Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

82,442 പേരെ രക്ഷിച്ചു, 3.14 ലക്ഷം പേർ ക്യാംപുകളിൽ; 324 മരണം: മുഖ്യമന്ത്രി

cm-pinarayi മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം∙ ‌സംസ്ഥാനത്ത് മഹാദുരിതം വിതച്ച പ്രളയത്തിൽ ഇതുവരെ 324 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 29ന് പേമാരി തുടങ്ങിയതു മുതലുള്ള കണക്കാണിത്. ഈ മാസം ഇതുവരെ മരിച്ചത് 164 പേരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 82,442 പേരെ രക്ഷപ്പെടുത്തി. പ്രളയം സാരമായി ബാധിച്ചിട്ടുള്ള ചെങ്ങന്നൂർ, ചാലക്കുടി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും ഇനിയുള്ള രക്ഷാപ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകുന്നേരത്തെ കണക്കനുസരിച്ച് 7085 കുടുംബങ്ങളിലെ 3,14,391 പേർ 2094 ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ഇവിടെ എല്ലാവർക്കും ഭക്ഷണവും വെള്ളവും ലഭ്യമാക്കും. പൊലീസും ഫയർഫോഴ്സും കേന്ദ്രത്തോടൊപ്പം ഫലപ്രദമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഹെലികോപ്റ്റർ, ബോട്ട് എന്നിവ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്. അടുത്തദിവസം ഭക്ഷണ വിതരണം കൂടുതൽ വ്യാപകമാക്കും. വിവിധ സംസ്ഥാനങ്ങൾ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ട്. കുടിവെള്ളം വിതരണം ചെയ്യാമെന്നു റെയിൽവേ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

40,000 പൊലീസുകാർ, 3200 ഫയർഫോഴ്സുകാർ, 46 നേവി, 13 എയർഫോഴ്സ്, 18 ആർമി, 16 കോസ്റ്റ്ഗാർഡ്, 24 എൻഡിആർഎഫ് യൂണിറ്റുകൾ വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തു. നിരവധി ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. ആർമിയുടെ 12 ബോട്ടുകൾ കൂടി ശനിയാഴ്ച ചാലക്കുടിയിലെത്തും. ചെങ്ങന്നൂരിൽ 15 ആർമി ബോട്ടുകളും തിരുവല്ലയിൽ 10 ബോട്ടുകളും കൂടുതലായി ഉപയോഗിക്കും. ചാലക്കുടി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിൽ നാലു വ്യോമസേന ഹെലികോപ്റ്ററുകൾ ഉപയോഗിക്കും.

നെടുമ്പാശേരി വിമാനത്താവളത്തിനു പകരം കൊച്ചി നാവികസേന വിമാനത്താവളം ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും. ചെറിയവിമാനങ്ങള്‍ നാവികസേനാ വിമാനത്താവളത്തിൽ ഇറക്കാം. തിരുവനന്തപുരത്തുനിന്നു ഡൽഹിക്കു പോകാൻ കൂടിയ ടിക്കറ്റ് നിരക്ക് 10,000 രൂപയാക്കാൻ ധാരണയായിട്ടുണ്ട്. അതിനനുസരിച്ച് മറ്റു വിമാനത്താവളങ്ങളിലേക്കുള്ള തുകയും മാറ്റം വരും.

റവന്യു വകുപ്പ് നല്ല രീതിയിലാണു പ്രവർത്തിക്കുന്നത്. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനെ ശകാരിക്കുന്ന രീതിയിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ സാധാരണ വിദേശയാത്ര നടത്തുമ്പോൾ മുഖ്യമന്ത്രിയോടു പറയാറുണ്ട്. കെ.രാജു വിദേശയാത്ര നടത്തുന്ന കാര്യം പറഞ്ഞിട്ടില്ല. നേരത്തേയുള്ള പരിപാടിയുടെ ഭാഗമായി പോയതാണ്. രാജു ഉടനെ തിരിച്ചെത്തി കാര്യങ്ങളിൽ ഇടപെടും. പെട്രോളിയം ഉൽപന്നങ്ങൾക്കു ക്ഷാമം ഇല്ല. വാഹനങ്ങളില്‍ ഇവ എത്തിച്ചേരുന്നതിനു ബുദ്ധിമുട്ടുണ്ട്. ഇതു പരിഹരിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

related stories