Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുവരെ പൊലിഞ്ഞത് 357 ജീവനുകൾ; 40,000 ഹെക്ടറലധികം കൃഷി നശിച്ചതായി മുഖ്യമന്ത്രി

Pinarayi Vijayan

കൊച്ചി∙ മേയ് 29നു തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 40,000 ഹെക്ടറലധികം കൃഷി നശിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാംപുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി ‍20 ഹെലിക്കോപ്റ്ററുകളും എൻജിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്‍ഡിആര്‍എഫിന്‍റെ 40 ടീമുകളെയും ആര്‍മി ഇടിഎഫിന്‍റെ നാല് ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനു സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

related stories