Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ വിരുദ്ധ പ്രസ്താവനകളിൽനിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണം: മന്ത്രി ഐസക്

Thomas Issac

ആലപ്പുഴ ∙ ജനങ്ങളുടെ പ്രവർത്തനമാണു ദുരിതാശ്വാസ പ്രവർത്തനത്തില്‍ നിർണായകമായതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സർക്കാരിനുള്ള അംഗീകാരമാണെന്നു മന്ത്രി ജി.സുധാകരൻ. ജനങ്ങളെ സംഘടിപ്പിക്കാൻ സാധിച്ചതു സർക്കാരിൽ അവർക്കുള്ള വിശ്വാസം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരായ പ്രസ്താവനകളിൽനിന്ന് ഈ സമയത്തു പ്രതിപക്ഷ നേതാവ് പിന്മാറണമെന്നു മന്ത്രി തോമസ് ഐസക്. ഇപ്പോൾ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ്. ദുരിതം മാറിയ ശേഷമാകാം ഓഡിറ്റ്. അപ്പോൾ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാമെന്നും ഐസക് പറഞ്ഞു. ചെങ്ങന്നൂരിലെ ദുരിത മേഖലകളിലേക്ക് മന്ത്രി ജി.സുധാകരനും തോമസ് ഐസക്കും കലക്ടർ എസ്.സുഹാസും ഹെലികോപ്റ്റർ മാർഗം പുറപ്പെട്ടു

∙ കുട്ടനാട് മേഖലയിലെ രക്ഷാദൗത്യം പൂർത്തിയായതായി മന്ത്രി തോമസ് ഐസക്. 1.25 ലക്ഷം പേരെ ഒഴിപ്പിച്ചു. 50,000 ത്തോളം പേർ ബന്ധുവീടുകളിലേക്കു പോയി. ഇനി പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് പ്രളയ മേഖലയിൽ. ഇവർ വരാൻ തയാറാകാത്തവരാണ്. ഇതിൽത്തന്നെ നാലായിരത്തോളം പേർ എടത്വ കോളജിലെ ക്യാംപിൽ കഴിയുന്നവരാണ്. മറ്റു രണ്ടു മൂന്നു ക്യാംപുകളിലായി രണ്ടായിരത്തോളം പേരുണ്ട്. സ്വയം ഒഴിഞ്ഞു പോരാൻ സന്നദ്ധരായ എല്ലാവരേയും പുറത്തെത്തിച്ചു.

∙ കുട്ടനാട് മേഖലയിലെ ക്യാംപുകളുടെ നടത്തിപ്പിനായി ജില്ലാതല കൗൺസിൽ രൂപീകരിച്ചു. എല്ലാ ക്യാംപിലും ഓരോ ക്യാംപ് ഓഫിസർമാർക്കു ചുമതല നൽകും. പൊതുവിഭാഗം, ആരോഗ്യം, ഭക്ഷണ ശേഖരണം, വനിതാ ശിശു ക്ഷേമം, വിനോദം, സുരക്ഷ എന്നീ കാര്യങ്ങൾക്കായി ഓരോ അസിസ്റ്റന്റ് ക്യാംപ് ഓഫിസർമാരുമുണ്ടാകും. കുട്ടനാട് താലൂക്കിലെ ആരോഗ്യ, പഞ്ചായത്ത് വകുപ്പ് ജീവനക്കാരെ മുഴുവൻ ക്യാംപ് പ്രവർത്തനങ്ങള്‍ക്കു നിയമിച്ചു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ പഞ്ചായത്തു ജീവനക്കാരുടെ പ്രധാന ജോലി ക്യാംപ് പ്രവർത്തനമായി പുതുക്കി നിശ്ചയിച്ചു.

∙ ക്യാംപിലുള്ളവരുടെ റജിസ്ട്രേഷൻ ഇന്നാരംഭിക്കും. ഡേറ്റാ സെന്ററിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ഓരോ ക്യാംപിലുമെത്തി റജിസ്ട്രേഷന്‍ നടത്തും. ഇതിനു തിരക്കു കൂട്ടേണ്ട കാര്യമില്ല. ബന്ധുവീടുകളിൽ കഴിയുന്നവർക്ക് തൊട്ടടുത്ത ക്യാംപിൽ റജിസ്റ്റർ ചെയ്യാം. അസോഷ്യേറ്റ് അംഗം എന്ന നിലയിൽ ഭക്ഷണം, മരുന്ന് എന്നിവയ്ക്കുള്ള സൗകര്യം ലഭിക്കും.

∙ ക്യാംപുകളിൽ കാഴ്ച കാണാൻ വരുന്നവർ അതു നിർത്തണം. അനുവാദമില്ലാതെ ക്യാംപിൽ പ്രവേശനം നിരോധിച്ചു. പുറത്തു പാകം ചെയ്തെത്തിക്കുന്ന ഭക്ഷണം ക്യാംപുകളിൽ വിതരണം ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യ സാധനങ്ങൾ ജില്ലയിലെ കലക്‌ഷൻ സെന്ററുകളിലേക്ക് എത്തിക്കാം.

∙ ക്യാംപുകളിൽ ശുചിത്വത്തിനായി സാനിറ്റേഷൻ ബ്രിഗേഡ് രൂപീകരിച്ചു. പ്ലാസ്റ്റിക്., പേപ്പർ മാലിന്യം കുറയ്ക്കുന്നതിനായി ക്യാംപിലുള്ളവർക്കു ഭക്ഷണം കഴിക്കാൻ സ്റ്റീൽ പാത്രങ്ങൾ നൽകും.

related stories