Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിയാറിലെ ജലവിതാനം താഴുന്നു; പ്രതീക്ഷയോടെ എറണാകുളം

എറണാകുളം ജില്ലയിലെ ഗോതുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ വെള്ളം കയറിയതിനെ തുടർന്നു ദുരിതബാധിതരെ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ ക്യാംപിലേക്ക് എത്തിക്കുന്നു. എറണാകുളം ജില്ലയിലെ ഗോതുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ വെള്ളം കയറിയതിനെ തുടർന്നു ദുരിതബാധിതരെ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ ക്യാംപിലേക്ക് എത്തിക്കുന്നു.

കൊച്ചി∙ ഇടമലയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകളിൽനിന്നുള്ള നീരൊഴുക്കു കുറഞ്ഞതോടെ പെരിയാറിലെ ജലവിതാനം താഴുന്നു. എറണാകുളം ജില്ലയ്ക്ക് ആശ്വാസം പകർന്നു പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനം ഊർജിതമായി. രാവിലെ ശക്തിയായി പെയ്ത മഴ ഉച്ചയോടെ ഏറക്കുറെ ശമിച്ചു. അതേസമയം എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, ചേന്ദമംഗലം മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. മാഞ്ഞാലി, മൂഴിക്കുളം, കടുങ്ങല്ലൂര്‍ തുടങ്ങി പലയിടങ്ങളിലും സ്ഥിതി ദയനീയമാണ്.

പ്രളയത്തില്‍ കുടുങ്ങിയ നൂറുകണക്കിനാളുകള്‍ ഇപ്പോഴും സഹായം ലഭിക്കാതെ ദുരിതത്തില്‍ തുടരുന്ന അവസ്ഥയിലാണ്. പലര്‍ക്കും ഭക്ഷണമോ വെള്ളമോ പോലും എത്തിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ദൗത്യം പുരോഗമിക്കുകയാണെങ്കിലും സംവിധാനങ്ങളുടെ പരിമിതി മൂലം പലയിടത്തും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എയര്‍ലിഫ്റ്റിങ് പലയിടത്തും സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. കൂടുതല്‍ ബോട്ടുകള്‍ എത്തിക്കേണ്ടിവരും. പ്രളയം ഭയന്ന് ആളുകൾ അഭയം തേടിയ നോർത്ത് കുത്തിയതോട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയോടു ചേർന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് ആറു പേർ മരിച്ചുവെന്നാണു വിവരമെന്നു പറവൂർ എംഎൽഎ വി.ഡി.സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. 

മഴ, ജലനിരപ്പ്

എറണാകുളത്ത് ഉച്ചയോടെ മഴ ഏറെക്കുറെ ശമിച്ചു. കിഴക്കന്‍ മേഖലകളായ കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ ഉള്‍പ്പെടെ പ്രളയദുരിതം അനുഭവിക്കുന്ന മേഖലകളിലെല്ലാം വെള്ളം അല്‍പം ഇറങ്ങിയിട്ടുണ്ട്. 

ഗതാഗതം ഭാഗികം മാത്രം

റോഡ്, റെയില്‍ ഗതാഗതം ഭാഗികമാണ്. കെഎസ്ആര്‍ടിസി ബസുകള്‍ അങ്ങിങ്ങു മാത്രം. കൊച്ചി നഗരത്തില്‍ സിറ്റി സര്‍വീസുകള്‍ നാമമാത്രം. ഗ്രാമീണ മേഖലകളില്‍നിന്നു ബസ് സര്‍വീസുകള്‍ പരിമിതം. ആലുവ ബന്ധിപ്പിച്ചു റെയില്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. ഫലത്തില്‍, വടക്കന്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതമില്ല. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി മാത്രം തിരുവനന്തപുരത്തേക്കു ട്രെയിന്‍ സര്‍വീസുകള്‍. വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ വ്യോമഗതാഗതം പൂര്‍ണമായും നിലച്ചു.

ക്യാംപുകളില്‍ ദുരിതം

നാനൂറിലേറെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് ഒന്നര ലക്ഷത്തോളം പേര്‍. പലയിടത്തും ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മരുന്നുകളും ആവശ്യം. ക്യാംപുകളിലും വീടുകളിലും ഫ്ലാറ്റുകളിലും ഒറ്റപ്പെട്ടവര്‍ക്കായി ഹെലികോപ്റ്ററുകള്‍ മുഖേന അവശ്യവസ്തുക്കള്‍ എത്തിക്കുന്നു. മണിക്കൂറില്‍ വേണ്ടത് 10,000 ഭക്ഷണപ്പൊതികള്‍. നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ പ്രളയ ബാധിത മേഖലയിൽ ഭക്ഷണ വിതരണം ആരംഭിച്ചു. 80,000 പേർക്കുള്ള ഭക്ഷണപ്പൊതികളാണു വിതരണം ചെയ്യുന്നത്. ആലുവ യുസി കോളജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതർക്കു ഭക്ഷണം വിതരണം ചെയ്യുന്നതിനായി കൊച്ചി സർവകലാശാലാ ക്യാംപസിൽ നാവിക സേനയുടെ സമൂഹ അടുക്കള (കമ്യൂണിറ്റി കിച്ചൻ) ആരംഭിച്ചു. 7500 പേർക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും.

രക്ഷാദൗത്യവുമായി കൂടുതൽ സേന

കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഒറ്റപ്പെട്ട മേഖലകളിൽനിന്നു കൂടുതൽ പേരെ പുറത്തെത്തിക്കാൻ കഴിയുന്നുണ്ടെന്നാണു വിവരം. കൂടുതൽ മൽസ്യബന്ധന ബോട്ടുകൾ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നു. പ്രളയക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു ട്രൂപ്പുകൾ ജില്ലയിലെത്തി. നേവിയുടെ രണ്ടു ഹെലികോപ്റ്ററുകളും വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവിക സേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെയും മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ഉൾപ്പെടെ 210 ലേറെ ബോട്ടുകളാണു രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. 

സഹായമെത്തിക്കാം

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, കളമശേരി റെസ്റ്റ് ഹൗസ്, കാക്കനാട് കലക്ടറേറ്റ് എന്നിവിടങ്ങളില്‍ ഭക്ഷണപ്പൊതികള്‍ ഏല്‍പ്പിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0484 2423513, 7902200300, 7902200400. റസ്‌ക്യു കണ്‍ട്രോള്‍ റൂം: 8592933330, 9207703393 

കൊച്ചി വിമാനത്താവളം: 0484 3053500, 2610094, 2610115.

related stories