Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി രാജു ജര്‍മനിയില്‍ തന്നെ; തിരക്കു കാരണം മടങ്ങാന്‍ ടിക്കറ്റില്ല

minister-raju-at-germany മന്ത്രി കെ. രാജു ജര്‍മനിയിൽ

തിരുവനന്തപുരം∙ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോക മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തിനായി ജര്‍മനിയിലേക്ക് പോയ വനംമന്ത്രി കെ.രാജു നാളെ മടങ്ങിയെത്തും. ഇന്നു മടങ്ങാനായി ശ്രമം നടത്തിയെങ്കിലും യാത്രക്കാരുടെ തിരക്കുള്ളതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല. മഴക്കെടുതിക്കിടെ ജര്‍മനിയില്‍പോയതു വിവാദമായതോടെ മടക്കയാത്രയ്ക്കുള്ള തിരക്കിട്ട ഒരുക്കത്തിലായിരുന്നു മന്ത്രി. കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനു മന്ത്രി രാജുവിനെയാണു മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയാണ് കോട്ടയം.

കേരളത്തില്‍ മഴ ശക്തമായപ്പോഴാണ് 16ന് മന്ത്രി ജര്‍മനിയിലേക്ക് പോയത്. മൂന്നു ദിവസത്തെ സമ്മേളനത്തിനു പുറമേ 22നു നടത്തുന്ന ഓണാഘോഷത്തിനും ശേഷം മടങ്ങാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തെ മടക്കി വിളിക്കുകയായിരുന്നു. സിപിഐ േനതൃത്വവും മന്ത്രിയോടു തിരികെയെത്താന്‍ ആവശ്യപ്പെട്ടു. സിപിഐ നേതൃത്വത്തെ യാത്രാവിവരം മന്ത്രി അറിയിച്ചിരുന്നില്ല.

കോട്ടയത്ത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷമായിരുന്നു മന്ത്രിയുടെ യാത്ര. പ്രളയക്കെടുതിയിൽ തകർന്നുപോയ പ്രദേശങ്ങളുടെ പുനർനിർമാണമാണ് ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്നും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കു കരുത്തു പകരാൻ മനുഷ്യസ്‌നേഹികളെല്ലാം ഒന്നിക്കേണ്ട സമയമാണിതെന്നും മന്ത്രി കോട്ടയം പൊലീസ് പരേഡ‍് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തിയ ശേഷം പ്രസംഗിച്ചിരുന്നു. അതേസമയം 22 വരെയാണു വിദേശത്തു പര്യടനം നിശ്ചയിച്ചിരുന്നതെന്നും സന്ദർശനം വെട്ടിച്ചുരുക്കി മന്ത്രി കെ.രാജു ഉടന്‍ തിരിച്ചെത്തുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

കഴിഞ്ഞ പ്രളയക്കാലത്ത് മന്ത്രി കെ.രാജു ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്താനും വൈകിയിരുന്നു. വാർത്തകൾ വന്നതോടെ ഒറ്റ ദിവസത്തെ സന്ദർശനവും അവലോകന യോഗവും നടത്തി മന്ത്രി മടങ്ങി. കേന്ദ്ര മന്ത്രി കിരൺ റിജിജു വന്നപ്പോഴും മന്ത്രി കെ.രാജു ജില്ലയിൽ എത്തിയിരുന്നില്ല. മന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പാണ് ഉയരുന്നത്. സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ രാജുവിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നു. 

related stories