Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടകിലും മഴ ദുരിതം തുടരുന്നു; ഉരുള്‍പൊട്ടലിൽ വീട് തകർന്ന് ആറുപേർ മരിച്ചു

മടിക്കേരി∙ കേരളത്തിലേതിനു സമാനമായി മഴ ദുരിതത്തിൽ തകർന്ന് കർണാടകയിലെ കുടക്, മടിക്കേരി പ്രദേശങ്ങൾ. കുടകിൽ ഉരുള്‍പ്പൊട്ടലിനെ തുടർന്നു വീട് തകർന്നു വീണു രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞുൾപ്പെടെ ആറുപേർ മരിച്ചു. വ്യാഴാഴ്ച കടകേരിയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേരും ജോദുപാല, മുവതൊക്‌‍ലു എന്നിവിടങ്ങളിൽ രണ്ടു പേരും മരിച്ചു. കർണാടക മന്ത്രി ആർ.വി. ദേശ്പാണ്ഡെയാണു മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.

ജോഡുപാലയില്‍ മലയിടിഞ്ഞ് റോഡ‍് ബ്ലോക്കായി. ഗതാഗതം തടസപ്പെട്ടു. ഇവിടെനിന്ന് 300 ഓളം പേരെ സുള്ള്യയിലെ സംപാജെ, അറൻതോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ഇവരിൽ മലയാളികളുണ്ട്. സംസ്ഥാന സർക്കാർ‌ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെയുൾപ്പെടെ സഹായം തേടിയിട്ടുണ്ടെങ്കിലും ആയിരങ്ങൾ ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണു വിവരം. മൊബൈൽ നെറ്റ്‍വർക്കുകൾ തകരാറിലായതിനാൽ നിരവധി പേർ പൊലീസിനെയോ ബന്ധുക്കളെയോ ബന്ധപ്പെടാനാകാതെ ബുദ്ധിമുട്ടിലാണ്. എൻജിനീയറിങ് ടാസ്ക് ഫോഴ്സിന്റെയും ബോട്ടുകളുമായി സൈന്യത്തിന്റെയും രക്ഷാപ്രവർത്തനം മേഖലയിൽ പുരോഗമിക്കുകയാണ്. 12 നാവിക സേന നീന്തൽ വിദഗ്ദരും രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. നിരവധി മലയാളികളും കുടക് മേഖലയിൽ താമസിക്കുന്നുണ്ട്. 

മംഗലാപുരത്ത് ഇന്നലെയും ഇന്നും മഴ കുറഞ്ഞിട്ടുണ്ട്. മടിക്കേരിയിലെ ദുരന്ത ബാധിത മേഖലകളിൽ‌ കേന്ദ്രമന്ത്രി സദാനന്ദ ഗൗ‍ഡ ഇന്ന് സന്ദർശനം നടത്തി. കുടക് ജനതയുടെ ഒപ്പം നിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടക് ജില്ലയിലെ ജോദുപാലയിൽ‌ ഉരുൾപൊട്ടലിൽ 20 പേരെ കാണാതായി. മടിക്കേരി, കുശാല്‍ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാപ്രവർത്തനം കൂടുതല്‍ ദുഷ്കരമാണ്. മടിക്കേരി, സോമവാർപേട്ട, വിരാജ്പേട്ട, സിദ്ധാപുര എന്നിവിടങ്ങളിലെ എടിമ്മുകളിലെ പണവും തീർന്നു. ബാങ്കുകൾക്കു പണം നിറയ്ക്കാനാകാതിരുന്നതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. 

related stories