Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഊർജിതം; നില ഗുരുതരമായിത്തന്നെ തുടരുന്നു

chengannur ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വീട്ടമ്മയെ രക്ഷിച്ചുകൊണ്ടുവരുന്നു.

ചെങ്ങന്നൂർ ∙ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനശ്രമങ്ങൾ ഊർജിതമായി നടക്കുമ്പോഴും സ്ഥിതി അതീവ ഗുരുതരമായിത്തന്നെ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം ഫലപ്രദമായി നടക്കാത്തത് തിരിച്ചടിയാകുന്നുണ്ടെന്നാണു വിലയിരുത്തൽ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായതിനാൽ ആരു കോഓർഡിനേറ്റ് ചെയ്യുമെന്ന് ഇപ്പോഴും ധാരണയില്ലെന്നതാണ് സ്ഥിതി. ഇന്ന് നേവിയുടെ കൂടുതൽ ടീമുകൾ എത്തുന്നുണ്ട്. മുൻഗണനാ പട്ടിക നൽകുന്നതിനനുസരിച്ച് ഇവർ പ്രവർത്തിക്കും എന്നാണറിവ്.

അതേസമയം, രക്ഷാപ്രവർത്തനത്തിനായി 20 ഫൈബർ ബോട്ടുകൾ തിരുവനന്തപുരം സിറ്റി പൊലീസ് ചെങ്ങന്നൂരേയ്ക്ക് അയച്ചു. ഇന്ധനം നിറച്ച എൻജിനുകൾ അടക്കം ലോറികളിലാണ് ബോട്ടുകൾ ചെങ്ങന്നൂരിലേക്കു കൊണ്ടുപോകുന്നത്. ഇതുകൂടാതെ,

∙ എയർഫോഴ്സിന്റെ ഗരുഡ് കമാൻഡോ സംഘം ചെങ്ങന്നൂരിലേക്കെത്തുന്നു. കരയിലും വെള്ളത്തിലും ഒരു പോലെ രക്ഷാ പ്രവർത്തനം നടത്താൻ സാധിക്കുന്ന സംഘമാണിത്. 

∙ ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിൽ കുടുങ്ങിക്കിടന്ന 35 പേരെയുമായി ഹെലികോപ്റ്റർ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളജിൽ ലാന്‍ഡ് ചെയ്തു. 

∙  ആനത്തോട് കക്കി ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാൽ പമ്പാ തീരത്തു ജാഗ്രതാ നിർദേശം.

∙ കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വഞ്ചിവീടുകൾ വിട്ടു നൽകാത്ത പ്രധാനപ്പെട്ട അഞ്ചു വഞ്ചിവീട് ഉടകൾകളെ അറസ്റ്റ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടു. ലേക്ക് ആൻഡ് ലഗൂൺ ഉടമ ആലപ്പുഴ വഴിച്ചേരി വൈക്കത്തുകാരൻ വീട്ടിൽ ചെറിയാനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 

മേഖലയിലെ പല കെട്ടിടങ്ങളുടെയും മുകൾത്തട്ടിലും രണ്ടാം നിലയിലും ഇപ്പോഴും ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർ‌ ഇവിടെപെട്ടിട്ട് നാലു ദിവസമാകുന്നു. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചു വിവരങ്ങളില്ല. രക്ഷാ പ്രവർത്തകരുടേത് എന്നു പറഞ്ഞു ലഭ്യമായ പല ഫോൺ നമ്പറുകളും പ്രവർത്തിക്കുന്നില്ലെന്നതു രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയാകുന്നുണ്ട്. പാണ്ടനാട് കുടുങ്ങിപ്പോയ 200 പേരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്. പാണ്ടനാട് ഭാഗത്തുനിന്ന് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 

എൻഡിആർഎഫ്, നാവികസേന, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. ഇവരെ ഏകോപിപ്പിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ല. മേഖലയിലെ ഫോൺബന്ധവും വൈദ്യുതിയും തകരാറിലായതോടെ ആളുകളെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം എവിടെയാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് രക്ഷാപ്രവർത്തകർക്കു കൃത്യമായ വിവരമില്ല. അതേസമയം, വോളന്റിയറായി നാട്ടുകാർ കൂടെച്ചെല്ലുന്ന സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം കൂടുതല്‍ ഫലപ്രദമാണ്. 

എംസി റോഡ് ഗതാഗത സജ്ജമാകാത്തതു രക്ഷാപ്രവർത്തനത്തിനു കൂടുതൽ സജ്ജീകരണങ്ങളെത്തിക്കുന്നതിനു തടസ്സമാകുന്നുണ്ട്. 

related stories