Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ഭീതിയുടെ മഴക്കോട്ടണിഞ്ഞപ്പോൾ മുല്ലപ്പെരിയാറിൽ തമിഴ് രാഷ്ട്രീയചൂതാട്ടം

ഉല്ലാസ് ഇലങ്കത്ത്
mullaperiyar-tamilnadu-jeep ഈ മാസം ആദ്യം മുല്ലപ്പെരിയാറിൽ നടത്തിയ സന്ദർശനത്തിനിടെ അണക്കെട്ട് ബലവത്താണെന്ന് കാട്ടാനായി പ്രധാന അണക്കെട്ടിന് മുകളിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് വാഹനം കയറ്റിയപ്പോൾ. ചിത്രം: അരവിന്ദ് ബാല.

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ കാലതാമസമുണ്ടാക്കിയത് തമിഴ്നാടിന്റെ രാഷ്ട്രീയ നിലപാട്. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നത് കേരളവും.

കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്നാട്.

142 അടിവരെ  എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ കാത്ത തമിഴ്തന്ത്രം ഒടുവിൽ ലക്ഷ്യം കാണുക തന്നെ ചെയ്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്.

പതിമൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയര്‍ത്താന്‍ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകൾ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്സ് വെള്ളമാണ്.

ഇന്നലെ രാത്രി നീരൊഴുക്ക് കൂടിയതോടെ ഇന്നു പുലർച്ചെ 2.35 മുതൽ സെക്കൻഡിൽ 10,000 കുസെക്സ് വെള്ളം വീതം തുറന്നുവിടാൻ തമിഴ്നാട് തീരുമാനിക്കുകയായിരുന്നു.  

കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് കൂടുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയപരിധിയായ 142 അടിയിൽ എത്തി. ഇതോടെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് വിടേണ്ടി സ്ഥിതിയാണ്. ഇപ്പോള്‍ പുറത്തുവിടുന്ന 10,000 കുസെക്സ് 30,000 കുസെക്സിലേക്ക് ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്.

ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ച് തമിഴ്നാട് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും. അണക്കെട്ടില്‍ വെള്ളം ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് തമിഴ്നാട്. അങ്ങനെ വന്നാല്‍ കൂടുതല്‍ വെള്ളം വണ്ടിപെരിയാര്‍ വഴി 44 കിലോമീറ്റര്‍ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും.

ഇടുക്കി അണക്കെട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്കു 2398.90 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ രണ്ടു മീറ്ററും രണ്ടും മൂന്നും നാലും ഷട്ടറുകള്‍ 2.3 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടിവരും. നീരൊഴുക്ക് വര്‍ധിച്ചതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനത്തിനായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേന്ദ്രജല കമ്മിഷനില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ജലവിഭവവകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി.

അടിയന്തരഘട്ടങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നെങ്കില്‍ ഷട്ടര്‍ തുറക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുമായിരുന്നു.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങള്‍ തമ്മില്‍ കാണുന്നത് വര്‍ഷത്തിലൊരിക്കലാണ്. സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല.

related stories