Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തു റോഡ്, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നു

mc-road-thiruvalla-chengannur-route-1 എംസി റോഡിൽ തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽനിന്ന്. ചിത്രം: നിഖിൽരാജ്.

കോട്ടയം∙ പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച ഗതാഗതതടസ്സം നീങ്ങി സംസ്ഥാനത്തു പലയിടത്തും ആശ്വാസ സർവീസുകൾ. ബോട്ട് സർവീസിനു തടസ്സമില്ല. എറണാകുളം–തൃശൂർ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എംസി റോഡിലും ഗതാഗതം പുനഃസ്ഥാപിച്ചു.

റോഡ്

പത്തനംതിട്ട ∙ പന്തളത്തു വെള്ളക്കെട്ട് കുറഞ്ഞതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചു. മാവേലിക്കര, പത്തനംതിട്ട റോഡുകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ശബരിമല പാതയിൽ ഗതാഗതം നിരോധിച്ചു. ഇടിഞ്ഞുതാഴ്ന്ന മണ്ണാറക്കുളഞ്ഞി- പമ്പ റോഡിലെ ളാഹ -ചാലക്കയം ഭാഗത്തും ഗതാഗതം വിലക്കി. പ്ലാപ്പള്ളി കമ്പകത്തും വളവിലും അട്ടത്തോടിനു സമീപവും റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്നാണു ഗതാഗതം നിരോധിച്ചത്.

∙ തൃശൂർ പാലക്കാട്
യാത്ര പ്രശ്നമില്ല. ഷൊർണൂർ വഴി ഗതാഗതം സുഗമം, കുതിരാൻ വഴി തുറന്നു. ചിലയിടത്തു മണ്ണിടിഞ്ഞുകിടക്കുന്നതിനാൽ സാവധാനം പോകേണ്ടിവരും.

∙ തൃശൂർ കോഴിക്കോട്
യാത്ര ചെയ്യാം. റോഡുകളിലെ വെള്ളമിറങ്ങി.

∙ തൃശൂർ– കാഞ്ഞാണി – വാടനപ്പിള്ളി
യാത്ര സാധ്യമല്ല. കരുവന്നൂർപ്പുഴ വഴിമാറി ഒഴുകിയതിനാൽ ഇപ്പോഴും വെള്ളക്കെട്ടിൽ.

കോഴിക്കോട് ∙ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം ഗതാഗതം പുനഃസ്ഥാപിച്ചു. മലപ്പുറത്ത്, വെള്ളക്കെട്ടുമൂലം പൊന്നാനി– കോഴിക്കോട് പാതയിലും മലപ്പുറം– പരപ്പനങ്ങാടി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.

വയനാട് ∙ ജില്ലയിൽ പാൽചുരം അടച്ചു. പേര്യ ചുരത്തിലും നാടുകാണി ചുരത്തിലും വലിയ വാഹനങ്ങൾക്കു നിരോധനമുണ്ട്. വയനാട് കുറ്റ്യാടി ചുരങ്ങളിൽ ഗതാഗത തടസ്സമില്ല. കണ്ണൂരിൽ പാൽചുരം റോഡിലും നെടുംപൊയിൽ റോഡിലും മണ്ണു നീക്കി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.

പാലക്കാട് ∙ പാലക്കാട് ദേശീയപാതയിൽ കുതിരാൻ വഴി കെഎസ്ആർടിസി ഭാഗിക സർവീസ് ആരംഭിച്ചു.

തിരുവനന്തപുരം ∙ തിരുവനന്തപുരം– കൊട്ടാരക്കര– കോട്ടയം–എറണാകുളം റൂട്ടിൽ കെഎസ്ആർടിസി ഉടൻ സർവീസ് ആരംഭിക്കും. ഭാഗികമായി ദീർഘദൂര സർവീസുകളും കെഎസ്ആർടിസി ആരംഭിച്ചു.

ആലപ്പുഴ ∙ എസി റോഡിലെ പ്രധാന പാലങ്ങൾ ഒഴികെ എല്ലാം വെള്ളത്തിലാണ്. എംസി റോഡിൽ കല്ലിശേരി, മുളക്കുഴ ഭാഗങ്ങളിലും കായംകുളം – പുനലൂർ റോഡിൽ വെട്ടിക്കോട് ഭാഗത്തും അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തകഴി മുതലും മാവേലിക്കര – കോഴഞ്ചേരി സംസ്ഥാന പാതയിലും വെള്ളക്കെട്ടുണ്ട്.

കെഎസ്ആർടിസി

ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ വഴിയുള്ള എംസി റോഡിൽ കെഎസ്ആർടിസി ഗതാഗതം പുനരാരംഭിച്ചു. മറ്റു ഡിപ്പോകളുടെ കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം ബസുകൾ കടന്നു പോകുന്നു. ബസുകൾ എണ്ണത്തിൽ കുറവാണ്. ചെങ്ങന്നൂർ ഡിപ്പോയിലെ ബസുകള്‍ സർവീസ് ആരംഭിച്ചിട്ടില്ല. റോഡിലൂടെ വലിയ വാഹനങ്ങളാണു കടത്തി വിടുന്നത്. ചില ഭാഗങ്ങളിൽ വെള്ളം പൂർണമായി ഇറങ്ങാത്തതാണു കാരണമെന്ന് അധികൃതർ.

കോട്ടയം ∙ എംസി റോഡിലൂടെ സർവീസുകൾ ആരംഭിച്ചു. കുമളി സർവീസ് ഭാഗികം. എത്താൻ കഴിയുന്ന സ്ഥലം വരെ മാത്രം സർവീസ്. കുമരകം, വൈക്കം, റാന്നി, സർവീസുകൾ ആരംഭിച്ചിട്ടില്ല.

സ്വകാര്യ ബസുകൾ മിക്കതും സർവീസ് ആരംഭിച്ചില്ല. 1100 സർവീസുകളിൽ 250 എണ്ണം മാത്രമാണ് സർവീസ് ആരംഭിച്ചത്. മുണ്ടക്കയം, റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, കുമരകം, പരിപ്പ്, അയ്മനം, വൈക്കം തുടങ്ങിയ മേഖലകളിൽ സർവീസ് ആരംഭിച്ചിട്ടില്ല. എംസി റോഡ്, തൊടുപുഴ–പാല റൂട്ടുകളിൽ സർവീസ് തുടങ്ങി.

എറണാകുളം ∙ ആലുവ മാർത്താണ്ഡവർമ പാലം വഴി തൃശൂർ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. എറണാകുളം സ്റ്റാൻഡിൽനിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ടു കെഎസ്ആർടിസി സർവീസുണ്ട്. ഇടപ്പള്ളി– പൻവേൽ ദേശീയപാതയിൽ ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

തൃശൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു സർവീസ് തുടങ്ങി. പട്ടാമ്പി പാലം അപകടവസ്ഥയിലായതിനാല്‍ പാലക്കാട് ഭാഗത്തേക്ക് ഷൊർണൂർ വഴിയാണ് സർവീസ് നടത്തുന്നത്. തൃശൂർ–കുന്നംകുളം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കൊടുങ്ങല്ലൂർ–പറവൂർ ഭാഗത്ത് പുല്ലൂറ്റ് പാലത്തിനു സമീപം വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതം നിരോധിച്ചു.

പാലക്കാട് ∙ ജില്ലയിലെ കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃസ്ഥാപിച്ചതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ അറിയിച്ചു. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പാലക്കാട് നിന്നും കോയമ്പത്തൂർ വഴി അട്ടപ്പാടി മേഖലയിലെ ആനക്കട്ടി, അഗളി വഴി മുക്കാലി വരെ ബസുകൾ ആരംഭിച്ചൂ. തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് കൃത്യമായി കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്.

മണ്ണാർക്കാട് ചുരം റോഡ് തകർന്നതോടെ ഒറ്റപ്പെട്ടുപോയ അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂർ വഴി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്. ദിവസവും മൂന്ന് ബസുകളാണ് ആനക്കട്ടി ഭാഗത്തേയ്ക്ക് അയക്കുന്നത്. പാലക്കാട് നിന്നും മണ്ണാർക്കാട് വഴി ആനമൂളി വരെയും ബസ് സർവീസ് തടസം കൂടാതെ നടത്തുന്നുണ്ട്.

മധുര, തിരുനെൽവേലി, നാഗർകോവിൽ വഴി തിരുവനന്തപുരത്തേയ്ക്ക് നാല് ബസുകൾ സർവീസുകൾ ആരംഭിച്ചു. പ്രധാന പാലമായ കുണ്ടറചോല ഉരുൾപൊട്ടൽമൂലം തകർന്നതിനാൽ നെല്ലിയാമ്പതി മേഖലയിലേക്ക് സർവീസ് ആരംഭിച്ചിട്ടില്ല. കോയമ്പത്തൂർ പൊളളാച്ചി ഭാഗത്തേക്കുള്ള സർവീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, പട്ടാമ്പി ഭാഗത്തേയ്ക്കും സർവീസുകൾ നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് - 0491 2520098

റെയിൽവേ

തിരുവനന്തപുരം ∙ മെഡിക്കൽ റിലീഫ് ട്രെയിനുകൾ തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കു വൈകാതെ പുറപ്പെടും. ദുരിതാശ്വാസ സാധനങ്ങൾ സ്റ്റേഷനുകളിൽ എത്തിച്ചാൽ സൗജന്യമായി ഈ ട്രെയിനുകളിൽ കയറ്റി കൊണ്ടു പോകും. ജില്ലാ കലക്ടർമാർ നിർദേശിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഇവ വിതരണം ചെയ്യുക. ആദ്യ ട്രെയിൻ വൈകാതെ തിരുവനന്തപുരത്തു നിന്നു പുറപ്പെടും.

കൊച്ചി ∙ ഇന്ന് ഉച്ചയ്ക്കു 2.30നും വൈകിട്ട് ആറിനും എറണാകുളത്തു നിന്നുളള ചെന്നൈ സർവീസുകൾ ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്ക് കണക്കിലെടുത്തു ഹൗറ വരെ ഒാടിക്കും. തൊഴിലാളികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു റെയിൽവേ അറിയിച്ചു.

കോഴിക്കോട് ∙ കോഴിക്കോട്– ഷൊർണൂർ റെയിൽ പാത തുറന്നു. ഷൊർണൂർ ഭാഗത്തുനിന്ന് ചെന്നൈ – മംഗളൂരു െമയിൽ രണ്ടുമണിയോടെ കോഴിക്കോട്ടെത്തും. മംഗളൂരു – കോയമ്പത്തൂർ പാസഞ്ചർ കോഴിക്കോട്ടുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് 12.30 നു പുറപ്പെടും. കോഴിക്കോട്– മംഗളൂരു പാസഞ്ചർ സ്പെഷലുകൾ ഉച്ചയ്ക്ക് ഒരുമണിക്കും വൈകിട്ട് അഞ്ചുമണിക്കും പുറപ്പെടും. കോഴിക്കോട് – കണ്ണൂർ പാസഞ്ചർ സ്പെഷൽ 2.05 നും പുറപ്പെടും.

പാലക്കാട് ∙ മൂന്നുദിവസമായി സർവീസ് റദ്ദാക്കിയിരുന്ന മംഗളൂരു- ചെന്നൈ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. മംഗളൂരുവിൽ നിന്ന് പുറപ്പെട്ട ചെന്നൈ മെയിൽ ഉച്ചയ്ക്ക് ഒന്നരയേ‍ാടെ പാലക്കാട് ജംക്‌ഷനിൽ എത്തും.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഉൾപ്പെടെ വൈകുന്നേരത്തേ‍ാടെ സർവീസ് തുടങ്ങും. പാസഞ്ചറുകളും മെമുവും രാത്രിയിൽ സാധാരണ നിലയിലാകുമെന്നുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തിരുവനന്തപുരം ഡിവിഷനിലെ ട്രാക്കുകളിൽ തടസങ്ങളുള്ളതിനാൽ അതുവഴി കടന്നുപേ‍ാകുന്ന സർവീസുകൾ ആരംഭിക്കാൻ ഇനിയും വൈകും. പാലക്കാട് ഡിവിഷനിലെ തടസങ്ങൾ ഏതാണ്ട് മിക്കതും നീക്കം ചെയ്തു.

related stories