Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ വിമാനങ്ങൾ നിർമിക്കുന്നത് റിലയൻസ് അല്ല: രാഹുലിനോട് അനിൽ അംബാനി

anil-ambani അനിൽ അംബാനി (ഫയൽ ചിത്രം)

മുംബൈ∙ റഫാൽ ഇടപാടിനെക്കുറിച്ചു കോൺഗ്രസിനെ നയിക്കുന്നതു തെറ്റായ വിവരങ്ങളാണെന്നു റിലയന്‍സ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞയാഴ്ച അയച്ച കത്തിലാണ് അംബാനി നിലപാടു വ്യക്തമാക്കിയത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടു റിലയൻസിനെതിരെയുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തീർത്തും അടിസ്ഥാനരഹിതവുമാണ്. തനിക്കെതിരെ വ്യക്തിപരമായി നടക്കുന്ന ആക്രമണങ്ങളിലുള്ള കടുത്ത ആശങ്കയും അനിൽ അംബാനി കത്തിൽ പങ്കുവച്ചതായി റിലയൻസ് ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റ‍ഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

2015 ഏപ്രിലിൽ പ്രധാനമന്ത്രി റഫാൽ ഇടപാടു പ്രഖ്യാപിക്കുന്നതിനു 10 ദിവസം മുമ്പു മാത്രമാണു റിലയൻസ് ഡിഫൻസ് സ്ഥാപിച്ചതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റാണ്. പ്രതിരോധ നിർമാണ മേഖലയിൽ പ്രവേശിക്കുമെന്ന് 2014 ഡിസംബർ – 2015 ജനുവരി കാലയളവിൽ തന്നെ റിലയൻസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നതാണ്. റഫാൽ വിമാനങ്ങൾ വാങ്ങാൻ കരാർ ഉണ്ടാക്കുന്നതിനു മാസങ്ങൾക്കു മുൻപായിരുന്നു ഇത്. 2015 ഫെബ്രുവരിയിൽ തന്നെ ഇക്കാര്യം സ്റ്റോക് എക്സ്ചേഞ്ച് അധികൃതരെ ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചതുമാണ്.

36 യുദ്ധ വിമാനങ്ങളും പൂർണമായും ഫ്രാൻസിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്നതാണ്. ഒരു രൂപ പോലും വിലമതിക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ റിലയൻസ് പങ്കാളികളല്ല. റിലയൻസോ ദസ്സോ – റിലെയൻസ് സംയുക്ത സംരംഭമോ അല്ല വിമാനങ്ങൾ നിർമിക്കുന്നത്. റിലയൻസിന് അനുഭവ സമ്പത്തില്ലെന്ന ആരോപണങ്ങള്‍ അതിനാൽ തന്നെ അപ്രസക്തമാണെന്നും കത്ത് പറയുന്നു. ൩6 റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയവും റിലയൻസ് ഗ്രൂപ്പുമായും യാതൊരു കരാറുമില്ല. റിലയൻസിനു കോടികളുടെ ലാഭമുണ്ടാകുമെന്നതു ചില തത്പര കക്ഷികളുടെ ഭാവനയിൽ വിരിഞ്ഞ കഥ മാത്രമാണെന്നും അനിൽ അംബാനി വ്യക്തമാക്കി.