Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ മന്ത്രത്തിൽ പ്രതിപക്ഷത്തെ തകർക്കാൻ ബിജെപി

Amit Shah, Narendra Modi ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. – ഫയൽ ചിത്രം.

ന്യൂഡൽഹി∙ മോദി സർക്കാരിന്‍റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അടുത്ത തിരഞ്ഞെടുപ്പ് സംബന്ധിച്ച അണിയറ പ്രവർത്തനങ്ങളിൽ മിക്ക രാഷ്ട്രീയ പാർട്ടികളും.  ഇതിനിടെ കാലാവധി പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ ഡിസംബറിൽതന്നെ ജനവിധി തേടാൻ പ്രധാനമന്ത്രി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തീരുമാനിച്ചേക്കുമെന്ന സൂചന നീക്കങ്ങൾക്ക് ആക്കം കൂട്ടി. ബിജെപി മുന്നോട്ടുവച്ച ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഈ തിരഞ്ഞെടുപ്പിൽ എത്ര മാത്രം പ്രായോഗികമാണെതാണ് സജീവമായ മറ്റൊരു ചർച്ചാവിഷയം. ഇതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന് അമിത് ഷാ കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. 

സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുക എന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിലൊരു സമവായം ഇനിയും അകലെയാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഈ ആശയം നടപ്പിൽ വരുത്തണമെന്ന ബിജെപി വാദത്തോട് ഒപ്പം നിൽക്കുന്നത് തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്) സമാജ്‍വാദി പാർട്ടിയും മാത്രം. 2019 ൽ ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ച് ഒരു കരട് റിപ്പോർട്ടിന് യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. 2022ലാണ് ഉത്തര്‍പ്രദേശ് സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്നതെങ്കിലും 2019ൽ ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭയിലേക്കും ജനവിധി തേടാനുള്ള സന്നദ്ധത ബിജെപി സംസ്ഥാനഘടകം പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു നീക്കത്തിന് മോദിയും അമിത് ഷായും പച്ചക്കൊടി കാട്ടുകയാണെങ്കിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ പുതിയ അധ്യായമായി അതുമാറും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശത്തിനു പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ഇല്ലെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാകും ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം അത്. 

കോൺഗ്രസ്, സിപിഐ, സിപിഎം, ഡിഎംകെ, തൃണമുൽ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നിവർ ഒരുമിച്ചൊരു തിരഞ്ഞെടുപ്പിനോടുള്ള വിയോജിപ്പ് ഇതിനോടകം തന്നെ പ്രകടമാക്കിയിട്ടുണ്ട്. സമാജ്‍വാദി പാർട്ടിയെ കൂടാതെ ബിജു ജനതാദൾ മാത്രമാണ് ആശയത്തോട് കൂറു പ്രഖ്യാപിച്ച ബിജെപി സഖ്യത്തിനു പുറത്തു നിന്നുള്ള ഏക പാർട്ടി. വിയോജിപ്പ് അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ നിയമ കമ്മിഷന് നേരത്തെ കത്തയച്ചിരുന്നു. നിലവിലെ സർക്കാരിന് ഭീഷണിയായതിനാൽ എഐഎഡിഎംകെയും കരുതലോടെയാണ് ഇത്തരമൊരു നിർദേശത്തോട് പ്രതികരിച്ചിട്ടുള്ളത്. ആശയം നല്ലതാണെങ്കിലും 2019ൽ ഇതു വേണ്ടെന്നാണ് അവരുടെ നിലപാട്. 

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം 11 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടത്താനാണ് ബിജെപിയുടെ പദ്ധതി. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഒഡീഷ, തെലങ്കാന, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ബിഹാർ എന്നിവയാണ് ബിജെപി പട്ടികയിലെ സംസ്ഥാനങ്ങൾ. ആന്ധ്ര തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ 2019 തന്നെ നിലവിലെ ഭരണത്തിന്‍റെ കാലാവധി അവസാനിക്കുമെന്നതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പ് ഇവിടങ്ങളിൽ എളുപ്പമാകും. നവീൻ പട്നായിക്ക് അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മുന്നോട്ടാക്കേണ്ടി വരും. 

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി 2018ൽ അവസാനിക്കുമെന്നതിനാൽ ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഇവിടങ്ങളിൽ ഗവർണർ ഭരണം ഏർപ്പെടുത്തേണ്ടി വരും. ബിജെപിക്ക് അടിതെറ്റുമെന്ന് സർവേ ഫലങ്ങൾ പ്രവചിക്കുന്ന ഈ മൂന്നു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് നീട്ടിവച്ചാൽ ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നിടങ്ങളിലെയും പ്രധാന എതിരാളി കോൺഗ്രസായ സാഹചര്യത്തിൽ പ്രത്യേകിച്ചും. അമിത് ഷാ നിഷേധിച്ചിട്ടുണ്ടെങ്കിലും, ലോക്സഭ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താൻ ബിജെപി ഒരുങ്ങിയേക്കുമെന്ന ആശങ്കകൾക്ക് വഴിമരുന്നിടുന്നത് ഈ വസ്തുതയാണ്.

ബിഹാറിലെ നിയമസഭയുടെ കാലാവധി 2020ലാണ് അവസാനിക്കുകയെങ്കിലും സഖ്യകക്ഷിയായ ജെഡിയുവിനും എതിർപ്പില്ലാത്തതിനാൽ 2019ൽ ഒരു തിരഞ്ഞെടുപ്പ് എന്ന ബിജെപി സ്വപ്നത്തിന് ഇവിടെയും സാധ്യത കൂടുതലാണ്. പ്രതിപക്ഷ നിരയിൽ നിന്ന് ഒരു പാർട്ടിയും പിന്തുണ അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഒരു സമവായം ഇക്കാര്യത്തിൽ തീർത്തും അസാധ്യമാകും. ഇക്കാര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം അടുത്തു തന്നെ കേന്ദ്ര സർക്കാർ വിളിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കമ്മിഷനും അനുകൂല നിലപാടിലായതിനാൽ ബിജെപിയുടെ അടുത്ത നീക്കം ഏതു രീതിയിലാകുമെന്നത് നിർണായകമാകും. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ഒരു ഭരണഘടന ഭേദഗതി ആവശ്യമില്ലെന്ന നിലപാട് പാർട്ടി കേന്ദ്രങ്ങൾ പ്രകടമാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. തിരഞ്ഞെടുപ്പ് ചിലവുകൾ കുറയ്ക്കാനും ഭരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സഹായകരമാകുമെന്ന വാദത്തെക്കാൾ മോദി എന്ന പടയാളിക്ക് പട നയിക്കാനുള്ള കളമൊരുക്കുകയാണ് ബിജെപി ലക്ഷ്യമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. 

related stories