Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ വെള്ളം ഇറങ്ങുന്നു; രക്ഷാ പ്രവര്‍ത്തനം ശക്തം

Relief Camp | Kochi കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപുകളി‍ൽ കഴിയുന്നവർ

കൊച്ചി∙ ശനിയാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നു ശുഭകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോെട രക്ഷാ പ്രവര്‍ത്തനം ശക്തമായി. ശനിയാഴ്ച മാത്രം 54 ആളുകളെ രക്ഷപെടുത്തിയതായാണ് കണക്ക്. 

രാവിലെ മുതല്‍ തോരാതെ നിന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നെങ്കിലും ഉച്ചയോടെ മഴ മാറിയതും ആശ്വാസമായി. എറണാകുളത്തു നിന്നും പറവൂര്‍, വടക്കേക്കര വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങള്‍ക്കു കടന്നു പോകാവുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 

തൃശൂര്‍ഭാഗത്തേയ്ക്കു നടത്തിയ പരീക്ഷണ ഓട്ടം വിജയകരമല്ലാതിരുന്നതിനാല്‍ ഇന്നും ഈ ഭാഗത്തേയ്ക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഉപേക്ഷിച്ചു. അതേസമയം വടക്കന്‍ ജില്ലകളില്‍ നിന്നെത്തി എറണാകുളം ഭാഗത്തു കുടുങ്ങിക്കിടക്കുന്നവര്‍ നിരവധിയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ മറ്റുഭാഗങ്ങളിലേയ്ക്കുള്ള  ബസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. കോട്ടയംഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

കടല്‍ക്ഷോഭം ശക്തമായതോടെ എറണാകുളം ടൗണിനു പരിസരപ്രദേശങ്ങളില്‍ വെള്ളം കയറിയതു നഗരത്തിലുള്ളവരെയും ആശങ്കയിലാക്കിയിരുന്നു. ജലവിതരണം മുടങ്ങിക്കിടക്കുന്നതിനാല്‍ നഗരത്തില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. സ്വകാര്യ ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലഭ്യത പര്യാപ്തമല്ല. എറണാകുളം നഗരത്തില്‍ ഇന്നും നിരവധി ക്യാംപുകള്‍ തുറന്നു. എളമക്കര, പോണേക്കര, പച്ചാളം മേഖലകളില്‍ നി്ന്നുള്ളവരെയാണ് ഇന്ന് ക്യാംപുകളിലെത്തിച്ചത്. എറണാകുളം നഗരത്തിലും മറ്റുമായുള്ള ക്യാംപുകളില്‍ ദുരിതാശ്വാസവുമായി നിരവധിപ്പേരാണ് എത്തുന്നത്. ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് ക്യാംപുകളില്‍ നിന്നുള്ള വിവരം. 

ചരക്കു നീക്കം നിലച്ചതിനാല്‍ നഗരത്തിലെ പച്ചക്കറിയുടെയും പലചരക്കിന്റെയും ലഭ്യത കുറഞ്ഞിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്കു ക്ഷാമമുണ്ടാകുമെന്ന പ്രചാരണത്തെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായെത്തി സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതാണു ഭക്ഷണ സാധനങ്ങള്‍ കടകളിലും സൂപ്പര്‍മാര്‍ക്കറ്റിലും തീരുന്ന സാഹചര്യമുണ്ടാക്കിയത്. അതേസമയം മിക്ക പമ്പുകളിലും ഇന്ധന വിതരണം പുനഃസ്ഥാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്നാണ് പ്രവചനം. 

related stories