Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവർത്തനത്തിനുള്ള 25 ബോട്ടുകളുമായി കരസേനാ വിമാനം തിരുവനന്തപുരത്ത്

ernakulam-rescue-helicopter

തിരുവനന്തപുരം∙ പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനു 25 ഫൈബർ ബോട്ടുകൾ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളിൽ തിരുവല്ലയിലേക്കും ചെങ്ങന്നൂരേക്കും എത്തിക്കും. തിരുവല്ലയിൽ പത്തും ചെങ്ങന്നൂരിൽ പതിനഞ്ചും ബോട്ടുകളാണു രക്ഷാ പ്രവർത്തനത്തിനായി അയയ്ക്കുന്നത്.

സഹായം പ്രവഹിക്കുന്നു; അവശ്യ സാധനങ്ങളുമായി കണ്ടെയ്‌നർ ചെങ്ങന്നൂരേക്ക്

പ്രളയ ബാധിത മേഖലകളിലുള്ളവർക്കുള്ള സഹായ പ്രവാഹം തുടരുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുറന്ന കളക്‌ഷൻ സെന്ററുകളിലേക്ക് അവശ്യ സാധനങ്ങളുമായി നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വലിയ കണ്ടെയ്‌നർ ഇന്നു രാവിലെ ചെങ്ങന്നൂരേക്കു പുറപ്പെട്ടു. ഹെലികോപ്റ്ററിൽ എയർഡ്രോപ് നടത്തി അവശ്യ വസ്തുക്കളെത്തിക്കുന്നതിനു ടെക്‌നിക്കൽ ഏരിയയിയിലേക്കും സാധനങ്ങളെത്തിക്കുന്നുണ്ട്.

അരി, വസ്ത്രങ്ങൾ, ധാന്യങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങി ആറു ലോഡ് സാധനങ്ങളാണു പ്രിയദർശിനി ഓഡിറ്റോറിയത്തിലെ കളക്‌ഷൻ സെന്ററിൽനിന്നു രാവിലെ ചെങ്ങന്നൂരേക്കു അയച്ചത്. എയർ ഡ്രോപ്പിങ്ങിന് അയച്ച് ബാക്കി വന്ന സാധനങ്ങൾ ഇന്നലെ രാത്രി പതിനൊന്നോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മൂന്നു ലോറികളിലാക്കി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെത്തിച്ചു. 2500 കിലോ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും മൂന്നു ഹെലികോപ്റ്ററുകളിൽ രാവിലെ പത്തനംതിട്ടയിലേക്ക് എയർ ഡ്രോപ്പിങ്ങിന് അയച്ചു.

പ്രിയദർശിനി ഹാളിനു പുറമേ തമ്പാന്നൂർ എസ്എംവി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, വഴുതയ്ക്കാട് കോട്ടൺ ഹിൽ സ്‌കൂൾ എന്നിവിടങ്ങളിലും കളക്‌ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. ഇന്നു രാത്രി ഒമ്പതു വരെ ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ ശേഖരിക്കും.

ഭക്ഷ്യ വസ്തുക്കൾ നൽകുന്നവർ എളുപ്പത്തിൽ ചീത്തയാകാത്തതും ജലാംശം ഇല്ലാത്തതും പാകം ചെയ്യാതെ കഴിക്കാൻ പറ്റുന്നതുമായവ എത്തിക്കണമെന്നു ജില്ലാ കലക്ടർ കെ. വാസുകി അഭ്യർഥിച്ചു.

related stories