Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പ കരകവിഞ്ഞു; റാന്നി ഒറ്റപ്പെട്ടു; പ്രളയം, ദുരിതക്കയം

pamba-flood പമ്പ നദി കരകവിഞ്ഞതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം.

പത്തനംതിട്ട∙ അർധരാത്രിക്കുശേഷം പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി വെള്ളത്തിലായി. റാന്നി അങ്ങാടി കാപിറ്റോള്‍ തിയറ്ററില്‍ 10 പേര്‍ കുടുങ്ങി. പമ്പയില്‍ സര്‍ക്കാര്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി. റാന്നി ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപാസ്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകൾ എന്നിവ വെള്ളത്തിനടിയിലായി. ഓരോ മിനിറ്റിലും വെള്ളം ഉയരുന്നുണ്ടെന്നാണു വിവരം. ഇട്ടിയപ്പാറയില്‍ മുങ്ങിയ വീട്ടില്‍ ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.

ശബരിഗിരി പദ്ധതിയുടെ ആനത്തോടു ഡാമിന്റെ ഷട്ടറുകൾ ആറടി ഉയരത്തിൽ ഉയര്‍ത്തിയതാണു മിന്നല്‍ പ്രളയത്തിനു കാരണം. ശബരിമല ഉൾപ്പെടെ റാന്നിയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതു നീരൊഴുക്കു കൂടാൻ കാരണമായി. റാന്നി ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നു സാധനങ്ങൾ ഒഴിപ്പിക്കുന്ന തിരക്കിലാണു വ്യാപാരികൾ. രാത്രി 11 മണി മുതൽ ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായാണ് ഇത്രയും വെള്ളം നഗരത്തിൽ കയറിയത്.

കലക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും പൊലീസ്, ഫയർഫോഴ്സ് സംഘവും സ്ഥലത്ത് ക്യാംപു ചെയ്യുന്നു. റാന്നിയിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്. ഇതുമൂലം രക്ഷപ്രവർത്തനത്തിനു തടസം നേരിടുന്നുമുണ്ട്. വാഹന ഗതാഗതം പൂർണമായും നിലച്ചതായാണു വിവരം.