Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സഹായം കിട്ടാതെ പ്രളയബാധിതർ; ഉടന്‍ പണം ലഭ്യമാക്കുമെന്ന് മന്ത്രി

medical-camp ദുരിതാശ്വാസ ക്യാംപിലുള്ളവർക്കായി നടത്തിയ മെഡിക്കൽ ക്യാംപിൽനിന്ന്.

ചെങ്ങന്നൂർ∙ പ്രളയബാധിത മേഖലകളിലെ ക്യാംപുകൾ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴും സർക്കാർ പ്രഖ്യാപിച്ച സഹായം കിട്ടിത്തുടങ്ങിയില്ല.‌ അവശ്യസാധനങ്ങളുടെ കിറ്റിനും ധനസഹായത്തിനും അപേക്ഷിക്കുന്നതിൽ ആശയക്കുഴപ്പമെന്നു ദുരിതബാധിതർ പറയുന്നു. എന്നാൽ മുപ്പതാം തീയതി മുതൽ സഹായം നൽകി തുടങ്ങുമെന്നാണു സർക്കാർ വ്യക്തമാക്കുന്നത്. ക്യാംപില്‍ നിന്നു മടങ്ങുന്ന കുടുംബങ്ങള്‍ക്ക് ഉടന്‍ പണം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തുക അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടില്‍ ഉടന്‍ എത്തും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പണം നല്‍കാന്‍ തടസ്സമുണ്ടാകില്ലെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.

10 ദിവസത്തെ ക്യാംപ് ജീവിതത്തിനുശേഷം വീട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണു പാണ്ടനാട് സ്വദേശിനി കൊച്ചുപെണ്ണ്. ഉടുതുണിയും ചോറ്റുപാത്രവും പോലും ഒഴുകിപ്പോയ വീട്ടിലേക്കു തിരികെ പോകുമ്പോൾ കൊച്ചുപെണ്ണ് ഉൾപ്പെടെ ആയിരങ്ങളുടെ തുടർ ജീവിതം ചോദ്യചിഹ്നമാണ്. അരിയടക്കം അവശ്യ സാധനങ്ങളുടെ കിറ്റ്‌, ബാങ്ക് അക്കൗണ്ടിൽ 10000 രൂപ ഇവയാണു പ്രാഥമികമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കണക്കെടുപ്പ് പോലും തുടങ്ങാത്തതിനാൽ അരോട് ചോദിക്കുമെന്നും വ്യക്തതയില്ല.

എന്നാൽ 30ന് ക്യാംപുകൾ അവസാനിപ്പിക്കുമെന്നും അന്നുമുതൽ സഹായം കൊടുത്തു തുടങ്ങുമെന്നാണു സജി ചെറിയാൻ എംഎൽഎയുടെ ഉറപ്പ്. സഹായം നൽകേണ്ടവരുടെ പട്ടിക റവന്യൂ വകുപ്പിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറയുന്നു. സർവതും നശിച്ച, സാധാരണക്കാരിൽ സാധാരണക്കാരാണ് ഇനി ക്യാംപിൽ അവശേഷിക്കുന്നത്. സർക്കാർ കൈവിടരുതെന്ന് പ്രളയബാധിതർ അപേക്ഷിക്കുന്നു.

related stories