Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതി ഗുരുതരമായി തുടരുന്നു; കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമം: മുഖ്യമന്ത്രി

PTI9_21_2017_000195B

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രളയക്കെടുതി ഗുരുതരമായിത്തന്നെ തുടരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്നു രാവിലെയും പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും ബന്ധപ്പെട്ടിരുന്നു. തൃശൂര്‍. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഈ നാലു ജില്ലകളിലായി ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ തീവ്രമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കണക്കനുസരിച്ച് 52,856 കുടുംബങ്ങളിലെ 2,23,000 പേര്‍ 1,568 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ട്. ഓഗസ്റ്റ് എട്ടു മുതലുളള കണക്കനുസരിച്ച് 164 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്തുന്നതിനു കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ചാലക്കുടി (3), എറണാകുളം (5), പത്തനംതിട്ട (1), ആലപ്പുഴ (1) എന്നിവിടങ്ങളില്‍ ഇന്നു രാവിലെമുതല്‍ രംഗത്തുണ്ട്. പത്തനംതിട്ട ഭാഗത്തേക്കു രണ്ട് ഹെലികോപ്റ്ററും ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയിലേക്കു രണ്ട് ഹെലികോപ്ടറുകളും അധികം വൈകാതെ എത്തും. ഇതു കൂടാതെ 11 ഹെലികോപ്ടറുകള്‍ കൂടി ഉടനെ ലഭ്യമാക്കുമെന്ന് എയര്‍ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍, ചാലക്കുടി എന്നീ രണ്ടു മേഖലകളിലെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു മാത്രമേ രക്ഷപ്പെടുത്താന്‍ കഴിയൂ. അത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തും. സൈന്യത്തിന്റെ 16 സംഘങ്ങൾ വിവിധ കേന്ദ്രങ്ങളിലായി ഇപ്പോള്‍ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകള്‍ തൃശൂരിലും 10 ടീമുകള്‍ വയനാട്ടിലും നാല് ടീമുകള്‍ ചെങ്ങന്നൂരിലും 12 ടീമുകള്‍ ആലുവയിലും മൂന്നു ടീമുകള്‍ പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നാവികസേനയുടെ മാത്രം 3 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ ടീമുകള്‍ 28 കേന്ദ്രങ്ങളില്‍ ഇപ്പോഴുണ്ട്. കൂടാതെ രണ്ട് ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡ് ഉപയോഗിക്കുന്നുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കി.

പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണപാക്കറ്റുകള്‍ സംഭരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഭക്ഷ്യസംസ്കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ എത്തിക്കും. ഡിആര്‍ഡിഒയും ഭക്ഷണപാക്കറ്റുകള്‍ അയക്കുന്നുണ്ട്. മുടങ്ങാതെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇന്നു രാവിലെ ഉന്നതതലയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വൈകിട്ടു വീണ്ടും യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

related stories