Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ അപകടത്തിലേക്കാണ് നാട് നീങ്ങുന്നത്: മുന്നറിയിപ്പുമായി പി.സി.വിഷ്ണുനാഥ്

pc-vishnunadh-1 പി.സി.വിഷ്ണുനാഥ്

ചെങ്ങന്നൂർ‌∙ മഴക്കെടുതിയിൽ നടക്കുന്ന രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ ചെങ്ങന്നൂർ എംഎൽഎയുമായ പി.സി.വിഷ്ണുനാഥ്. രക്ഷാപ്രവർത്തകർ ആള്‍ക്കാരെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കുന്നുണ്ട്. പക്ഷേ രാത്രി ഏഴുമണിയാകുമ്പോഴേക്കും ഇത് അവസാനിക്കുന്നു. വൈകീട്ട് ആറുമണക്കു ശേഷം ജനങ്ങൾ രക്ഷപ്പെടുത്താൻ‌ അഭ്യർഥിക്കുമ്പോൾ കേന്ദ്രസേന അടക്കം ഇതിനു തയാറാകാതെ മടങ്ങുന്നു. 

എട്ടു മണിക്കൂറോ അല്ലെങ്കിൽ പരമാവധി ഒൻപതു മണിക്കൂറോ മാത്രമാണ് ഇവർ രക്ഷാപ്രവർത്തനം നടത്തുന്നത്. കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനം ഒരു ദിവസം എട്ടു മണിക്കൂറിന് അപ്പുറം പോകുന്നില്ല. അഞ്ചാം ദിവസം പിന്നിടുകയാണ്. വലിയ അപകടത്തിലേക്ക് നാട് നീങ്ങുകയാണ്. രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷ്ണുനാഥ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. 

വിഷ്ണുനാഥിന്റെ കുറിപ്പിൽനിന്ന്:

ചെങ്ങന്നൂർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

ചെങ്ങന്നൂരിൽ പ്രളയവും അതിനൊപ്പമുള്ള ദുരിതവും എത്തിയിട്ട് അഞ്ചാം ദിവസത്തിലേക്കു കടക്കുകയാണ്. ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ വീടുകളിൽ ഒറ്റപ്പെട്ട് ആഹാരവും വെള്ളവും മരുന്നുമില്ലാതെ ദുരിതത്തിലാണ്. നാലുദിവസത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ സർക്കാരിന്റെയും സഹായിക്കാൻ മനസുള്ള സന്നദ്ധപ്രവർത്തകരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.

ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിൽ വളരെ സജീവമായി പങ്കെടുത്തത് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലയിലെ മൽസ്യത്തൊഴിലാളികളാണ്. ജീവൻ പണയം വെച്ച് അവർ നടത്തിയ ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് എത്ര അഭിനന്ദനം നൽകിയാലും മതിയാവുകയില്ല. എന്നാൽ ഇപ്പോഴുള്ള പ്രധാന പ്രശ്നം അവരുടെ മൽസ്യബന്ധന ബോട്ടുകൾക്കു കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന നിരവധിയായ ആളുകളുണ്ട്. അവിടേക്ക് പോകുവാൻ സ്പീഡ് ബോട്ടുകൾ അല്ലെങ്കിൽ ചെറുബോട്ടുകൾക്ക് മാത്രമേ കഴിയുകയുള്ളൂ. അതുപോലെതന്നെ നേവിയുടെ വിദഗ്ധ പരിശീലനം ലഭിച്ച സൈനിക അംഗങ്ങൾക്ക് അവിടെയെത്തി ആളുകളെ രക്ഷിക്കാൻ കഴിയും. 

ആദ്യദിവസം മുതൽ തന്നെ നേവിയുടെ സേവനം ചെങ്ങന്നൂരിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് എത്തിയപ്പോൾ വളരെ പരിമിതമായ സംഘാംഗങ്ങൾ മാത്രമാണ് നേവിയുടെ ഭാഗത്ത് ഉണ്ടായിരുന്നത്. ആ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്രയധികം ആളുകളെ രക്ഷപ്പെടുത്തി എടുക്കുക എന്നത് അസാധ്യമാണ്. എന്നുമാത്രമല്ല മൽസ്യബന്ധനബോട്ടുകൾ പലപ്പോഴും ഇത്തരം പ്രദേശങ്ങളിൽ കൂടി പോകുമ്പോൾ മതിലിലും ഒക്കെ ഇടിച്ച് പൊട്ടി തകർന്നു പോകുന്ന സാഹചര്യം ഉണ്ടാകുകയാണ്. അതുകൊണ്ട് നേവിയുടെ സ്റ്റീൽ കോട്ടഡ് ആയിട്ടുള്ള ബോട്ടുകൾ കൂടുതലായി ചെങ്ങന്നൂരിൽ നാളെ തന്നെ എത്തിച്ച് അടിയന്തരമായ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായിട്ടുണ്ട്.

രണ്ടാമത്തെ കാര്യം ലൈഫ് ജാക്കറ്റുകളുടെ കുറവാണ്. മൽസ്യത്തൊഴിലാളികളും നാട്ടുകാരായിട്ടുള്ള നീന്തൽ വിദഗ്ധന്മാരും വിവരമറിഞ്ഞെത്തിയ വിവിധ ജില്ലകളിൽനിന്നുള്ള സ്വയം തയാറായി വന്നിട്ടുള്ള നീന്തുവാൻ കഴിയുന്ന ചെറുപ്പക്കാരും ഒക്കെ തന്നെ ആവശ്യപ്പെടുന്നത് ലൈഫ് ജാക്കറ്റുകളാണ്. മതിയായ ലൈഫ് ജാക്കറ്റുകൾ ഇല്ലാത്തതു പലപ്പോഴും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നു എന്നുള്ളത് ചെറുതായി തോന്നുന്നു എങ്കിലും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു കൂടുതൽ ലൈഫ് ജാക്കറ്റുകൾ എത്തിക്കുവാൻ സർക്കാർ അല്ലെങ്കിൽ അതിനു കഴിയുന്ന സന്നദ്ധസംഘടനകൾ തയാറാകണമെന്ന് അഭ്യർഥിക്കുന്നു. ആദ്യം പമ്പാ നദിയുടെ തീരത്തുള്ള പ്രദേശങ്ങളിലാണ് ചെങ്ങന്നൂരിൽ പ്രളയം ബാധിച്ചത് എങ്കിൽ ഇപ്പോൾ അച്ചൻകോവിലാറിന്റെ തീരത്തു താമസിക്കുന്ന ആളുകളെയും വലിയതോതിൽ ബാധിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇല്ലാതിരുന്ന പഞ്ചായത്തുകളും ഇപ്പോൾ പ്രളയത്തിന്റെ വലിയ കെടുത്തി നേരിടുകയാണ്. അവിടെയും ജനങ്ങൾ ഒറ്റപ്പെട്ടുപൊയ്കൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ വളരെ ഗുരുതരമായ ഒരു സാഹചര്യമാണ് ഇപ്പോൾ അവിടെ നിലവിലുള്ളത്. ചെങ്ങന്നൂരിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ വന്നുകഴിഞ്ഞു ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. അവിടേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം - വളരെ പ്രധാനപ്പെട്ട കാര്യമാണ്, മരുന്നുകൾ അടിയന്തരമായി സന്നദ്ധപ്രവർത്തകരും സർക്കാരും എത്തിക്കേണ്ടതാണ്.

മറ്റൊരു സങ്കടകരമായ കാര്യം പതിനഞ്ചാം തീയതി മുതൽ ആരംഭിച്ച രക്ഷാപ്രവർത്തനം നാലു ദിവസം പിന്നിടുമ്പോഴും മനസ്സിലായ ഒരു കാര്യം 7 മണിയോടുകൂടി രക്ഷാപ്രവർത്തനം പലപ്പോഴും അവസാനിക്കുന്നു. ഇന്നു നേരിൽ കണ്ട കാര്യം കല്ലിശ്ശേരിയിൽ നൂറ് കണക്കിന് ജനങ്ങൾ ആറുമണിക്ക് ശേഷവും വീടുകളിൽ എത്തി ആളുകളെ രക്ഷപെടുത്തുന്ന കാര്യം അഭ്യർഥിക്കുമ്പോൾ തിരച്ചിൽ നടത്തുന്നയാളുകൾ കേന്ദ്രസേന അംഗങ്ങളടക്കം തയാറാകാതെ മടങ്ങുന്ന കാഴ്ചയാണുള്ളത്. ഒരു ദിവസം എട്ടു മണിക്കൂർ മാത്രമാണ് അല്ലെങ്കിൽ പരമാവധി 9 മണിക്കൂർ മാത്രമാണ് ഇവർ സേവനം ചെയ്യുന്നത്. അല്ലാത്തത് നാട്ടുകാർ സ്വന്തം റിസ്കിൽ നടത്തുന്ന പ്രവർത്തനമാണ്.

കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനം ഒരു ദിവസം എട്ടു മണിക്കൂറിന് അപ്പുറം പോകുന്നില്ല. 24 മണിക്കൂറും ജാഗ്രതയോടുകൂടി ഉള്ള പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ... അഞ്ചാമത്തെ ദിവസം പിന്നിടുകയാണ്. വലിയ അപകടത്തിലേക്കു നാട് നീങ്ങുകയാണ്. ആദ്യദിവസങ്ങളിൽ ഇത്തരം ആശങ്കകൾ പങ്കുവയ്ക്കാതിരുന്നത് ജനങ്ങളിൽ അത് ഭീതി ഉണ്ടാകുമെന്ന ഒരു സാഹചര്യം ഉണ്ടായിരുന്നതുകൊണ്ടാണ്. പക്ഷേ ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നാട് പോവുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഇനിയുള്ള ദിവസങ്ങളിൽ പൂർണമായും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കുവാൻ ഉള്ള നടപടി അടിയന്തരമായി സ്വീകരിക്കണം.

related stories