Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ യോഗങ്ങളിൽ എന്നും ‘മലയാള’ മധുരം പകർന്ന് വാജ്പേയി

kochi-vajpayee കൊച്ചിയിലെത്തിയ അവസരങ്ങളിലൊന്നിൽ എ.ബി. വാജ്പേയി ഒ. രാജഗോപാലിനൊപ്പം ഗെസ്റ്റ് ഹൗസിൽ. അന്നത്തെ യുവമോർച്ച ജില്ലാ പ്രസിഡന്റ് എൻ.പി. ശങ്കരൻകുട്ടി സമീപം.

കൊച്ചി ∙ മലയാളത്തിന്റെ മാധുര്യം വിതറിയ അപൂർവപ്രസംഗങ്ങളാണ് വാജ്പേയിയെ ഓർക്കുമ്പോൾ കൊച്ചിയിൽ നിറയുന്നത്. പാർട്ടി പരിപാടിയായാലും ഔദ്യോഗിക പരിപാടിയായാലും കൊച്ചിയിലെത്തിയ പല അവസരങ്ങളിലും വാജ്പേയി മലയാളത്തിൽ പ്രസംഗിച്ചിട്ടുണ്ട്. ഒരിക്കൽ, നിശ്ചയിച്ച തർജമ ഉപേക്ഷിച്ചാണ് അദ്ദേഹം തന്റെ പ്രസംഗം പൂർണമായും മലയാളത്തിൽ പൂർത്തിയാക്കിയത്. 

മരണമേ, നിശ്ശബ്‌ദനായി വരാതിരിക്കുക...

വള്ളത്തോൾ കവിത മുതൽ മോഹൻലാൽ നായകനായ സിനിമ ‘വരവേൽപ്’ വരെ നിറഞ്ഞു പ്രസിദ്ധമായ പ്രസംഗം 2003 ജനുവരി 18ന് ആഗോളനിക്ഷേപക സംഗമത്തിലായിരുന്നു. വള്ളത്തോളിന്റെ ‘ചോര തിളയ്‌ക്കണം ‘ എന്ന കവിതയിലെ ‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളിൽ’ എന്ന വരികളിലെ,  ഇംഗ്ലീഷിലെഴുതിയ ‘ഞരമ്പി’ന്റെ ഉച്ചാരണം  അദ്ദേഹത്തിന് കരടായി. ‘വരവേൽപ്പ് ‘ സിനിമയെക്കുറിച്ചു വാജ്‌പേയി പറഞ്ഞതും അന്നു സദസിനു കൗതുകമായി. കേരളത്തിൽ വന്നു മുതൽമുടക്കുന്നവരുടെ ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടാനാണ് മോഹൻലാലിന്റെ ഗൾഫ് മലയാളിയായ കഥാപാത്രം സമ്പാദ്യം കൊണ്ടു ബസ് വാങ്ങി കുത്തുപാളയെടുക്കുന്ന കഥ പറയുന്ന സിനിമയെ പരാമർശിച്ചത്.

തൊഴിൽ ചെയ്യുന്നവരുടെ താൽപര്യം സംരക്ഷിക്കണമെങ്കിലും നിരന്തരം സമരവും ഘെരാവോയും ‘അട്ടിമറിയും ‘ നടത്തി നിക്ഷേപകരെ നിരുൽസാഹപ്പെടുത്തണോ എന്ന കുറിക്കുകൊള്ളുന്ന  ചോദ്യവും അന്നു വാജ്‌പേയി ചോദിച്ചു. വാജ്‌പേയി പ്രസംഗം തുടങ്ങിയതു തന്നെ ‘ജയജയ കോമള കേരള ധരണി ‘ എന്ന മലയാള വരിയോടെയാണ്. ‘എല്ലാ മലയാളികൾക്കും എന്റെ അഭിവാദനം ‘ എന്നും തെറ്റില്ലാതെ വാജ്‌പേയി പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ് അതിനെ സ്വീകരിച്ചത്. 

നിക്ഷേപ പദ്ധതികൾ തട്ടിപ്പാവരുതെന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാമർശത്തോട് പ്രധാനമന്ത്രിയായ വാജ്പേയി യോജിച്ചു. എഴുതിത്തയാറാക്കിയ പ്രസംഗത്തിൽ നിന്നു വ്യതിചലിച്ചാണ് അദ്ദേഹം വി.എസിനോടുള്ള യോജിപ്പ് വ്യക്തമാക്കിയത്. 1981 ഏപ്രിൽ 26 ന് മറൈൻ ഡ്രൈവിൽ ചേർന്ന പാർട്ടി യോഗത്തിൽ സുദീർഘമായാണ് വാജ്പേയി മലയാളത്തിൽ പ്രസംഗിച്ചത്. 

നിർധനർക്കുള്ള ‘അമൃതകുടീരം’ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ആദ്യമായി വാജ്പേയി കൊച്ചിയിലെത്തിയത്. 1998 മേയ് 17നായിരുന്നു അത്. അന്നും മലയാളത്തിലായിരുന്നു പ്രസംഗം. ഒ. രാജഗോപാൽ എംപി പ്രസംഗം തർജമ ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അന്നത്തെ വാജ്പേയിയുടെ പ്രസംഗം പൂർണമായും മലയാളത്തിലായിരുന്നു. അന്നുതന്നെയായിരുന്നു മാതാ അമൃതാനന്ദമയിമഠം ഇടപ്പള്ളിയിൽ പണിതീർത്ത അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനവും വാജ്പേയി നിർവഹിച്ചത്. കൊച്ചിയിലെത്തിയ  അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തുടക്കം മറ്റു പല അവസരങ്ങളിലും മലയാളത്തിലായിരുന്നു.

ജനസംഘം അഖിലേന്ത്യാ പ്രസിഡന്റായും പ്രധാനമന്ത്രിയായും കൊച്ചിയിൽ

ജനസംഘത്തിന്റെ മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ 1970 ഏപ്രിൽ 18ന് അന്നത്തെ ജനസംഘം അഖിലേന്ത്യാ പ്രസിഡന്റായും 2003 ജനുവരി 18ന് പ്രധാനമന്ത്രിയായും അടൽ ബിഹാരി വാജ്പേയി കൊച്ചിയിലെത്തി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും കമ്യൂണിസ്റ്റുപാർട്ടിയെയും നിശിതമായ വിമർശിച്ചുകൊണ്ടായിരുന്നു 1970ൽ അദ്ദേഹത്തിന്റെ പ്രസംഗം.

യുവമോർച്ച രാഷ്ട്രരക്ഷാ റാലിയിൽ പങ്കെടുക്കാനും കൊച്ചിയിലെത്തി. മറൈൻ ഡ്രൈവിൽ പ്രസംഗിച്ചു. രാജേന്ദ്രമൈതാനത്തു 1980 ഒക്ടോബർ 31നു ചേർന്ന ബിജെപി പൊതുസമ്മേളനത്തിലും  പാർട്ടിയുടെ അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റായ വാജ്പേയി പ്രസംഗിച്ചു. പ്രധാനമന്ത്രിയല്ലാതിരുന്ന കാലത്താണ് എ.ബി. വാജ്പേയി രണ്ടു തവണ കൊച്ചിയിലെത്തിയത്. കസ്റ്റംസ്–എക്സൈസ് പാർലമെന്ററി കമ്മിറ്റി ചെയർമാനായിരുന്ന 1994ൽ കമ്മിറ്റി സിറ്റിങ്ങിനു കൊച്ചിയിലെത്തിയ അദ്ദേഹം കലൂർ ആസാദ് റോഡിലെ ശ്രീരാമകൃഷ്ണാ സേവാശ്രമത്തിലുമെത്തി. 

അവിടെവച്ച് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചതനുസരിച്ച് കാഞ്ചിലാലിന്റെ നേതൃത്വത്തിൽ യാത്രയ്ക്കു സജ്ജീകരണമൊരുക്കി. അന്നു സ്വാമി ഗണാനന്ദയായിരുന്നു ആശ്രമം അധ്യക്ഷൻ. മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനിടെ അദ്ദേഹം ശൃംഗേരി മഠത്തിലും എത്തിയിരുന്നു.