Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോട്ടപ്പള്ളി സ്പിൽവേ തുറന്നു; പ്രളയജലം ഇറങ്ങിത്തുടങ്ങി

വർഗീസ് സി. തോമസ്
thottappally-spillway-1 തോട്ടപ്പള്ളി സ്പിൽവേ. ചിത്രം: ഗോപീകൃഷ്ണൻ ആഷ വലിയവീട്ടിൽ (ഫെയ്സ്ബുക്)

പത്തനംതിട്ട∙ തോട്ടപ്പള്ളി സ്പിൽവേയുടെ 38 ഷട്ടറുകളും തുറന്നു. രണ്ടെണ്ണം കേടാണെങ്കിലും ഇതും തുറക്കാൻ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതു പകുതിയോളമേ തുറന്നിരുന്നൂള്ളൂ. ഇപ്പോൾ പൂർണതോതിൽ തുറന്നിരിക്കുകയാണ്. പമ്പാനദിയിൽനിന്നു നല്ല തോതിൽ കടലിലേക്കു പ്രളയജലം ഒഴുകി തുടങ്ങി.

പമ്പയിലെ പ്രളയജലം കടലിലേക്ക് ഒഴുക്കാൻ ലക്ഷ്യമിട്ടു വിഭാവനം ചെയ്ത തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 358 മീറ്ററാണു വീതി. എന്നാൽ ഇവിടെ കടലുമായി ചേരുന്ന അഴിമുഖത്തു മണൽ ധാരാളമായി അടിഞ്ഞ് ബീച്ച് പോലെ രൂപപ്പെട്ടതുമൂലം പഴയതുപോലെ വെള്ളം കടലിലേക്ക് ഒഴുകുന്നില്ല. കഴിഞ്ഞ് കുറെ വർഷങ്ങളായി വലിയ വെള്ളപ്പൊക്കം വരാത്തതുമൂലം ആരും ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞില്ല.

ഇവിടെ സാമൂഹിക വനവൽക്കരണ വിഭാഗം മരം നട്ടതും ഇപ്പോൾ വിനയായിട്ടുണ്ട്. ചില വീടുകൾ പോലും ഇവിടെ വന്നു. ഇവിടെ കടലിനു തിരിച്ചുകുത്ത് അനുഭവപ്പെടുന്ന സ്ഥലമാണ്. ഇതുമൂലം വേലിയേറ്റ സമയത്തു വേണ്ടത്ര വെള്ളം കടലിലേക്ക് ഇറങ്ങാറില്ല. ആലപ്പുഴ ദേശീയപാത ഇതിനു മുകളിലൂടെയാണ് പോകുന്നത്.