Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കടലിൽ തളരാതെ കൊച്ചി; സ്നേഹക്കൈകളുമായി ആയിരങ്ങൾ

സിബി നിലമ്പൂർ
rescue-rain-kochi കൊച്ചിയിലെ രക്ഷാപ്രവർത്തനത്തിൽനിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

മലയാളിയുടെ നല്ല മനസ്സിന്റെ നേർക്കാഴ്ചകളാണു ദുരിതാശ്വാസ ക്യാംപുകളിൽ നിന്നെത്തുന്നത്. ഏതെങ്കിലും ക്യാംപിൽ ഭക്ഷണമില്ലെന്ന വാർത്ത കണ്ടാൽ ഉടൻ അവിടേയ്ക്കു ഭക്ഷണപ്രവാഹമാണ്. കൊച്ചി നഗരത്തിലൂടെയോ ദുരിതാശ്വാസ മേഖലകളിലൂടെയോ യാത്ര ചെയ്താൽ കാണുന്ന കാഴ്ചകൾ ഏറെയും ആശ്വാസം നൽകുന്നതാണ്. മുക്കിനുമുക്കിന് ദുരിതാശ്വാസ വസ്തുവകകൾ ശേഖരിക്കുന്നവർ. തലച്ചുമടായും കാറിലും ബൈക്കിലുമെല്ലാം സാധനങ്ങളുമായി ആവശ്യക്കാരെ തേടി അലയുന്നവർ. സഹജീവികൾ നേരിടുന്ന ദുരിതത്തിൽ അവരെ കരകയറ്റുന്നതിനുള്ള പദ്ധതികൾ. അയൽവാസികൾ മുതൽ വിദേശത്തുള്ളവർ വരെ ഒപ്പമുണ്ട്.

സ്നേഹ മെട്രോ

ഓരോ യാത്രയ്ക്കും കൃത്യം കണക്കുവച്ച് ആളെകയറ്റിയിരുന്ന കൊച്ചി മെട്രോ സർവീസ് സൗജന്യമാക്കിയത് അദ്ഭുതപ്പെടുത്തി. അത്ര സുരക്ഷിതമല്ലാത്ത സ്റ്റേഷനുകളിലൊഴികെ എല്ലായിടത്തും മെട്രോ ട്രെയിൻ നിർത്തി ആളുകൾക്കു സൗകര്യമൊരുക്കി. മൂന്നു ദിവസമായി തൊട്ടടുത്ത സ്ഥലത്തുപോലും പോകാനാകാതെ കഷ്ടപ്പെട്ടവർക്ക് ഇത് ആശ്വാസമായി. ആലുവയ്ക്കുള്ള മെട്രോയിൽ ആദ്യ കംപാർട്മെന്റ് പൂർണമായും ഭക്ഷണസാധനങ്ങൾ കയറ്റുന്നതിനും ദുരിതാശ്വാസ പ്രവർത്തകർക്കും മാത്രം.

kochi-rescue-metro കൊച്ചി മെട്രോയിലെ തിരക്ക്.ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ലക്ഷ്യം ക്യാംപുകൾ

ഭക്ഷണ സാധനങ്ങളുമായി പലരും ഇറങ്ങുന്നുണ്ട്. എവിടേയ്ക്കു പോകണം എന്ന കാര്യത്തിൽ വ്യക്തമായ ധാരണയില്ലാതെയാണു പലരും പുറപ്പെടുന്നത്. രണ്ടു പേരുടെ സംഘം മറ്റൊരു സംഘത്തോടു ചോദിക്കുന്നു, – ‘ചേട്ടാ നിങ്ങളെങ്ങോട്ടാ?’ മറുപടിയായി ഏതോ ക്യാംപിന്റെ പേര്. എന്നാൽ ഞങ്ങളും അങ്ങോട്ടു വരാമെന്ന് മറുമൊഴി. എത്തിപ്പെടാവുന്ന ക്യാംപുകളിലെല്ലാം ആളുകൾ സഹായവുമായി ചെല്ലുന്നു. നശിച്ചുപോകുന്ന ഭക്ഷണ സാധനങ്ങൾ വേണ്ട എന്ന മുന്നറിയിപ്പുള്ളതു കൊണ്ടാകാം, ബിസ്കറ്റുകളും നാപ്കിനുകളുമെല്ലാമാണു ബാഗിൽ.

‘ഓൺലൈൻ’ ഭക്ഷണം

കൊച്ചി നഗരത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം സജീവമാണ്. ഊബർ ഈറ്റ്സ് മുതൽ സൊമാറ്റോയും സ്വിഗ്ഗിയുമെല്ലാം ഉൾപ്പെടും. മെട്രോ ട്രെയിനിൽ കണ്ട സൊമാറ്റോ ബാഗുകാരനോടാണു ചോദിച്ചത് ‘ഇതെന്താ മെട്രോ വഴിയാണോ ഭക്ഷണ വിതരണ’മെന്ന്. ‘അല്ല സർ, ഇതെല്ലാം ദുരിതാശ്വാസ ക്യാംപിലേയ്ക്കാണ്’. ‘കമ്പനി വക ഫ്രീയാണോ?’. ‘അല്ല സർ, ഞങ്ങൾ ലീവിലാണ്. പലയിടത്തുനിന്നു ശേഖരിച്ച ഭക്ഷണപ്പൊതികളാണ്’.

kochi-rescue-rain1 റോഡുകളിൽ വെള്ളം കയറുന്നതിനിടെ കൊച്ചിയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ക്യാംപുകളിലെ ‘ബോസ്’

എല്ലാ ക്യാംപിനും ഇൻചാർജായി ഒരാളെങ്കിലുമുണ്ടാകും. സ്ഥലത്തെ പ്രധാന പയ്യൻസ് മുതൽ രാഷ്ട്രീയ പ്രവർത്തകർ വരെ ആരുമാകാമത്. ക്യാംപിലെത്തുന്ന മുഴുവൻ വസ്തുക്കളുടെയും ചുമതല ഇവർക്കാണ്. അമിതമായി സാധനങ്ങൾ ചെലവഴിക്കുന്നത് ഒഴിവാക്കാനും ആവശ്യമുള്ളവ എത്തിക്കുന്നതിനും അവർ പഠിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണവുമായി എത്തുന്നവരെ കാണുമ്പോൾ തന്നെ വിവരങ്ങളുമായി അവർ അടുത്തെത്തും.

വേസ്റ്റാകുന്നു ഭക്ഷണവും

തീരുമാനമെടുക്കുന്നതിലെ പരിചയക്കുറവുകളാണു പലപ്പോഴും ക്യാംപിൽ ഭക്ഷണം പാഴാകാനിടയാക്കുന്നത്. മിക്ക ക്യാംപുകളിലും ഭക്ഷണം പാകം ചെയ്യുന്നതിനു സംവിധാനമുണ്ട്. പാചകത്തിനു വേണ്ട ഉൽപന്നങ്ങൾ എത്തിക്കുന്നതാണു നല്ലത്. ഒരുമയുടെ സൗഹൃദക്കാഴ്ചകൂടിയാണ് ഇപ്പോൾ ഈ പാചകശാലകൾ. അധികം വരുന്ന ഭക്ഷണം തൊട്ടടുത്തുള്ള ക്യാംപിൽ ഒരുപക്ഷേ വേണ്ടി വന്നേക്കാം. അതുകൊണ്ടു കരുതലോടെ അടുത്ത ക്യാംപിലേയ്ക്കു കൂടി ഭക്ഷണം എത്തിക്കാൻ സാധിക്കേണ്ടതുണ്ട്.

ഇതര സംസ്ഥാനക്കാരും രംഗത്ത്

ക്യാംപുകളിൽ അധികവും മലയാളികളാണ്. പ്രളയദുരിതത്തിൽ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ ആരും തേടാത്ത സാഹചര്യമുണ്ടായിരുന്നു. കിട്ടുന്ന ട്രെയിനിൽ നാട്ടിലേയ്ക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ കാത്തുകിടന്ന ഇവരുടെ കാഴ്ചയായിരുന്നു ഏറെ സങ്കടകരം. ഇവർക്കും സഹായഹസ്തവുമായി എത്തുന്ന സുമനസ്സുകളെ കണ്ടു. ഇവരിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാൻ ആദ്യം പലർക്കും മടിയായിരുന്നു. കാശു ചോദിക്കുമോ എന്നായിരുന്നു ആശങ്ക. പിന്നെ കൊച്ചിയുടെ സ്നേഹവായ്പിൽ അവരുമലിഞ്ഞു.

ജില്ല കടന്നെത്തിയ സ്നേഹം

ജലത്താൽ മുറിവേറ്റു കൊച്ചി പകച്ചു നിന്നപ്പോൾ രക്ഷാമാലാഖമാരായെത്തിയവരിൽ നല്ലൊരു പങ്കും മറ്റു ജില്ലകളിലുള്ളവർ. കുട്ടനാട്ടിലും മറ്റു പുഴയോരങ്ങളിലും ജനിച്ചു വളർന്ന, നീന്തലറിയുന്ന കുറെയേറെ പേർ. എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയോടെയാണ് ഇവർ ദുരിതമേഖലയിലെത്തിയത്. പ്രളയജലത്തിൽ കാര്യങ്ങൾ വിചാരിച്ചതിലും ഗൗരവമുള്ളതെന്നറിയാൻ താമസമുണ്ടായില്ല. എന്നിട്ടും ദുരിതനിവാരണത്തിനും രക്ഷാപ്രവർത്തനത്തിനും ഒപ്പം കൂടി. ട്രക്കിങ്ങിലും നീന്തലിലുമെല്ലാം പരിശീലനം കിട്ടിയ സംഘങ്ങളെയും കണ്ടു. ടൂറിസം മേഖലയിലെ കലിപ്സോ സംഘം റാഫ്ടുകളും മറ്റുമായാണു രക്ഷാദൗത്യത്തിനെത്തിയത്.

kochi-rescue-rain കൊച്ചി നഗരത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ചാറ്റു ചെയ്യാൻ മാത്രമല്ല വാട്സാപ്

കൊച്ചിയുടെ രക്ഷാ പ്രവർത്തനത്തിൽ വാട്സാപും ഫെയ്സ്ബുക്കും ചെയ്ത സേവനം നിസ്സാരമല്ല. ഓരോ വ്യക്തിയും കൺട്രോൾ റൂമുകളായി. രക്ഷാപ്രവർത്തകരെയും സേവനം ആവശ്യമുള്ളവരെയും കൂട്ടിമുട്ടിച്ചു വഴിയരികിലും കാറിലും വീട്ടിലും ഓഫീസിലുമെല്ലാം ഇവർ കയ്യും കണ്ണുമെറിഞ്ഞു. സമീപജില്ലകളിൽ നിന്നു രക്ഷാപ്രവർത്തനത്തിന് അണിചേർന്നവരിൽ പലരും ഒത്തുചേർന്നതു വാട്സാപ് ഗ്രൂപ്പുകളിലൂടെ. തകർന്നു പോകാവുന്ന സ്ഥിതിവിശേഷമായിട്ടും ഒരുമിച്ചു നിൽക്കാനും പ്രവർത്തിക്കാനുമുള്ള മലയാളിയുടെ മനസ്സിനെ നിറഞ്ഞ് അഭിനന്ദിക്കുകയാണ് ലോകമിപ്പോൾ. ഒരുമിച്ചു തന്നെ നമ്മൾ അതിജീവിക്കുമെന്ന സന്ദേശമാണു ചുറ്റും.

related stories