന്നും സൂചനയുണ്ട്.

മെക്കാനിക് തനിച്ചാണു വിമാനം തട്ടിയെടുത്തതെന്നും ഇയാൾ കൊല്ലപ്പെട്ടെന്നും പിയേർസ് കൺട്രി ഷെരീഫ് പോൾ പാസ്റ്റർ പറഞ്ഞു. യുഎസിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനമാണ് അലാസ്ക എയർഗ്രൂപ്പിന്റെ ഹൊറൈസൺ വിമാനം. 76 സീറ്റുകളാണ് ഇതിലുള്ളത്.