Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ 30,000 പേർ ഇനിയും പ്രളയ മേഖലയിൽ; കുട്ടനാട്ടിൽ 10,000 പേർ

chengannur

തിരുവനന്തപുരം∙ പ്രളയദുരിതത്തിൽനിന്ന് ജനങ്ങളെ കരകയറ്റാനുള്ള രക്ഷാദൗത്യം അന്തിമ ഘട്ടത്തിൽ. കുട്ടനാട്ടിലെ രക്ഷാ പ്രവർത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താൻ അഭ്യർഥിച്ച എല്ലാവരെയും എത്തിച്ചു. 30,000 പേർ ഇനിയും പ്രളയ മേഖലയിലുണ്ട്.

എന്നാൽ, ഇവരാരും അപകട പ്രദേശങ്ങളിൽ അല്ലെന്നും പുറത്തേക്കു വരാൻ താൽപര്യം പ്രകടിപ്പിക്കാത്തവരാണെന്നും പൊലീസ് അറിയിച്ചു. ഇവർക്ക് ഇന്നലെയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. ചെങ്ങന്നൂരിലെ പ്രധാനപ്പെട്ട വലിയ ക്യാംപുകളുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു.

വെള്ളമിറങ്ങിത്തുടങ്ങിയ പുത്തൻകാവ്, ആറാട്ടുപുഴ, മാലക്കര പ്രദേശങ്ങളിലേക്കു ചെങ്ങന്നൂരിലെ ക്യാംപുകളിൽ നിന്ന് ആളുകൾ മടങ്ങുന്നുണ്ട്. ഈ ഭാഗത്തുകൂടി നാലാൾപ്പൊക്കത്തിൽ പമ്പ ഒഴുകിയെന്നാണു വെള്ളത്തിന്റെ അടയാളങ്ങളിൽനിന്നു മനസ്സിലാക്കുന്നത്.

കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളിൽ പതിനായിരത്തോളം ആളുകളാണ് ഇനി അവശേഷിക്കുന്നത്. ഇതിൽ നാലായിരത്തോളം പേർ എടത്വ കോളജിലെ ദുരിതാശ്വാസ ക്യാംപിലാണ്. കൂടാതെ വഞ്ചിവീടുകളിൽ താമസിക്കുന്നവരുമുണ്ട്.

പത്തനംതിട്ട ജില്ലയിലെ അപ്പർ കുട്ടനാട് മേഖല ഇപ്പോഴും പ്രളയത്തിലാണ്. നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ വീടുകൾ വെള്ളത്തിലാണ്. വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളതെന്നും ഇന്നു പൂർത്തീകരിക്കുമെന്നും കലക്ടർ അറിയിച്ചു. വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കാൻ രണ്ടാഴ്ച വേണ്ടിവരും.

266 ട്രാൻസ്ഫോമറുകൾ വെള്ളത്തിൽ മുങ്ങി കേടായി. വയനാട്ടിലേക്ക് പാൽചുരം ഒഴികെയുള്ള പ്രധാന പാതകളിൽ ഗതാഗതം സുഗമമാണ്.

related stories