Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.രാജുവിന്റെ വിശദീകരണം തള്ളി; ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ

minister-raju-at-germany മന്ത്രി കെ.രാജു ജർമനിയിൽ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കേരളം പ്രളയക്കെടുതിയിലാണ്ട സമയത്ത് മന്ത്രി കെ.രാജു ജര്‍മനി യാത്ര നടത്തിയതിലെ രാഷ്ട്രീയ വിവാദം മുറുകുന്നു. ഇതു സംബന്ധിച്ച കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നു നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ മന്ത്രി കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിച്ചു. ഇതിനിടെ യാത്രയ്ക്കു പോകുമ്പോള്‍ മന്ത്രിയുടെ വകുപ്പിന്റെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. വകുപ്പ് ചുമതല പി.തിലോത്തമനു കൈമാറിയതാണു വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണു നടന്നതെന്നതും വിവാദത്തിന്‍റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ചു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.

മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുത്തലുണ്ട്. ജര്‍മന്‍ യാത്രയ്ക്കു പാര്‍ട്ടി അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രയ്ക്കു മുന്‍പുണ്ടായ അസാധാരണ സാഹചര്യം പരിഗണിക്കണമായിരുന്നു എന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടി വേണമെന്ന ആവശ്യത്തിലാണു മുതിര്‍ന്ന നേതാക്കള്‍.

ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.

related stories