Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി; ഇന്ന് സ്പെഷൽ സർവീസുകളും

Kerala-Floods-Boat ആലുവയ്ക്കു സമീപം പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ സംഘം നടത്തിയ രക്ഷാപ്രവർത്തനം.

കൊച്ചി ∙ കേരളത്തിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും വൈകും. എന്നാൽ, കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് രാവിലെ ആറിനു പുറപ്പെട്ടു.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്പെഷൽ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കൽ റിലീഫ് പാസഞ്ചർ ട്രെയിനുകൾ ഒൻപതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതിൽ യാത്രക്കാർക്കും സഞ്ചരിക്കാം.

എറണാകുളം – ഷൊർണൂർ, ഷൊർണൂർ – കോഴിക്കോട്, കൊല്ലം – ചെങ്കോട്ട, തൃശൂർ – ഗുരുവായൂർ, തൃശൂർ – പാലക്കാട് സെക്‌ഷനുകൾ ഗതാഗത യോഗ്യമായിട്ടില്ല. ഷൊർണൂർ – എറണാകുളം സെക്‌ഷനിലെ ഗതാഗതം നിർത്തിവച്ചത് ഞായറാഴ്ച വൈകിട്ടു നാലു മണി വരെ നീട്ടി. അതേ സമയം ഷൊർണൂർ – പാലക്കാട് പാതയും എറണാകുളം – കോട്ടയം – കായംകുളം പാതയും വേഗനിയന്ത്രണത്തോടെ തുറന്നു. ഷൊർണൂർ – കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആയിരക്കണക്കിന് ആളുകളാണു പ്രളയബാധിത ജില്ലകളിൽനിന്നു റെയിൽവേ സ്റ്റേഷനുകളിൽ അഭയം തേടിയിരിക്കുന്നത്. എറണാകുളത്തുനിന്നു പുറപ്പെട്ട എല്ലാ ട്രെയിനുകളിലും കാലു കുത്താൻ ഇടമില്ലാത്ത തരത്തിൽ തിരക്കായിരുന്നു. തിരക്കു പരിഗണിച്ച് ഇന്നലെ രാത്രി 8.30നു വീണ്ടും ചെന്നൈയിലേക്കു ട്രെയിൻ ഓടിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ജില്ല വിടുന്ന സാഹചര്യമാണ്. ഒരു മാസം കഴിഞ്ഞു തിരികെ വന്നാൽ മതിയെന്നാണു തൊഴിലുടമകൾ ഇവരോടു പറയുന്നത്. കിട്ടുന്ന ട്രെയിനിൽ ചെന്നൈയിലെത്തി അവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കു പോകാനാണു തൊഴിലാളികളും വിനോദസഞ്ചാരികളും ശ്രമിക്കുന്നത്. 

ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകേണ്ടവരും തിരുവനന്തപുരത്തുനിന്നു തിരുനെൽവേലി, മധുര വഴിയാണു യാത്ര ചെയ്യുന്നത്. ഇന്നു കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കാൻ ശ്രമിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു.

ഇന്നു രാവിലെ 10നു ചെന്നൈയിലേക്കു സർവീസ് റെയിൽവേ പരിഗണിക്കുന്നുണ്ട്. കൂടാതെ ഹൗറ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ട്രെയിനോടിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു. എറണാകുളം മേഖലയിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രം മൂവായിരത്തിലധികം പേരാണു കുടുങ്ങിയിരിക്കുന്നത്. സ്റ്റേഷനുകളിൽ ജലദൗർലഭ്യവും രൂക്ഷമാണ്.

കോട്ടയം വഴിയുളള സർവീസുകൾ

∙എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്  രാവിലെ ആറിന് പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും നിർത്തും.

∙വേണാട് എക്സ്പ്രസ് രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും.എറണാകുളം വരെ സർവീസ് നടത്തും.എല്ലാ സ്റ്റേഷനുകളിലും നിർത്തും.

∙കൊല്ലം എറണാകുളം മെമു (7.30)

∙എറണാകുളം കൊല്ലം മെമു (2.30)

∙എറണാകുളം തിരുവനന്തപുരം സ്പെഷൽ (രാവിലെ 9.30ന്) 

∙തിരുവനന്തപുരം എറണാകുളം സ്പെഷൽ (ഉച്ചയ്ക്ക് ഒന്നിന്) 

∙56387 എറണാകുളം കായംകുളം പാസഞ്ചർ കൊല്ലം വരെ 

∙56388 കായംകുളം എറണാകുളം പാസഞ്ചർ കൊല്ലത്തു നിന്നു പുറപ്പെടും

∙16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് 5.45ന്.

related stories