Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊബേൽ, ബുക്കർ ജേതാവ് വി.എസ്.നയ്പാൾ ലണ്ടനിൽ അന്തരിച്ചു

vs-naipaul വി.എസ്. നയ്പാൾ

ലണ്ടൻ∙ ഇന്ത്യയിൽ വേരുകളുള്ള വിഖ്യാത സാഹിത്യകാരനും നൊബേൽ, ബുക്കർ പുരസ്കാര ജേതാവുമായ വി.എസ്.നയ്പാൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണു പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണു നയ്പാളിന് സാഹിത്യ നൊബേൽ ലഭിച്ചത്. അതിനും മൂന്നു പതിറ്റാണ്ടു മുൻപ് ബുക്കർ പ്രൈസ് നേടി.

1932ൽ വെസ്റ്റ് ഇൻഡീസിലെ ട്രിനിടാഡിൽ ജനിച്ച് ബ്രിട്ടനിൽ പഠിച്ച വി.എസ്.നയ്‌പാൾ എന്ന വിദ്യാധർ സൂരജ്‌പ്രസാദ് നയ്പാളിന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്‌തരായ എഴുത്തുകാരുടെ മുൻനിരയിലാണു സ്ഥാനം. ജനിച്ചത് ട്രിനിടാഡിലെങ്കിലും നയ്‌പാളിന്റെ വേരുകൾ ഉത്തർപ്രദേശിലെ ബ്രാഹ്‌മണ കുടുംബത്തിലാണ്. ഒരു രാജ്യത്തോടും പ്രത്യേകമായ മമതയോ വിധേയത്വമോ ഇല്ലാതെ എവിടെയും അപരിചിതന്റെ ദുഃഖവുമായി ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹം ഇഷ്‌ടപ്പെട്ടു.

അര നൂറ്റാണ്ടിലേറെയായി ബ്രിട്ടനിൽ കഴിയുന്ന നയ്‌പാളിന്റെ ആദ്യഭാര്യ പാറ്റ് 1996 ൽ മരിച്ചു. അതേ വർഷംതന്നെ നദീറ ഖനൂം അൽവിയെ വിവാഹം കഴിച്ചു. മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മൂന്നാം ലോക സംസ്‌കാരം, കൊളോണിയലിസം, മതം എന്നിവയെക്കുറിച്ച് ആക്ഷേപ - ഹാസ്യ രചനാ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ‘എ ഹൗസ് ഫോർ മി. ബിശ്വാസ്’, ‘ഇന്ത്യ: എ വൂൻഡഡ് സിവിലൈസേഷൻ’, ‘ആൻ എരിയ ഓഫ് ഡാർക്ക്‌നെസ്’, ‘ഇന്ത്യ: എ മില്യൺ മിനിറ്റ്‌സ് നൗ’, ‘എ ബെൻഡ് ഇൻ ദ് റിവർ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സഞ്ചാരികൂടിയായ നയ്‌പാൾ ഇന്ത്യയെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ട്.

വിവാദങ്ങൾ എന്നും കൂടപ്പിറപ്പായിട്ടുള്ള എഴുത്തുകാരനായിരുന്നു നയ്‌പാൾ. ഇന്ത്യയ്ക്കെതിരെയും കരീബിയൻ രാജ്യങ്ങൾക്കെതിരെയും നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങൾ അദ്ദേഹത്തെ പലപ്പോഴും കോടതി കയറ്റി.