Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രവുമായി കൈകോർത്ത് കേരളം; കൂടുതൽ സഹായമെത്തും

arny-in-action

തിരുവനന്തപുരം ∙ മഴക്കെടുതിയെത്തുടര്‍ന്ന് കേരളത്തിലുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നാഷനല്‍ ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി രണ്ടാമതും യോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹ മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കേരളത്തിന് എല്ലാവിധ സൗകര്യങ്ങളും അടിയന്തരമായി എത്തിക്കാന്‍ യോഗം തീരുമാനിച്ചു. 

ബോട്ട്, ഹെലികോപ്റ്റര്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റെയിന്‍കോട്ട്, കാലുറ, ലൈറ്റുകള്‍ എന്നിവ ആവശ്യമായ അളവില്‍ എത്തിക്കാന്‍ സേനാ വിഭാഗങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. കൂടുതല്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ വേണമെന്ന് കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

കേന്ദ്രം 339 യന്ത്രവല്‍കൃത ബോട്ടുകളും 2,800 ലൈഫ് ജാക്കറ്റും 1,400 ലൈഫ് ബോയും 27 ലൈറ്റ് ടവറുകളും 1,000 റെയിന്‍ കോട്ടുകളും വിതരണം ചെയ്തു. ഇനി 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്കളും 13 ലൈറ്റ് ടവറും 1,000 റെയിന്‍കോട്ടുകളും കൂടി വിതരണം ചെയ്യും. 

ദുരിതാശ്വാസ ക്യാംപുകളില്‍ ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. ഇനിയും ഒരു ലക്ഷം പാക്കറ്റുകളും പാല്‍ പൗഡറും കൂടി വിതരണം ചെയ്യും. നാവികസേന 51 ബോട്ടുകളും ഡൈവിങ് വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 1,000 ലൈഫ് ജാക്കറ്റുകളും 1,300 കാലുറകളും എത്തിച്ചു. 1,600 ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. 

കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ സൈനികര്‍ക്കൊപ്പം 30 ബോട്ടുകളും 300 ലൈഫ് ജാക്കറ്റും 144 ലൈഫ് ബോയും എത്തിച്ചു. വ്യോമസേനയുടെ 23 ഹെലികോപ്റ്ററും 11 ചരക്കു വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കരസേന 10 കോളം സൈനികരെയും (ഒരു കോളത്തില്‍ 30 പേര്‍), 10 കോളം എന്‍ജിനീയറിങ് ടാസ്ക് ഫോഴ്സും 60 ബോട്ടുകളും 100 ലൈഫ് ജാക്കറ്റും എത്തിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ 43 ടീമും 163 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. സിആര്‍പിഎഫും ബിഎസ്എഫും അടക്കമുള്ള സേനകളില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. 

റെയില്‍വേ 1,20,000 കുപ്പി വെള്ളം വിതരണം ചെയ്തു. 1,20,000 കുപ്പി വെള്ളം കൂടി വിതരണം ചെയ്യും. നാളെ കായംകുളത്ത് സ്പെഷല്‍ ട്രെയിനില്‍ 2.9 ലക്ഷം ലീറ്റര്‍ വെള്ളമെത്തിക്കും. ടെലഫോണ്‍ കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ വി - സാറ്റ് കമ്യൂണിക്കേഷന്റെ സാധ്യത ഉപയോഗിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകള്‍ സംഭരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. 

related stories