Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പണം വേണ്ട സർ’‍: ചങ്കിൽതൊട്ട് ഖായിസ്

khais-video

മഹാപ്രളയത്തില്‍നിന്നു കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പ്രതിഫലമൊന്നും ആഗ്രഹിക്കുന്നില്ലെന്ന മത്സ്യത്തൊഴിലാളിയുടെ വിഡിയോ വൈറല്‍. നാവികസേനയ്ക്കു പോലും കടന്നുചെല്ലാന്‍ പറ്റാത്തയിടങ്ങളില്‍ സ്വമേധയാ കടന്നുചെന്നു കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നതില്‍ വിജയകരമായ പങ്കുവഹിച്ച കടലിന്റെ മക്കള്‍ക്ക് പല മേഖലകളില്‍നിന്നും തീരാത്ത അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ സൈന്യം മല്‍സ്യത്തൊഴിലാളികളാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും പണവും വാഗ്ദാനം ചെയ്തു. തകര്‍ന്ന ബോട്ടുകള്‍ നന്നാക്കി നല്‍കാമെന്നും ഉറപ്പു നല്‍കി. എന്നാല്‍ തന്റെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പ്രത്യുപകാരമായി പണം വേണ്ട എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോര്‍ട്ടുകൊച്ചിക്കാരനായ ഖായിസ് മുഹമ്മദ്. ഖായിസ് ഒരു മല്‍സ്യത്തൊഴിലാളിയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഖായിസ് സ്‌നേഹത്തോടെ പണം നിരസിക്കുന്നത്. എന്തായാലും ഖായിസിന്റെ ഈ വാക്കുകള്‍ നന്മ നശിക്കാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മല്‍സ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.

ഞാനും എന്റെ മല്‍സ്യത്തൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാന്‍ കേട്ടിരുന്നു, സാര്‍ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മല്‍സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിനു കാശ് ഞങ്ങള്‍ക്കു വേണ്ട.

സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു’. ഇതാണ് ഖായിസ് മുഹമ്മദിന്റെ വാക്കുകള്‍.

നിരവധിപേരാണ് ഖായിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ വിഡിയോ വളരെയധികം വൈറലുമായി. ‘നിങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കണ്‍കണ്ട ദൈവങ്ങള്‍, രക്ഷകന്മാര്‍’, ‘കടപ്പാട് ഒന്നുകൊണ്ടും വീട്ടാന്‍ കഴിയില്ല’ തുടങ്ങിയ പ്രതികരണങ്ങളാണ് ഖായിസിന്റെ വിഡിയോയ്ക്കു ലഭിക്കുന്നത്.

related stories