Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു മണിക്കൂർ കനത്ത മഴയെന്ന് തെറ്റായ സന്ദേശം; പരിഭ്രാന്തരായി ജനം

IMD-Warning കാലാവസ്ഥ നിരീക്ഷണകേന്ദ്രം രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പ്.

തിരുവനന്തപുരം∙ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് തെറ്റായ സന്ദേശം പ്രചരിച്ചത് ആറു ജില്ലകളിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. ആറുജില്ലകളിൽ രാത്രി പത്തു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്പിമാർ കാറ്റിനെ നേരിടാൻ മുന്നൊരുക്കം തുടങ്ങി. ജനങ്ങളും പരിഭ്രാന്തരായി.

രാത്രി 10 മണി മുതൽ മൂന്നു മണിക്കൂർ നേരത്തേയ്ക്കു കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സന്ദേശത്തിൽ തീയതി ഉണ്ടായിരുന്നില്ല. ‘നൗ കാസ്റ്റ്’ എന്നപേരിലാണ് 21നു രാവിലെ 11 മണിയോടെ സന്ദേശം പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് പെട്ടെന്നു നൽകുന്ന മുന്നറിയിപ്പാണ് നൗ കാസ്റ്റ്. രാത്രി കാറ്റടിക്കുമെന്ന പേരിൽ രാവിലെ നൗ കാസ്റ്റ് സന്ദേശം വന്നപ്പോൾ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ ദുരന്ത നിവാരണ അതോറിറ്റി തയാറായില്ല.

ദിവസങ്ങൾക്ക് മുൻപുള്ള കാലാവസ്ഥാ പ്രവചന സന്ദേശം ഇന്നത്തേതെന്ന പേരിൽ ജില്ലകളിലെ വാട്സ് ആപ്് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചത് വൈകുന്നേരത്തോടെയാണ്. ഇതോടെ ആറു ജില്ലകളിലെ ഉദ്യോഗസ്ഥർ മുന്നൊരുക്കം തുടങ്ങി. പലരും ബോട്ടുകളും ക്രെയിനുകളും തയാറാക്കി. എസ്ഐമാർക്ക് എസ്പിമാർ പ്രത്യേക നിർദേശം നൽകി. വയർലസ് സന്ദേശങ്ങളും നൽകി.

രാത്രി കാറ്റടിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചതായും എല്ലാ എസ്എച്ച്ഒമാരും (സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസർമാർ) ജാഗ്രത പുലർത്തണമെന്നും ബോട്ടുകളും ക്രെയിനുകളും റെഡിയാക്കി നിർത്തണമെന്നും പൊലീസിന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിച്ചതോടെ വലിയ പരിഭ്രാന്തിയുണ്ടായി. പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ അതോറ്റിറ്റി ഓഫിസിലേക്കും നിരവധി പേരാണ് വിളിച്ചത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്നും മറ്റു കാര്യങ്ങൾ അറിയില്ലെന്നും കോട്ടയം എസ്പി പറഞ്ഞു. 55 കിലോമീറ്റർ വേഗതയിൽ ആറു ജില്ലകളിൽ കാറ്റടിക്കുമെന്ന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം ഡയറക്ടർ മനോരമ ഓൺലൈനോട് പറഞ്ഞു. ചെറിയ രീതിയിലുള്ള മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എന്നും മറിച്ചുള്ള സന്ദേശങ്ങൾ ദുരന്ത നിവാരണഅതോറ്റിയുടെ പേരിൽ പ്രചരിച്ചത് എങ്ങനെയാണ് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാനം രാത്രി പത്തോടെ ദുരന്ത നിവാരണ അതോറിറ്റി വാർത്താക്കുറിപ്പിറക്കി: നിലവിൽ ഒരു തരത്തിലുള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്തില്ലെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതിനാലാണു വാർത്തക്കുറിപ്പിറക്കുന്നതെന്നും അവർ വ്യക്തമാക്കി.

കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഇന്നത്തെ മുന്നറിയിപ്പ് ഇങ്ങനെ (21–08–2018):

മത്സ്യതൊഴിലാളി ജാഗ്രതാ നിർദ്ദേശം:

കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിമീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള തീരങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 40 കിമീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

ആയതിനാൽ അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് 21/08/2018, 6 മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കും.

related stories