Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ കുറഞ്ഞെങ്കിലും ദുരിതം തുടരുന്നു; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ

kochi-thanks രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേന ഗർഭിണിയെ രക്ഷിച്ച കൊച്ചിയിലെ വീടിനു മുകളിൽ ‘നന്ദി’ എന്നു കുറിച്ചിട്ടിരിക്കുന്നു. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

കോട്ടയം∙ കേരളത്തെ വിറപ്പിച്ച മഴപ്പെയ്ത്തിന് ശമനമായെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. ആയിരക്കണക്കിനു പേർ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറി. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും.

ചെങ്ങന്നൂരിൽ പാണ്ടനാട്, വെൺമണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇനിയും ജനത്തെ രക്ഷപ്പെടുത്താനുള്ളത്. തിരുവൻവണ്ടൂർ, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും സ്ഥിതി അതീവഗുരുതരമാണ്. എറണാകുളം ജില്ലയില്‍ പറവൂർ പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഇനിയും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ആലുവയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ആലുവ തുരുത്ത്, ചെമ്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളിഴും പ്രളയക്കെടുതി തുടരുന്നു. തൃശൂരിന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേർപ്പ്, എട്ടുമുന തുടങ്ങിയ ഗ്രാമങ്ങളിലും വലപ്പാട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു.

അധികജലം ഒഴുക്കാൻ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാല്‍ പമ്പയുടേയും കക്കാട്ടാറിന്റേയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത്  മഴകുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും തിങ്കളാഴ്ച പുലർച്ചെ വരെയുള്ള 24 മണിക്കൂറില്‍ അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസമായി.

related stories