Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനംതിട്ടയിൽ നാലു താലൂക്കുകൾ ഇപ്പോഴും വെള്ളത്തിൽ; രക്ഷാപ്രവർത്തനം തുടരുന്നു

പത്തനംതിട്ട∙ ജില്ലയിലെ നാലു താലൂക്കുകൾ നാലാം ദിവസവും വെള്ളപ്പൊക്കത്തില്‍ കഴിയുന്നു. അപ്പ ര്‍കുട്ടനാട് പൂര്‍ണമായും മുങ്ങിക്കിടക്കുന്നു. നിരണം, തലവടി, നീരേറ്റുപുറം, പെരിങ്ങര ഭാഗത്ത് വെള്ളം കൂടി. കാവുംഭാഗത്തു വെള്ളം ഇറങ്ങി. പന്തളത്ത് വെള്ളം അല്‍പം താഴ്ന്നിട്ടുണ്ടെങ്കിലും തികച്ചും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. പത്തനംതിട്ട നഗരത്തിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജില്ലാ മൃഗാശുപത്രി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. റാന്നിയില്‍ കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിയിരുന്നു. എന്നാൽ ഇപ്പോള്‍ വീണ്ടും വെള്ളം കയറുന്നത് ആശങ്കയ്ക്കിടയാക്കുന്നു. റാന്നി ടൗണും വെള്ളത്തില്‍ തുടരുകയാണ്. ആറന്മുള മുങ്ങിത്തന്നെ കിടക്കുന്നു.

എംസി റോഡില്‍  വെള്ളം കയറിയതിനാല്‍ തിരുവല്ല - കോട്ടയം റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. തിരുവനന്തപുരം ഭാഗത്തേക്ക് കുറ്റുരിനപ്പുറവും വെള്ളം കയറിക്കിടക്കുന്നു. പന്തളം ടൗണില്‍ നിന്നു വെള്ളമിറങ്ങാത്തതിനാല്‍ ഇവിടെയും എംസി റോഡ് മുങ്ങിക്കിടക്കുന്നു. കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തിലാണ്. തിരുവല്ല - അമ്പലപ്പുഴ, തിരുവല്ല - കായംകുളം റോഡ് പൂര്‍ണമായും വെള്ളത്തില്‍. കല്ലൂപ്പാറ – മല്ലപ്പള്ളി റോഡിലും ഗതാഗതം മുടങ്ങി.റാന്നിയില്‍ പുനലൂര്‍ – മുവാറ്റുപുഴ സംസ്ഥാന പാത വെള്ളത്തില്‍ തുടരുന്നു. 

pathanamthitta-flood3 ആറന്മുള കാഞ്ഞിരവേലി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണം എത്തിക്കുന്നു.  -  ചിത്രം  : അരവിന്ദ് വേണുഗോപാല്‍

പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുനലൂര്‍ വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ തുടങ്ങി. കോന്നി, പത്തനാപുരം എന്നിവിടങ്ങളിലേക്കു പോകാം. മറ്റ് റൂട്ടുകളിലൊന്നും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത് ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ചിപ്‌സാന്‍ എയര്‍ കൊല്ലത്തുനിന്ന് ഭക്ഷണം കയറ്റി തിരുവല്ലയില്‍ വിതരണം ചെയ്യാനായി പുറപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളിലടക്കം ഭക്ഷണത്തിനും ശുദ്ധജലത്തിനും ക്ഷാമം നേരിടുന്നുണ്ട്. ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്തതാണു പലയിടത്തെയും പ്രശ്‌നം. നാലുദിവസമായി ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ ഇപ്പോഴുമുണ്ട്. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായം സ്വീകരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവ റവന്യു ഉദ്യോഗസ്ഥര്‍ ക്യാംപുകളിലെത്തിക്കും. ട്രഷറികൾ അടഞ്ഞുകിടക്കുന്നതിനാൽ തിരുവല്ലയിലും ചെങ്ങന്നൂരും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു പണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ട്രഷറികൾ തുറക്കണമെന്ന് മന്ത്രി മാത്യു.ടി. തോമസ് ധനമന്ത്രി തോമസ് ഐസകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ മൂന്നെണ്ണം അല്‍പം ഉയര്‍ത്തി (75 സെമി - 90 സെമി). പമ്പ നദീ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

pathanamthitta-flood1 ചുറ്റിലും വെള്ളക്കെട്ട് കാരണം വീടിനു പുറത്തിറങ്ങാൻ കഴിയാതെ അവശരായ വീട്ടുകാർ ബോട്ടിൽ എത്തുന്ന ഭക്ഷണം കാത്ത് വെള്ളക്കെട്ടിനു സമീപം നിൽക്കുന്നു. -  ചിത്രം:   അരവിന്ദ് വേണുഗോപാല്‍

തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനു തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെ ജില്ലാ കലക്ടര്‍ പി.ബി. നൂഹ് സസ്‌പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞു നിരുത്തരവാദപരമായ പ്രവര്‍ത്തനം സ്വീകരിച്ചതിനുമാണു സസ്‌പെന്‍ഷന്‍.

pathanamthitta-fllod കാവലാളായിരുന്നു ഞാൻ...  കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ഓട്ടത്തിൽ ആരും ഈ മിണ്ടാപ്രാണികളെ കാണുന്നില്ല. ഒരായുസ്സു മുഴുവൻ കാവൽ കിടന്നവൻ ഇതാ, കാത്തുനിൽക്കുകയാണ്, രക്ഷാപ്രവർത്തകരെ. മനുഷ്യരെ മുഴുവൻ രക്ഷിച്ചുകഴിഞ്ഞാലെങ്കിലും ആരെങ്കിലും വരും എന്നു പ്രതീക്ഷിക്കാം. അതുവരെ ഇവിടെ ഈ നിൽപ് തുടരാം.  പത്തനംതിട്ട ആറന്മുള കടവന്ത്രയിലെ വെള്ളക്കെട്ടില്‍ നിന്ന്.     ചിത്രം  അരവിന്ദ് വേണുഗോപാല്‍

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

pathanamthitta-flood5 ആറന്മുളയിൽ പ്രളയ കെടുതിയിൽ കുടുങ്ങി കിടക്കുന്നവരെ വെള്ളത്തിലും ബോട്ടിലുമായി തെക്കേമല ഭാഗത്തു എത്തിക്കുമ്പോൾ ഏറ്റെടുക്കാൻ തയാറായി സർക്കാരിന്റെ ദൗത്യ സംഘം. -  ചിത്രം:   അരവിന്ദ് വേണുഗോപാല്‍

ജില്ലയിലെ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പൊലീസിന്റെ പുതിയ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവല്ല, കോന്നി, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ സ്ഥാപിച്ച പൊലീസ് റീജിയനല്‍ കണ്‍ട്രോള്‍ റൂമുകളില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 9188290118, 9188293118(തിരുവല്ല), 9188294118, 9188295118( കോന്നി), 9188296118 9188297118 (റാന്നി), 9188295119,9188296119(ആറന്മുള/കോഴഞ്ചേരി). 

related stories