Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളത്ത് ജലനിരപ്പ് കുറഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

aluva-water കനത്ത മഴയെ തുടർന്ന് ആലുവ മേഖലയിൽ വെള്ളം കയറിയപ്പോൾ. ചിത്രം: ഇ.വി. ശ്രീകുമാർ

കൊച്ചി∙ എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ജലനിരപ്പ് കുറഞ്ഞതോടെ ആശങ്ക ഒഴിയുന്നു. ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ളയുടെയും ഐജി വിജയ് സാക്കറെയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തില്‍ 54800-ൽ അധികം പേർ സുരക്ഷിത സ്ഥാനങ്ങളിലെത്തി. ശനിയാഴ്ച വൈകിട്ടു വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 

ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ചെറുവഞ്ചികൾ, ബാർജ്, റോ റോ എന്നിവ വഴിയാണു രക്ഷാപ്രവർത്തനം മുന്നേറുന്നത്. ഹെലികോപ്റ്റർ വഴി ആകെ 252 പേരെയാണു രക്ഷപെടുത്തിയത്. 15 പേരെ വ്യോമസേനയും 237 പേരെ നാവികസേനയും ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു. ബോട്ട് മാർഗം 17,347 പേരെയും രക്ഷിച്ചു. ഇതിലേറെയും മൽസ്യത്തൊഴിലാളി ബോട്ടുകൾ രക്ഷപെടുത്തിയവരാണ്. 215 മൽസ്യത്തൊഴിലാളി ബോട്ടുകളാണു ദുരിതത്തിലായ ജനങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനു പരിശ്രമം നടത്തുന്നത്. നാവികസേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. റോഡ് മാർഗം 27,400 പേരെയും രക്ഷിച്ചു. 

ഉച്ചയ്ക്കു ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേർ കുടുങ്ങിക്കിടന്ന വീടുകളിൽനിന്നു പുറത്തെത്തി. കളമശേരി പത്തടിപ്പാലം റെസ്റ്റ് ഹൗസിലെ കൺട്രോൾ റൂമിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണു സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനു വഴിതെളിഞ്ഞത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകൾ, കോസ്റ്റ് ഗാർഡിന്റെ രണ്ടു ഗ്രൂപ്പുകൾ, നേവിയുടെ 17 ട്രൂപ്പുകൾ, കരസേനയുടെ മൂന്ന് ട്രൂപ്പുകൾ എന്നീ സേനാ വിഭാഗങ്ങളെ ദുരിതമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 

ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ക്യാംപുകളിലും ജനങ്ങൾ കുടുങ്ങിക്കിടക്കുന്ന വീടുകളിലും എത്തിക്കുന്നുണ്ട്. 91,340 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഭക്ഷണ വിതരണത്തിനായി നേവിയുടെ രണ്ട് ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്. ആലുവ യുസി കോളജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതർക്കു ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റിൽ നാവിക സേനയുടെ അടുക്കള ആരംഭിച്ചു.

7500 പേർക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. ടോറസുകളിലും ട്രക്കുകളിലുമാണു ദുരിത ബാധിത മേഖലകളിലേക്കു സാധനങ്ങൾ എത്തിക്കുന്നത്. ഇതര ജില്ലകളിൽ നിന്നടക്കം ഡ്രൈവർമാർ ലോറികളുമായി എത്തിയിട്ടുണ്ട്. ജില്ലയിൽ 597 ക്യാംപുകളിലായി 47,138 കുടുംബങ്ങളിലെ 1,81,607 പേരാണു കഴിയുന്നത്. അവസാന വ്യക്തിയെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതു വരെ രക്ഷാപ്രവർത്തനം ഇതേ രീതിയിൽ തുടരുമെന്നും ഭക്ഷണവിതരണം ഊർജിതമായി നടപ്പാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

related stories