Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട്ടിൽ വെള്ളത്തിന്റെ മെല്ലെപ്പോക്ക്; വീടുകളിലേക്ക് മടങ്ങാൻ ആഴ്ചകളെടുക്കാം

twins കുട്ടനാട്ടിലെ വീടിന്റെ പടികടന്നു മൂന്നാമത്തെ പ്രളയവുമെത്തിയപ്പോൾ അഞ്ചുമാസം പ്രായമുള്ള ഇരട്ടകളായ ജെയ്കിനെയും ജെസബെലിനെയുമായി വീട്ടുകാർ തുടർച്ചയായി മാറേണ്ടി വന്നതു നാല് അഭയകേന്ദ്രങ്ങളിലാണ്. കൂടപ്പിറപ്പിന്റെ കൈവിടാതെ ആലപ്പുഴയിലെ കരുണാലയ ഹോസ്പീസിലെ ക്യാംപിലാണിവരിപ്പോൾ. ചങ്ങങ്കരി തെക്കുമുറി ജോജോ, ജോളി ദമ്പതികളുടെ മക്കളായ ഇരട്ടകൾക്കു ചേച്ചി ജൂലിയറ്റ് മുത്തം നൽകുന്നു.

കുട്ടനാട് ∙ തുടർച്ചയായ രണ്ടാം ദിവസവും അന്തരീക്ഷം തെളിഞ്ഞതോടെ കായലിലെയും നദികളിലെയും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്നലെ മണിമലയാറ്റിൽ ഒരടിയോളം വെള്ളം കുറഞ്ഞു. 

അണക്കെട്ടുകളിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതു തുടരുന്നതിനാൽ പമ്പയുടെ തീരങ്ങളിലെ ജലനിരപ്പിലെ കുറവ് സാവധാനമാണ്. കായലിൽനിന്നു കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു വർധിച്ചെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതരുടെ നിഗമനം. എന്നാൽ വീടുകളിലെ വെള്ളം പൂർണമായി ഇറങ്ങി സാധാരണ ജീവിതത്തിലേക്ക് എപ്പോൾ മടങ്ങാമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. വെള്ളമിറങ്ങുമ്പോൾ വീടുകൾ വാസയോഗ്യമായിരിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. 

ആളൊഴിഞ്ഞ നിലയിലാണ് കുട്ടനാട്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാനാകാതെ ഏതാനും പേർ മാത്രമാണ് ഈ മേഖലകളിൽ വീട്ടിൽ തുടരുന്നത്. മോഷണശ്രമങ്ങൾ വ്യാപകമാണെന്ന ഭീതിയിൽ ക്യാംപുകളിൽ കഴിയുന്ന പലരും വള്ളങ്ങളിൽ വീടുകളിലെത്തി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷം പലരും ക്യാംപിലേക്കു തന്നെ മടങ്ങി. ജില്ലയിലെ 710 ദുരിതാശ്വാസ ക്യാംപുകളിലും കോട്ടയം ജില്ലയിലെ ക്യാംപുകളിലുമായി കുട്ടനാട്ടിൽനിന്നുള്ള ഒന്നര ലക്ഷത്തിലധികം പേരാണു കഴിയുന്നത്. 

ക്യാംപുകളിലും പ്രളയത്തിലകപ്പെട്ട വീടുകൾക്കും സുരക്ഷ ഒരുക്കുന്നതിനായി ‘ഓപ്പറേഷൻ ജലരക്ഷ’ എന്ന പേരിൽ പൊലീസ് നടപടികൾ സ്വീകരിക്കും. ഇതിനായി മറ്റു ജില്ലകളിൽനിന്ന് അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റോഡ് മാർഗം കുട്ടനാട്ടിലെത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.

related stories