Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പയും പന്തളവും മുങ്ങിയത് എങ്ങനെ? തുറന്നുവിട്ടത് എട്ട് അണക്കെട്ടുകള്‍

PANDALAM-TOWN വെള്ളത്തിൽ മുങ്ങിയ പന്തളം ജംക്‌ഷൻ.

മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങൾ. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതിൽ പ്രധാനം. അതിശക്തമായ മഴയ്ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാർ, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കൽ, മണിയാർ, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകൾ. ഇവ തുറന്നുവിട്ടതോടെ ത്രിവേണിയിലെ മൂന്നു തടയണകളും കവിഞ്ഞൊഴുകി.

ഈ വെള്ളമെല്ലാം പമ്പാനദിയുടെ 176 കിലോമീറ്റർ വിസ്തൃതമായ തീരങ്ങളെ വിഴുങ്ങി. 2235 ചതുരശ്രകിലോമീറ്റർ വിസ്തൃതമായ പമ്പയുടെ വൃഷ്ടിപ്രദേശങ്ങളിൽ നിന്നെല്ലാമുള്ള പെയ്ത്തുവെള്ളവും ഇതോടൊപ്പം വന്നു. കക്കി ഡാം മേഖലയിൽ 14ന് 29 സെന്റീമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ കഴിഞ്ഞ ഒരാഴ്ച 80 സെന്റീമീറ്ററോളം മഴ പെയ്തു. ഇതിൽ ഒരു ഭാഗം മഴവെള്ളം പമ്പയിലേക്കാണ് ഒഴുകിയെത്തിയത്.

ചിറ്റാർ, സീതത്തോട്, ശബരിമല ഭാഗത്ത് എട്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയ്യാറ്റുപുഴയിലേത് ഇതിൽ ഏറ്റവും തീവ്രവും. ഇവയുടെ ശക്തമായ വെള്ളപ്പാച്ചിൽകൂടി ആയപ്പോൾ പമ്പാനദി രൗദ്രഭാവം പൂണ്ടു. നിറഞ്ഞൊഴുകുന്ന അച്ചൻകോവിലാറിൽ നിന്നുള്ള പ്രളയജലം ടൗണിനു നടുവിലൂടെ ഒഴുകുന്ന മുട്ടാർ നീർച്ചാലിലൂടെ ഒഴുകിയെത്തിയതാണു എംസി റോഡിലെ പന്തളത്തു വെള്ളം ഉയരാനുള്ള കാരണം. 1992 ലാണ് ഇതിനു മുൻപ് പന്തളത്തു റോഡിൽ വെള്ളം കയറിയത്.

related stories