Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക്; മഴയുടെ തീവ്രത കുറയും

KOZHIKKODE-FLOOD കോഴിക്കോട്ട് അരയിടത്തുപാലം – എരഞ്ഞിപ്പാലം റോഡിൽ കനോലി കാനാൽ കരകവിഞ്ഞ് പ്രദേശമാകെ വെള്ളത്തിലായതിന്റെ ആകാശക്കാഴ്ച. ചിത്രം : റസൽ ഷാഹുൽ

കോട്ടയം ∙ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുന്നു. കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്.

∙ കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസം. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പു കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ രണ്ടടിയാക്കി കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു. നഗരത്തിൽ വെയിൽ തെളിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ടിനും ആശ്വാസമുണ്ട്.

∙ കോഴിക്കോട് – വയനാട് ( എൻച്ച് 766), കോഴിക്കോട്– അത്തോളി– ഉള്ള്യേരി – കുറ്റ്യാടി, കുറ്റ്യാടി– മാനന്തവാടി ( പക്രംതളം ചുരം) സർവീസുകൾ കെഎസ്ആർടിസി പുനരാരംഭിച്ചു.

∙ തൃശൂർ കൊടുങ്ങല്ലൂർ പ്രദേശത്തു കടലിലേക്കു പുഴകളിൽനിന്ന് ഒഴുക്കു തുടങ്ങി. ഇന്നലെ കടൽ കയറി നിൽക്കുകയായിരുന്നു. വെള്ളം കടലെടുത്തു തുടങ്ങിയതു ചാലക്കുടിക്ക് ആശ്വാസമാകും.

∙ കൊച്ചിയിൽ റൺവേ അടച്ചതു മൂലം സ്പൈസ് ജെറ്റ് നാളെ (18) മുതൽ 20 വരെ തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു സ്പെഷൽ സർവീസുകൾ നടത്തും.

∙ ഇന്നു മൂന്നു മണിക്ക് എറണാകുളം തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിൻ സര്‍വീസ്.

∙ എറണാകുളം ജംക്‌ഷനില്‍നിന്ന് ആലപ്പുഴ വഴി ചെന്നൈ എഗ്‌മോറിലേക്ക് ഇന്ന് വൈകിട്ട് ആറിനു പ്രത്യേക ട്രെയിന്‍. രാത്രി 1.40-നു ചെന്നൈ എഗ്‌മോറിലെത്തും.

∙ പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തിയിട്ടുണ്ട്. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും കൂടുതല്‍ ഭക്ഷണം എത്തിക്കാന്‍ തുടങ്ങി. നാലു വിമാനം ഭക്ഷ്യവസ്തുക്കള്‍ തിരുവനന്തപുരത്തെത്തിച്ചിരുന്നു. കൂടുതല്‍ ഉടനെത്തും.

related stories