Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ മഴ കുറഞ്ഞു; മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകൾ താഴ്ത്തി

idukki-dam-cheruthoni ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ. (ഫയൽ ചിത്രം)

തൊടുപുഴ∙ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച ഇടുക്കിയിൽ മഴ കുറഞ്ഞു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു. സെക്കൻഡിൽ ഏഴു ലക്ഷം ലീറ്റർ വെള്ളം ഒഴുക്കിവിട്ടിരുന്നത് ആറു ലക്ഷമാക്കി കുറച്ചു. നിലവിൽ ഇടുക്കി അണക്കെട്ടിൽ 2401.74 അടിയാണു ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളിൽ എട്ടെണ്ണം പൂർണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടി ആക്കിയും താഴ്ത്തിയിട്ടുണ്ട്.

ചെറുതോണി ഉപ്പുതോട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. തൊടുപുഴ മേഖലയിൽ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചു. കെഎസ്ആർടിസിയും ഭാഗികമായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. 

അതിനിടെ, ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളെക്കുറിച്ച് കുപ്രചരണം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. ഫ്രണ്ട്സ് ഓഫ് അഞ്ചുരുളി എന്ന സംഘടനയുടെ ഭാരവാഹികളായ അരുൺ എം.നായർ, ഡെൻസൺ മാത്യു എന്നിവരാണു അറസ്റ്റിലായത്. ജോയ്സ് ജോർജ് എംപി ചുമതല വഹിക്കുന്ന കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാംപിനെക്കുറിച്ചാണു ഇവർ സമൂഹ മാധ്യമങ്ങളിൽ കുപ്രചരണം നടത്തിയത്. ഇതേക്കുറിച്ച് എംപി പരാതി നൽകിയിരുന്നു.

related stories