Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ രക്ഷകരായി; ഇനി വീടുകളിൽ കരുതലും കാവലും ഒരുക്കാൻ പൊലീസ്

Kerala Police Rescue ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന പൊലീസ് സേനാംഗങ്ങൾ.

തിരുവനന്തപുരം∙ മഴക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍, ഒഴിഞ്ഞു കിടക്കുന്ന വീടുകളിലെ മോഷണം തടയാന്‍ പ്രത്യേക പട്രോളിങുമായി പൊലീസ്. പ്രളയജലം ഇറങ്ങിത്തുടങ്ങിയ മേഖലകളിലെ സ്റ്റേഷനുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ഡിജിപിയുടെ ഓഫിസ് അറിയിച്ചു. പതിവു പട്രോളിങ്ങിനു പുറമേ രാവിലെയും രാത്രിയിലും കൂടുതല്‍ പരിശോധന നടത്തും.

വെള്ളമിറങ്ങിത്തുടങ്ങിയ മേഖലകളില്‍ പല സ്ഥലങ്ങളിലും ജനങ്ങള്‍ക്കു വീടുകളിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ക്യാംപുകളിലും ബന്ധുക്കളുടെ വീട്ടിലും കഴിയുകയാണവര്‍. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. വീടുകള്‍ വൃത്തിയാക്കുന്നതിനും പൊലീസിന്റെ സഹായം ലഭ്യമാക്കും. മഴക്കെടുതിക്കിടയിലും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനായത് പൊലീസിന്റെ നേട്ടമായി.

Kerala-Police-Rescue1 ദുരിതാശ്വാസ വിതരണത്തിനായി തയാറാക്കിയ വസ്തുക്കൾ വാഹനത്തിൽ കയറ്റാൻ സഹായിക്കുന്ന പൊലീസ് സേനാംഗങ്ങൾ.

സഹായം ആവശ്യപ്പെട്ട് ഒന്നര ലക്ഷം സന്ദേശങ്ങളാണ് ഓഗസ്റ്റ് 16 മുതല്‍ 19 വരെ പൊലീസിന്റെ വിവിധ കണ്‍ട്രോള്‍ റൂമുകളിലും വാട്സാപ്പുകളിലും ലഭിച്ചത്. കുറ്റകൃത്യങ്ങള്‍ നടന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. 40,000 പൊലീസുകാരാണു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. 26,000 പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളായി. 53,000 പേരെ സേന രക്ഷിച്ചു. 

മാതൃകയായി കേരള പൊലീസ്

കേരളത്തില്‍ മഴ ശക്തമായ ഒന്‍പതാം തീയതി മുതലാണ് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അണക്കെട്ടുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്. പിന്നീട് മഴ ശക്തമായതോടെ കൂടുതല്‍ പൊലീസിനെ രംഗത്തിറക്കി. 400 ബോട്ടുകളാണ് പൊലീസിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ ദുരിതാശ്വാസത്തിനിറക്കിയത്.

Kerala Police Rescue ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായിക്കുന്ന കേരള പൊലീസ് അംഗങ്ങൾ.

തിരുവല്ല, ചെങ്ങന്നൂർ, എറണാകുളം, ആലുവ അടക്കം പ്രാദേശിക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചുമതല. ഇതിനു പുറമേ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നു. ഡിജിപിയുടെ നേതൃത്വത്തില്‍ മറ്റൊരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇപ്പോള്‍ ദുരിതാശ്വാസ വസ്തുക്കള്‍ ക്യാംപുകളിലെത്തിക്കുന്ന പ്രവര്‍ത്തനവും റോഡുകളിലെ തടസ്സം നീക്കുന്ന ജോലികളുമാണ് പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. 

പൊലീസ് സഹായത്തിനുള്ള ഹെൽപ് ലൈന്‍: 0471-2729999 (പത്തു ലൈനുകള്‍)

Kerala Police Rescue ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായ ഹസ്തവുമായി കേരള പൊലീസ് അംഗങ്ങൾ.
related stories