Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിലും റെഡ് അലർട്ട്; ഏനാമാവ് ബണ്ട് പൊട്ടിയെന്നു നുണപ്രചാരണം

trissur-flood

തൃശൂർ ∙ ഏനാമാവ് ബണ്ട് പൊട്ടിയെന്നും നഗരം മുങ്ങുമെന്നും പ്രചരിക്കുന്നത് നുണ. ബണ്ട് പൊട്ടിയിട്ടില്ല. ബണ്ട് നേരത്തെ തുറന്നിട്ടുണ്ട്. വെള്ളം കൂടുതൽ വന്നതിനാൽ ബണ്ടിനു മുകളിലൂടെ വെള്ളം പോകുന്നുണ്ടെന്നു മാത്രം. ഇതിനു സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുമുണ്ട്. പുള്ള്, മനക്കൊടി, കരുവന്നൂർ പ്രദേശത്താണ് വെള്ളം കയറിയത്. ശനിയാഴ്ച കനത്ത മഴയുണ്ടാവുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മാളയിലും ചാലക്കുടിയിലും രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ അതുപേക്ഷിച്ചു വീട്ടിൽപ്പോയ ഒരു ഡപ്യൂട്ടി കലക്ടർക്കും ഒരു തഹസിൽദാർക്കുമെതിരെ നടപടിക്കു സാധ്യത. രണ്ടു പേരെയും മന്ത്രി വി.എസ്.സുനിൽകുമാർ നേരിട്ടു വിളിച്ചാണ് ജോലിക്കെത്താൻ നിർദേശിച്ചത്. ഇവർ രണ്ടു പേരും മണിക്കൂറുകളോളം കൺട്രോൾ റൂമുമായോ മറ്റ് ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ടിട്ടില്ല. ഇതിൽ ഒരാൾ വീട്ടിലായിരുന്നുവെന്നു മന്ത്രിക്കു നേരിട്ടു ബോധ്യപ്പെടുകയും ചെയ്തു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ അന്തിക്കാട്, ചേർപ്പ്, പാവറട്ടി, പുള്ള്, മനക്കൊടി , ഇഞ്ചമുടി, മുളങ്ങ് തുടങ്ങിയ പ്രദേശത്തെല്ലാം വെള്ളം കയറുകയാണ്. കനോലികനാലിന്റെ തീരത്തും ഹെർബർട്ട് കനാലിന്റെ തീരത്തും വെള്ളം കയറുമെന്ന ഭീഷണിയുണ്ട്. ചാലക്കുടി പ്രദേശത്ത് അത്യാവശ്യമായി ഭക്ഷണം വേണമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അഭ്യർഥിച്ചു. ചാലക്കുടി മുനിസിപ്പൽ ഓഫിസിലാണ് ഇത് എത്തിക്കേണ്ടത്. തൃശൂർ കലക്ടറേറ്റിലെ നമ്പർ: 0487 2362424 , 8547610089, 9446002175

കൊടുങ്ങല്ലൂർ ഭാഗത്തു കടലിൽ ജല നിരപ്പ് ഉയരുകയാണ്. അതിനാൽ പുഴകളിലെ വെള്ളം കടലിലേക്കു പോകുന്നതു വളരെ പതുക്കെയായി. ഇന്നു വൈകിട്ടുവരെ കടൽനിരപ്പ് ഉയർന്നു നിൽക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

അഗ്നിരക്ഷാ സേനയുടെ മുങ്ങൽ, നീന്തൽ വിദഗ്ധരായ 22 അംഗസംഘം കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, പെരിങ്ങൽക്കൂത്ത് അണക്കെട്ടിലെ ജലനിരപ്പ് താഴുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ട് കവിഞ്ഞൊഴുകുകയായിരുന്നു. ഷട്ടറുകൾ വഴി പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഇതു ചാലക്കുടി പുഴയിലെ ജലനിരപ്പും താഴ്ത്തി. ഇതേത്തുടർന്ന് ചാലക്കുടി ടൗണിൽ വെള്ളം പൂർണമായി ഇറങ്ങി. തൃശൂർ മുതൽ അങ്കമാലി വരെ ദേശീയപാതയിൽ വെള്ളക്കെട്ടില്ല. റോഡ് പലയിടത്തും തകർന്നിട്ടുണ്ട്. കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങൾ വേഗം കുറച്ചു കടത്തിവിടുന്നുണ്ട്.

യന്ത്രഭാഗങ്ങൾ മൂന്നുദിവസം വെള്ളത്തിനടിയിലായിരുന്നതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഉച്ചയോടെ ഇതു ശരിയാക്കി ഷട്ടർ അടയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പീച്ചി, പൂമല അണക്കെട്ടുകളുടെ ഷട്ടറുകൾ രണ്ട് ഇഞ്ച് താഴ്ത്തി. ഷട്ടറുകൾ 60 ഇഞ്ച് വരെ ഉയർത്തിയതിനെ തുടർന്നു വീടുകൾ മുങ്ങി ക്യാംപുകളിൽ കഴിയുന്നവർക്ക് ഇത് ആശ്വാസമാണ്. പത്താഴക്കുണ്ട് അണക്കെട്ടിന്റേത് ഒരു മീറ്ററും താഴ്ത്തി.

related stories